താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
21

ഒരു മുനിശ്രേഷ്ഠൻ പാൎത്തിരുന്നു. ആ മഹൎഷിവൎയ്യന്റെ തപസ്സിന്നു ഭംഗം വരുത്തേണമെന്നു കരുതി ശചീപതിയായ ഇന്ദ്രൻ ഒരിക്കൽ ഒരു ഭടരൂപം ധരിച്ചു രഥാരൂഢനായി കയ്യിൽ ഒരു ഖൾഗത്തോടുംകൂടെ ആശ്രമത്തിൽ വന്നുചേൎന്നു. അനന്തരം ഭടൻ സുനിശിതവും ശ്രേഷ്ഠവുമായ തന്റെ വാൾ ആ മുനിപുംഗവന്റെ വശം സൂക്ഷിപ്പാൻ ഏല്പിച്ച് ആശ്രമം വിട്ടുപോയി. വിശാസപൂൎവ്വം തന്റെ വശം സൂക്ഷിപ്പാൻ ഏല്പിച്ചിട്ടുള്ള ആ ഖൾഗത്തെ ന്യാസരക്ഷണതല്പരനായ ആ മുനിശ്രേഷ്ഠൻ നിലത്തുവെക്കുകപോലും ചെയ്യാതെ എങ്ങും കൊണ്ടുനടന്നുതന്നെ കാത്തുപോന്നു. കായ്കനികൾ അറുപ്പാനോ മററു സംഗതിവശാലോ ആശ്രമം വിട്ടുപോകുന്ന അവസരങ്ങളിൽപോലും ഖൾഗവും കയ്യിലുണ്ടായിരിക്കും. എവിടെയായാലും എപ്പോഴായാലും വേണ്ടതില്ല, ഖൾഗം എടുക്കാതെ മുനി ആശ്രമം വിടുകയില്ല. ഇങ്ങിനെ സദാ ആയുധം ധരിച്ചുവരികയാൽ ക്രമേണ മുനിയുടെ ബുദ്ധി തപോനിഷ്ഠയിൽനിന്നും പിന്തിരിഞ്ഞു തീരെ രൌദ്രമായ ഹിംസയിൽ ചരിച്ചു കാലാന്തരത്തിൽ ആ താപസോത്തമൻ മത്തപ്രമത്തനായി ധൎമ്മവിവൎജ്ജിതങ്ങളായ കൎമ്മങ്ങൾ യഥേച്ഛം ആചരിച്ചു. ശസ്ത്രസംയോഗം നിമിത്തം ആ മുനിവൎയ്യൻ ഒടുവിൽ നരകത്തിൽ ചെന്നു പതിച്ചതായി കേട്ടിട്ടുണ്ട്. ഹെ! നാഥ! അഗ്നിസംബന്ധം പദൎത്ഥങ്ങൾക്ക് എങ്ങിനെ വികാരഹേതുകമോ അതേവിധമാണു് ശസ്ത്രസംയോഗവുമെന്നു മഹാത്മാക്കൾ വചിക്കുന്നു. ഹെ! ധൎമ്മജ്ഞ! അങ്ങയോടുള്ള സ്നേഹബഹുമാനങ്ങൾകൊണ്ടു ഞാൻ ഇത്രയും പറഞ്ഞതാണു്. ശാസിക്കയല്ല. ഏതുവിധവും ധനുൎദ്ധരനായ അങ്ങയ്ക്കു ദണ്ഡകാരണ്യവാസികളായ രാക്ഷസന്മാരെ വൈരംകൂടാതെ ഹനിപ്പാൻ ഒരിക്കലും ബുദ്ധിതോന്നരുതു്. അപരാധംകൂടാതുള്ള ദണ്ഡത്തെ ലോകം നിന്ദിക്കുന്നു. "ആൎത്തന്മാരായ വനവാസികളെ ത്രാണംചെയ്യുക" ഇതാണു് ക്ഷത്രിയവീരന്മാൎക്കു വില്ലുകൊണ്ടുള്ള കൎത്തവ്യം. ശസ്ത്രമെവിടെ? വിപിനമെവിടെ? ക്ഷാത്രമെവിടെ? തപസ്സെവിടെ ഇവയെല്ലാം പരസ്പരവിരുദ്ധങ്ങളല്ലെ?










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/26&oldid=203104" എന്ന താളിൽനിന്ന് ശേഖരിച്ചത്