താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/18

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
13

ല്പനേരം എന്നെ വീക്ഷിക്ക. ഉരഗം, ജീൎണ്ണിച്ചുപോയ തന്റെ ത്വക്കിനെയെന്നപോലെ ഞാൻ എന്റെ ഈ ശരീരത്തെ ത്യജിക്കട്ടെ" എന്നിങ്ങിനെ പറഞ്ഞു മന്ത്രവേദിയും മഹാദ്യുതിയുമായ ശരഭംഗൻ ആജ്യം ഹോമിച്ചു് ഹുതാശനങ്കൽ പതിച്ചു. അഗ്നി ആ മഹാത്മാവിന്റെ ജീൎണ്ണിച്ചുപോയ തോൽ, അസ്ഥികൂടം, മാംസം, രക്തം, രോമം, കേശം എന്നിവയെ അരക്ഷണത്തിൽ ദഹിപ്പിച്ചു. ഇതു കണ്ടു രാമലക്ഷ്മണന്മാരും സീതയും ഏററവും വിസ്മയിച്ചു. വെന്തു ഭസ്മമായ ശരഭംഗനാവട്ടെ പാവകന്നു തുല്യം മഹാപ്രഭയോടുകൂടിയ ഒരു കുമാരനായി ഹോമകുണ്ഡത്തിൽനിന്നും എഴുന്നേററു. അനന്തരം ആ മുനിശ്രേഷ്ഠൻ ഋത്വിക്കുകൾക്കും മഹാത്മാക്കളായ മഹൎഷിമാർക്കും സുരന്മാൎക്കും യോഗ്യമായ ലോകങ്ങളെയും പിന്നിട്ടു് ബ്രഹ്മലോകം പ്രാപിച്ചു. ദ്വിജേന്ദ്രനായ ആ പുണ്യകൎമ്മാവു് അനുചരന്മാരാൽ ഉപാസിക്കപ്പെട്ടിരുന്ന പിതാമഹനെ അവിടെ ദൎശിച്ചു. പിതാമഹനും ആ ബ്രാഹ്മണോത്തമനെക്കണ്ടു് നന്ദിയോടെ സ്വാഗതം പറഞ്ഞു.

--------------
സർഗ്ഗം 6
രാക്ഷസവധപ്രതിജ്ഞ
--------------


ശരഭംഗൻ ദിവംഗതാനായ ശേഷം താപസന്മാർ സംഘം ചേൎന്നു് കാകുൽസ്ഥാത്മജനും ജ്വലിതതേജസ്സുമായ രാമനെ പ്രാപിച്ചു. വൈഖാസനർ, ബാലഖില്യർ, സംപ്രക്ഷാളർ, മരീചിപർ, അശ്മകട്ടർ, പത്രാശികളായ ധർമാത്മാക്കൾ, ദന്തോലൂഖർ, ഗാത്രശയ്യയോടുകൂടിയവർ, ശയിക്കാത്തവർ, കണ്ഠംവരെ ജലത്തിൽനിന്നു തപസ്സു ചെയ്യുന്നവർ, വെള്ളം കുടിച്ചു ജീവിക്കുന്നവർ, വായു ഭക്ഷിക്കുന്നവർ, ആകാശനിലയത്തോടു കൂടിയവർ, വെറുംനിലത്തു കിടക്കുന്നവർ, ജപമുള്ളവർ, നിത്യതപസ്വികൾ, പഞ്ചാഗ്നിമദ്ധ്യത്തിൽ തപസ്സു ചെയ്യുന്നവർ എന്നിങ്ങിനെ ബ്രഹ്മതേജസ്സോടും ദൃഢവ്രതത്തോടും കൂടിയ അസംഖ്യം മുനിമുഖ്യന്മാർ ശരഭംഗാ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/18&oldid=203089" എന്ന താളിൽനിന്ന് ശേഖരിച്ചത്