താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/22

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
17

കേട്ടു് കാശ്യപൻ ബ്രഹ്മാവോടെന്നപോലെ പരാക്രമശാലിയും ആത്മവാനുമായ രാമൻ ഉഗ്രതപസ്സും സത്യവാദിയുമായ സുതീഷ്ണനോടിങ്ങിനെ പറഞ്ഞു. "ഹെ! മഹാമുനെ! ആ ലോകങ്ങളെല്ലാം ഞാൻ ഏറ്റുവാങ്ങിക്കൊള്ളാം. ഈ കാനനത്തിൽ എനിക്കു തക്കൊരു വസതി നിന്തിരുവടി അരുളിച്ചെയ്യേണമെ. അങ്ങുന്നു സൎവ്വത്ര കുശലനും സൎവ്വഭൂതഹിതത്തിൽ തല്പരനുമാണു്. മഹാത്മാവായ ഗൌതമനെന്ന ശരഭംഗനാണു് അങ്ങയെപ്പറ്റി എന്നോടു പറഞ്ഞതു്." എന്നീ വാക്കുകൾ കേട്ടു ലോകവിശ്രുതനായ മഹർഷിപുംഗവൻ സന്തോഷപാരവശ്യത്തോടെ ശ്രീരാഘവനോടു മധുരതരം ഇങ്ങിനെ വചിച്ചു. "ഹെ! രാഘവ! ഋഷിസംഘസങ്കുലമായ ഈ ആശ്രമം സംപൂൎണ്ണഗുണങ്ങളോടുകൂടിയതാണു്. കായ്കനികൾ ഏതു കാലത്തും ഇവിടെ സമൃദ്ധമായുണ്ടാകുന്നു. അങ്ങുന്നു യഥാസുഖം ഇവിടെ വസിക്കുക. ഹെ! മഹാത്മൻ! മൃഗങ്ങൾ കൂടെക്കൂടെ ഇവിടെ വന്നു നിൎഭയം സഞ്ചരിക്കാറുണ്ടു്. തന്നിമിത്തം ചിലപ്പോൾ സമാധി ഭംഗം വന്നുപോകുമെന്നല്ലാതെ മറെറാരുദോഷവും ഈ മൃഗങ്ങളിൽനിന്നും ആശ്രമത്തിനുണ്ടാകാറില്ല. ഇതു കേട്ടു ലക്ഷ്മണാഗ്രജനായ രാമൻ ബാണം സജ്ജമാക്കിയ തന്റെ ഉഗ്രകാൎമ്മുകം ആഞ്ഞുവലിച്ചുകൊണ്ടു് "ഹെ! മഹാഭാഗ! എന്നാൽ ആ മൃഗങ്ങൾ വജ്രതുല്യങ്ങളായ എന്റെ ഈ സുനിശിതശസ്ത്രങ്ങൾക്കു ലക്ഷ്യങ്ങളാകും നിശ്ചയം. പക്ഷെ ഈ കൎമ്മം നിന്തിരുവടിക്കു ഹൃദ്യമായില്ലെന്നു വരാം. ഹെ! സത്യവ്രത! ഏതുകൊണ്ടും ഞാനിവിടെ അധികദിവസം പാൎക്കുന്നില്ല" എന്നിങ്ങിനെ പറഞ്ഞു. അനന്തരം വരദനായ രാമചന്ദ്രൻ സന്ധ്യാവന്ദനത്തിന്നായി പുറപ്പെട്ടു. സന്ധ്യയെ വന്ദിച്ചു തിരിച്ചു പോന്ന ശേഷം മഹത്മാവായ ദാശരഥി സുതീക്ഷ്ണമഹൎഷിയാൽ ആദരപൂൎവ്വം നൽകപ്പെട്ട ശുഭകരമായ താപസാന്നത്തെ ഭക്ഷിച്ച് സീതയോടും ലക്ഷ്മണനോടുംകൂടി അന്നുരാത്രി അവിടെ വസിച്ചു.

--------------












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/22&oldid=203094" എന്ന താളിൽനിന്ന് ശേഖരിച്ചത്