താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/23

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
18
സർഗ്ഗം 8
സുതീക്ഷ്ണാശ്രമത്തിങ്കൽനിന്നുള്ള യാത.
--------------

മുനിപുംഗവനായ സുതീക്ഷ്ണനാൽ പൂജിക്കപ്പെട്ട ശ്രീരാഘവൻ ലക്ഷ്മണനോടും സീതയോടുംകൂടെ അന്നു രാത്രി ആ ആശ്രമത്തിൽ താമസിച്ചു. പിറെറന്നു രാവിലെ യഥാകാലം എഴുന്നേററു രാമലക്ഷ്മണന്മാർ സീതയോടുംകൂടെ ഉല്പലഗന്ധിയായ കുളുൎത്ത ജലത്തിൽ ചെന്നു കുളിച്ചു. മഹൎഷിമാരുടെ നിവാസഭൂമിയായ ആ അരണ്യത്തിൽ അവർ സൂൎയ്യോദയം വരെ അഗ്നി തുടങ്ങിയ ദേവന്മാരെ വിധിപൂൎവ്വകം അൎച്ചിച്ചു. ഉദയാനന്തരം വിഗതകന്മഷരായ അവർ സുതീക്ഷ്ണമുനിയുടെ അരികെ ചെന്നു മധുരതരം ഇങ്ങിനെ പറഞ്ഞു. "ഹെ! ഭഗവൻ! സുപൂജ്യനായ നിന്തിരുവടിയുടെ സല്ക്കാരമേററു ഞങ്ങൾ ഇവിടെ സസുഖം വസിച്ചു. ഇനി തിരിച്ചുപോവാൻ അനുജ്ഞ നല്കുക. ഈ മഹൎഷിമാൎക്കും നന്ന ബദ്ധപ്പാടുണ്ടു്. ദണ്ഡകവനത്തിൽ വസിക്കുന്ന പുണ്യശീലരായ മഹൎഷിമാരുടെ ആശ്രമമണ്ഡലം ചെന്നു കാണാൻ ഞങ്ങൾക്കു വളരെ കൌതുകവും ഉണ്ടു്. നിത്യകൎമ്മികളും തപോദാന്തരും ജ്വാലയടങ്ങിയ വഹ്നിപോലെ പ്രകാശിക്കുന്നവരുമായ മഹാമുനിമാരോടുകൂടെ ഭവാൻ ഞങ്ങൾക്കു വിടനൽകുക. അമാൎഗ്ഗത്തൂടെ ആൎജ്ജിച്ചിട്ടുള്ള ഐശ്വൎയ്യം നിമിത്തം മദിക്കുന്ന കുപ്രഭുവെപ്പോലെ അവിഷഹ്യമായ ആതപത്തോടുംകൂടെ സൂൎയ്യൻ ഇപ്പോൾ ഉജ്വലിച്ചുതുടങ്ങും. അതിന്നു മുമ്പായി ഞങ്ങളെ പോവാൻ അനുവദിക്കുക." എന്നിപ്രകാരം പറഞ്ഞു സീതയോടുകൂടെ തന്റെ ചരണങ്ങളിൽ വീണുവണങ്ങുന്ന രാമലക്ഷ്മണന്മാരെ പിടിച്ചെഴുന്നേല്പിച്ചു മുനിപുംഗവൻ അവരെ സസ്നേഹം ആശ്ലേഷം ചെയ്തു. അനന്തരം തപോധനനായ സുതീക്ഷ്ണൻ ഇങ്ങിനെ പറഞ്ഞു. "ഹെ! രാഘവ! സൌമിത്രിയോടും ഛായയെന്നപോലെ ഭവാനെ അനുചരിക്കുന്ന സീതയോടുംകൂടി അങ്ങുന്നു് യഥേച്ഛം യാത്രചെയ്യുക










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/23&oldid=203095" എന്ന താളിൽനിന്ന് ശേഖരിച്ചത്