താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/130

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
125

.

സർഗ്ഗം 46
രാവണാഗമനം
--------------

സീതാദേവിയുടെ ഈ ദാരുണമൊഴികൾ കേട്ടു ക്രുദ്ധിച്ചു് രാഘവാനുജൻ ഒട്ടും സമാധാനമില്ലാതെതന്നെ, അഗ്രജനെത്തിരഞ്ഞു പുറപ്പെട്ടു. തൽക്ഷണം അവസരം നോക്കിനിന്നിരുന്ന ദശഗ്രീവൻ ഒരു ഭിക്ഷുവേഷം ധരിച്ചു് ദേവിയുടെ മുമ്പിൽ വന്നു ചേൎന്നു. ശിഖ, ഛത്രം, മെതിയടി, ഒളിയുള്ള കാഷായവസ്ത്രം, ഇടത്തെ തോളിൽ തൂങ്ങിക്കിടക്കുന്ന ശുഭ്രമായ കമണ്ഡലു, യോഗദണ്ഡു് എന്നിവ ധരിച്ചാണ് അവൻ ആ ഉത്തമയുടെ മുമ്പിൽ ആഗമിച്ചത്. സൂൎയ്യചന്ദ്രന്മാർ വെടിഞ്ഞ സന്ധ്യയെ മഹാതമസ്സെന്നപോലെ, രാമലക്ഷ്മണന്മാർ വേർപെട്ടുപോയ വൈദേഹിയെ വീൎയ്യാഢ്യനായ അവൻ ചെന്നണഞ്ഞു. കഠിനനും ഹീനനുമായ ക്രൂരഗ്രഹം ശശാങ്കനെപ്പിരിഞ്ഞ രോഹിണിയുടെ സമീപത്തെന്നപോലെ, ബാലയും യശസ്വിനിയുമായ ആ മനസ്വിനിയുടെ സമീപം, രാത്രിഞ്ചരനായ രാവണൻ ചെന്നുനിന്നു. ശനി, ചിത്രനക്ഷത്രത്തിന്നു നേരെയെന്നപോലെ തന്റെ ഭൎത്താവിനെച്ചിന്തിച്ചു് വിഷാദിച്ചുകൊണ്ടിരുന്ന സീതയുടെ മുമ്പാകെ ദുഷ്ടാഗ്രിണിയായ അവൻ, ശിഷ്ടവേഷത്തിൽ പ്രവേശിച്ചു. ഉഗ്രതേജസ്വിയും, ഉഗ്രകൎമ്മിയും രക്തനേത്രനുമായ ദശഗ്രീവന്റെ ഈ കോപമുഖം കണ്ടു്, ജനസ്ഥാനത്തിൽ നിരന്നുനിന്നിരുന്ന സൎവ്വ ഭൂരുഹങ്ങളും, സംഭ്രമം പൂണ്ടു് ചലനമില്ലാതെ സ്തംഭിച്ചു. ശീഘ്രസ്രോതസ്സായ ഗോദാവരി സഹതാപം കൈക്കൊണ്ടു് മന്ദം മന്ദം ചിരിച്ചതേ ഉള്ളൂ. പുല്ലു മൂടിയ കൂപംകണക്കെ മഹാപാതകിയായ രാവണൻ, രുചിരദന്തോഷ്ഠയും, പൂൎണ്ണചന്ദ്രമുഖിയും, ബാഷ്പശോകക്ലിന്നയും, കീൎത്തിമതിയും, കല്യാണഗാത്രിയും, രാഘവപൎണ്ണശാലയിൽ വസിക്കുന്നവളുമായ ആ ഉൽകൃഷ്ടയെ നിൎന്നിമേഷനായി അല്പനേരം നോക്കി നിന്നു. അനന്തരം ദുഷ്ടതയാൽ ആ നിശീഥിനീചരൻ പത്മപ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/130&oldid=203471" എന്ന താളിൽനിന്ന് ശേഖരിച്ചത്