താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
2

കളായ ബ്രാഹ്മണരോടും വേദഘോഷത്തോടും കൂടി ബ്രഹ്മപത്തനം പോലെ വിളങ്ങിയിരുന്ന ആ ആശ്രമമണ്ഡലത്തിൽ മഹാദ്യുതിയും വീരശ്രീകനുമായ ശ്രീരാഘവൻ തൻ്റെ വില്ലിൽനിന്നും ഞാൺ തളൎത്തിയിട്ടുംകൊണ്ടു പ്രവേശിച്ചു. ദിവ്യജ്ഞാനികളും ദൃഢവ്രതരും സുധാർമ്മികരുമായ ആ മഹൎഷിവൎയ്യന്മാർ പൂൎണ്ണചന്ദ്രനെപ്പോലെ പ്രകാശിക്കുന്ന രാമലക്ഷ്മണന്മാരെയും വൈദേഹിയെയും കണ്ട് ബഹുവിധമായ അശീൎവ്വചനങ്ങളോടുകൂടെ അവരെ കൈക്കൊണ്ടു. ശരീരസൌഷ്ടവം, സൌകുമാൎയ്യം സുവേഷത്വം, ദിവ്യശ്രീ എന്നിവകൊണ്ടു് അത്ഭുതഗാത്രരായ അവരെക്കണ്ടു് സൎവ്വ വനവാസികളും കണ്ണടക്കാതെ മിഴിച്ചുനിന്നു. സൎവ്വജീവികൾക്കും ഹിതകാരിയായ ശ്രീരാമചന്ദ്രനെ മഹാഭാഗരായ ആ മുനിജനങ്ങൾ തങ്ങളുടെ അതിഥിയായി ആശ്രമത്തിൽ പാൎപ്പിച്ചു. അഭിജ്ഞരും അഗ്നിയെപ്പോലെ തേജസ്വികളുമായ അവർ അതിഥികളെ യഥാവിധി സല്ക്കരിച്ചശേഷം ആ താപസന്മാർ കൈകൂപ്പിയുംകൊണ്ടു ധൎമ്മവത്സലനായ രാമനോടിങ്ങിനെ പറഞ്ഞു. "ഹേ! രാഘവ! അങ്ങുന്നു മഹാ കീൎത്തിമാനും സുപൂജ്യനും രാജാവും ഗുരുവുമാണു്. ധൎമ്മപാലനും ദണ്ഡധരനുമായ ഭവാൻതന്നെയാണ് ഞങ്ങൾക്കു ശരണവും. ലോകനമ്യനായ ഒരു രാജശ്രേഷ്ഠൻ പ്രജകളെ വേണ്ടുംവണ്ണം പാലിക്കുന്നു. പൂജനീയനായ ആ മഹാത്മാവു് ഇന്ദ്രൻ്റെ ചതുൎത്ഥാംശവുമാണ്. പുരത്തിൽ വസിച്ചാലും വനത്തിൽ വസിച്ചാലും പ്രജകളെ പാലിക്കേണ്ടുന്നതു രാജാവല്ലെ. തന്മൂലമാണല്ലൊ അവർ ഉൽകൃഷ്ടധൎമ്മം ഭുജിക്കുന്നതു്. ഹെ! ഭുപ! ന്യസ്തദണ്ഡരും ജിതക്രോധരും ജിതേന്ദ്രിയരുമാണ് ഞങ്ങൾ. ഗൎഭത്തിൽ കിടക്കുന്ന ശിശുക്കളെയെന്നപോലെ അങ്ങുന്നു ഞങ്ങളെ പാലിക്കുക" എന്നിങ്ങിനെ പറഞ്ഞു സിദ്ധരും വൃദ്ധരും വഹ്നിയെപ്പോലെ പ്രകാശിക്കുന്നവരുമായ ആ താപസന്മാർ അവരെ യഥാക്രമം അൎച്ചിച്ചു.













ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/7&oldid=203249" എന്ന താളിൽനിന്ന് ശേഖരിച്ചത്