താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


132

സുഖിച്ചിരിക്കാമെന്നു് നീ കരുതുന്നുവൊ. സൂചികൊണ്ടാണല്ലൊ നീ നിന്റെ അക്ഷി തുടപ്പാൻ ശ്രമിക്കുന്നതു്. തീക്ഷ്ണമായ ഖൾഗമുനയെ നീ നാവുകൊണ്ടു് നക്കുന്നു. രാഘവപത്നിയെ പ്രാപിപ്പാൻ നീ കൊതിക്കേണ്ട. വലിയ ശിലയും വഹിച്ചുകൊണ്ടു് സമുദ്രം കടക്കാമെന്നു നീ കരുതരുതു്. സൂൎയ്യചന്ദ്രന്മാരെ കരംകൊണ്ടു പിടിപ്പാൻ ഒരിക്കലും നിനക്കു സാദ്ധ്യമല്ല. രാമന്റെ പ്രാണവല്ലഭയെ പ്രധൎഷണം ചെയ്‌വാനാണല്ലൊ നിന്റെ ഭാവം. കത്തിജ്വലിക്കുന്ന വഹ്നിയെ വസ്ത്രത്തിൽ പൊതിഞ്ഞെടുപ്പാൻ നീ കൊതിക്കുന്നു. ഹെ! രാവണ! മംഗളവൃത്തയായ രാമപത്നിയെ ലഭിപ്പാൻ നീ ഇച്ഛിക്കുന്നു; കഷ്ടം!. ഇരിമ്പുശൂലത്തിന്റെ മുനയിൽ ചവിട്ടി നടപ്പാനാണല്ലൊ നിന്റെ ആഗ്രഹം. രാമപ്രിയയെ അപഹരിച്ചുകൊണ്ടുപോകാമെന്ന നിന്റെ വിചാരം നിഷ്ഫലം‌തന്നെ. സിംഹവും സൃഗാലനുമെന്നപോലെയും, സമുദ്രവും തോടുമെന്നപോലെയും, ഉൽകൃഷ്ടമദ്യവും പുളിച്ച കാടിയുമെന്നപോലെയും നിനക്കും രാമന്നും തമ്മിൽ അന്തരമുണ്ടു്. സുവൎണ്ണത്തിന്നും ഈയ്യത്തിനുമെന്നപോലെയും, ചന്ദനവെള്ളത്തിന്നും ചളിവെള്ളത്തിന്നുമെന്നപോലെയും, ഹസ്തിക്കും ബിഡാലനുമെന്നപോലെയും ഹെ! രാവണ! നിനക്കും ദാശരഥിക്കും തമ്മിലുള്ള വ്യത്യാസം അല്പമല്ല. വായസവൈനതേയന്മാരെപ്പോലെയും, മയൂരനീൎക്കോഴികളെപ്പോലെയും, സാരസഗൃദ്ധ്രങ്ങളെപ്പോലെയും ദശരഥാത്മജനും നീയും തമ്മിൽ വ്യത്യസ്തരാണു്. അമരേന്ദ്രസമാനനും കാൎമ്മുകബാണഹസ്തനുമായ ആ രാജവീരൻ ഇരിക്കെ, നീ എന്നെ ഹരിക്കയൊ. തണ്ഡുലഭ്രാന്തിയോടെ മധുമക്ഷിക ഭക്ഷിക്കുന്ന വൈരക്കല്ലു് അതിന്നു് ദാഹിക്കാറുണ്ടൊ." നിഷ്കളങ്കയായ സീത ദുസ്സഹമായ ദുഃഖത്തോടുകൂടിയാണു് ഇപ്രകാരമെല്ലാമുരചെയ്തതു്. കൊടുങ്കാററിൽ കദളിവാഴപോലെ വ്യഥയാൽ ആ മനോഹരയുടെ ഗാത്രം ഉലഞ്ഞുപോയി . ഇങ്ങിനെ ഭയന്നു വിറക്കുന്ന സീതയിൽ പ്രതിഭയം വൎദ്ധിപ്പിക്കേണ്ടതിന്നായി, അന്തകതുല്യനായ ആ നിശിചരൻ തന്റെ കുലം, ബലം, നാമം, ഉഗ്രകൎമ്മങ്ങൾ ഇന്നിവയെല്ലാം വിസ്തരിച്ചുകൊണ്ടു് ഇങ്ങിനെ പറഞ്ഞുതുടങ്ങി.

--------------
Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/137&oldid=203509" എന്ന താളിൽനിന്ന് ശേഖരിച്ചത്