താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
131

യ്യുന്ന ആ പുരം സാഗരവാരിയാൽ ചുററപ്പെട്ടതുമാണു്. ഹെ! ഭാമിനി! എന്നോടൊന്നിച്ചു്, നിനക്കവിടെയുള്ള പൂഞ്ചോലകളിൽ വിഹരിക്കാം. പിന്നെ ഈ അരണ്യവാസത്തിൽ നിനക്കൊരിക്കലും രതിയുണ്ടാകയില്ല. ഹെ! വൈദേഹി! നീ എന്റെ ഭാൎയ്യയായിബ്ഭവിക്കുക. സൎവ്വാഭരണവിഭൂഷിതകളായ അസംഖ്യം ദാസിമാർ എപ്പോഴും പരിചരിക്കും." രാവണന്റെ ദുസ്സഹമായ ഈ ദുരുക്തികൾ കേട്ടു്, ചാരുഗാത്രിയായ ജനകജ എത്രയും കുപിതയായി. രാക്ഷസേശ്വരനെ തീരെ അവഗണിച്ചു്, അവൾ അവനോടിങ്ങിനെ മറുപടി പറഞ്ഞു. "ഹെ! രാവണ! മഹാഗിരി പോലെ ഒട്ടും കുലുക്കമില്ലാത്തവനും മഹേന്ദ്രസമാനനുമാണു് എന്റെ ഭൎത്താവായ രാമചന്ദ്രൻ. മഹാൎണ്ണവംപോലെ അക്ഷോഭ്യനായ ആ പ്രഭുവിന്റെ ധൎമ്മദാരങ്ങളാണു് ഞാൻ. സൎവ്വലക്ഷണസമ്പന്നനും ന്യഗ്രോധം കണക്കെ പ്രാണികൾക്കെല്ലാം ആശ്രയവുമായ രാമന്റെ, ധൎമ്മചാരിണിയായ വല്ലഭയാണു് ഞാൻ. സത്യസന്ധനും മഹാഭാഗനുമായ ആ പുരുഷപുംഗവനെ ആശ്രയിച്ചാണു് ഞാൻ വസിക്കുന്നതു്. മഹാബാഹുവും മഹോരസ്കനും ശാൎദ്ദൂലവിക്രാന്തനും രഘുവംശാലങ്കാരവുമായ രാമന്റെ അനുവ്രതയാണു് ഞാൻ. പൂൎണ്ണേന്ദുവദനനും മഹാമനസ്കനുമായ രാമൻതന്നെയാണു് എനിക്കു് ഈശ്വരനും. എന്നാൽ ഹെ! രാവണ! നീയൊ, സുദ്ൎല്ലഭയായ സിംഹിയെ ജംബുകനെന്നപോലെ, എന്നെക്കാമിക്കുന്നു. വികൎത്തനപ്രഭയെയെന്നപോലെ നിനക്കു് സപൎശിപ്പാൻ തക്കവളല്ല രാമപത്നി. ആസന്നമൃത്യുവായ നിനക്കുതുല്യം മന്ദഭാഗ്യരായുള്ളവർ അസംഖ്യം കാഞ്ചനവൃക്ഷങ്ങൾ കാണുന്നു. ഹെ! രാവണ! നീ രാമമഹിഷയെക്കാമിക്കുന്നുവല്ലൊ. ക്ഷുധിതനും മൃഗരിപുവുമായ ഭയങ്കരസിംഹത്തിന്റെ വക്ത്രത്തിൽനിന്നും അതിന്റെ ദംഷ്ട്രം പറിപ്പാനാണു് നീ കൊതിക്കുന്നതു്. ഉഗ്രസൎപ്പത്തിന്റെ വായിൽ നിന്നും വിഷപ്പല്ലു പൊരിച്ചെടുപ്പാൻ നീ ഇച്ഛിക്കുന്നു. മഹത്തായ മന്ദരപൎവ്വതത്തെ കയ്യിലെടുത്തുകൊണ്ടു് യഥാസുഖം പോകാമെന്നാണൊ നിന്റെ വിചാരം. കാളകൂടവിഷത്തെപ്പാനംചെയ്തു


Wiki.png

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/136&oldid=203508" എന്ന താളിൽനിന്ന് ശേഖരിച്ചത്