താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/8

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
3
സർഗ്ഗം2
വിരാധദൎശനം.

മഹ്ൎഷിപുംഗവന്മാർ ചെയ്ത ആതിഥ്യം സ്വീകരിച്ച് അവരുടെ അനുമതിയോടുംകൂടി ശ്രീരാഘവൻ ഒരു ദിവസം പ്രഭാതത്തിൽ അവിടെനിന്നു പുറപ്പെട്ടു. പുലി, ചെന്നായ് തുടങ്ങിയ അനേകം മൃഗങ്ങൾ വസിക്കുന്നതും ഒടിഞ്ഞുവീണുകിടക്കുന്ന വൃക്ഷലതകളാൽ മൂടപ്പെട്ട സലിലാശയങ്ങൾകൊണ്ടു ശോഭിക്കുന്നതുമായ ഘോരവനത്തിൽ രാമലക്ഷ്മണന്മാർ സീതയോടുംകൂടെ പ്രവേശിച്ചു. പക്ഷിസംഘത്തോടും ഝില്ലിഝങ്കാരത്തോടും ഘോരമൃഗങ്ങളുടെ സഞ്ചാരവേഗത്തോടും കൂടിയ ആ വനമദ്ധ്യത്തിൽ പൎവ്വതം പോലെ മഹാഗംഭീരനും ഖരനിസ്വനനുമായ ഒരു രാക്ഷസനെ അവർ വീക്ഷിച്ചു. രൂക്ഷനയനങ്ങൾ, വിപുലമായ വക്ത്രം, വിശാലമായ ഉദരം, ബീഭത്സവും വികൃതവുമായ രൂപം, ദീൎഘശരീരം എന്നിവ കൊണ്ടു് ആ രജനീചരൻ എത്രയും ഭയങ്കരനായിരുന്നു. രക്തം ഇറ്റുവീണുകൊണ്ടിരുന്ന ഒരു പുതിയ പുലിത്തോലായിരുന്നു അവൻ ഉടുത്തിരുന്നതു്. സൎവ്വഭൂതങ്ങളും ഭയത്താൽ വിറക്കുമാറു് അവൻ അതിവിസ്തീൎണ്ണമായി വായ് പിളൎന്നു ഗൎജ്ജിച്ചുകൊണ്ടിരുന്നു. സിംഹം, വ്യാഘ്രം, ചെന്നായ്, പുള്ളിമാൻ തുടങ്ങിയ മൃഗങ്ങളുടെ രക്തം പുരണ്ട തലകൾ കോൎത്ത ഒരു ഇരിമ്പുശൂലവും അവൻ തോളിൽ ചാച്ചു പിടിച്ചിരുന്നു. രാമലക്ഷ്മണന്മാരെയും മൈഥിലിയേയും കണ്ടപ്പോൾ അവൻ ഏറ്റവും ക്രുദ്ധിച്ചു് അന്തകനെപ്പോലെ അവൎക്കുനേരെ പാഞ്ഞടുത്തു. ഭൂമി നടുങ്ങുംവണ്ണം അട്ടഹസിച്ചു് ഭൈരവനാദം മുഴക്കിയുംകൊണ്ടു് ആ ഘോരൻ വൈദേഹിയെ ബലാല്ക്കാരമായിച്ചെന്നെടുത്തു. അനന്തരം അവൻ രാമലക്ഷ്മണന്മാരോടിങ്ങിനെ പറഞ്ഞു. "ജടയും ചീരവും ധരിച്ചു് ശരചാപങ്ങളോടുകൂടെ ഭാൎയ്യയൊന്നിച്ചു നിങ്ങൾ ഈ ദണ്ഡകവനത്തിൽ വന്നതു് ആയുസ്സൊടുങ്ങാറായിട്ടാണു്. തപസ്വികൾ പ്രമദയോടുകൂടെ വസിക്കുന്നതെങ്ങിനെ? നിങ്ങൾ അധൎമ്മചാരി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/8&oldid=203250" എന്ന താളിൽനിന്ന് ശേഖരിച്ചത്