താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/14

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
9

പ്രതാപശാലിയായ ശരഭംഗമുനിയുടെ ആശ്രമം കാണാം. സൂൎയ്യസന്നിഭനായ ആ മഹൎഷിവൎയ്യനെ നിങ്ങൾ വേഗം ചെന്നു ദൎശിക്കുവിൻ. അദ്ദേഹം നിങ്ങളുടെ നന്മക്കു വേണ്ടുന്ന സൎവ്വകാൎയ്യങ്ങളും ചെയ്തുതരും. എന്നെ കുഴിച്ചിട്ടു് നിങ്ങൾ സസുഖം അങ്ങോട്ടു ചെല്ലുക. മരിച്ചുപോയ രക്ഷസ്സുകൾക്കു ചെയ്യേണ്ടുന്ന ശാശ്വതമായ ധൎമ്മം അതാണു്. മരിച്ചവരെ കുഴിച്ചിടുന്നവർ സനാതനമായ ലോകത്തെ പ്രാപിക്കുന്നു". ബലവാനായ വിരാധൻ ശരീരസംപീഡയോടെ കകുൽസ്ഥാത്മജനോടിങ്ങിനെ പറഞ്ഞുംകൊണ്ടു സ്വശ്രീരം പരിത്യജിച്ച് സ്വൎഗ്ഗത്തിൽ ചെന്നുചേൎന്നു. അനന്തരം പരാക്രമശാലിയായ ശ്രീരാഘവൻലക്ഷ്മണനോടു് "കുമാര! ഘോരമൂൎത്തിയായ ഈ രാക്ഷസന്നു് ഭയങ്കരഗജത്തിന്നെന്നപോലെ ഇവിടെ ഒരു കുഴി കുഴിക്ക" എന്നിങ്ങിനെ ആജ്ഞാപിച്ചു് വിരാധന്റെ സ്കന്ധത്തിൽ ചവിട്ടിനിന്നു. ഉടനെ മഹാമതിയായ ലക്ഷ്മണൻ വിരാധന്റെ സമീപത്തായി വലിയൊരു കുഴിയുണ്ടാക്കി. സുസ്ഥിരവിക്രമരായ രാമലക്ഷ്മണന്മാർ അത്യുത്സാഹത്തോടെ യുദ്ധത്തിൽ മറിഞ്ഞുവീണു ഘോരതരം ഗൎജ്ജിച്ചുകൊണ്ടിരിക്കുന്ന ശങ്കുകൎണ്ണനായ ആ രാക്ഷസനെ ഖനിയിൽ ഉരുട്ടിത്തള്ളി. ശസ്ത്രാവദ്ധ്യനായ അവനെ രാമലക്ഷ്മണന്മാർ ഇങ്ങിനെ കുഴിച്ചുമൂടി നശിപ്പിച്ചു. യുദ്ധത്തിൽ രാഘവകരങ്ങൾകൊണ്ടു തന്നെ തനിക്കു മൃത്യു സംഭവിക്കേണമെന്ന ഇച്ഛകൊണ്ടാണു് ആ വനചരൻ താൻ ശസ്ത്രംകൊണ്ടു വദ്ധ്യനല്ലെന്നുള്ള യാഥാൎത്ഥ്യം ശ്രീരാഘവനെ അറിയിച്ചതു്. ആ വാക്കുകൾകൊണ്ടുതന്നെയാണു് ദാശരഥി അവനെ കുഴിയിലിട്ടു മൂടി കൊല്ലുവാൻ തീൎച്ചയാക്കിയതും. ഖനിയിൽ വീണുകിടക്കുന്ന ആ ആശരനാകട്ടെ ഉഗ്രതരമായ തൻ്റെ ഗൎജ്ജനങ്ങൾകൊണ്ടു ഗഹനം മുഴക്കി. അനന്തരം വിഗതഭയരായ രാമലക്ഷ്മണന്മാർ തങ്ങളുടെ കാഞ്ചനചിത്രകാൎമ്മുകങ്ങളോടും വൈദേഹിയോടുംകൂടെ അംബരത്തിൽ ആദിത്യചന്ദ്രന്മാരെന്നപോലെ ആ മഹാവനമദ്ധ്യത്തിൽ വിളങ്ങി.













ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/14&oldid=203264" എന്ന താളിൽനിന്ന് ശേഖരിച്ചത്