താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/118

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
113

ൎണ്ണനിൎമ്മിതമായ ആ രഥത്തിൽനിന്നിറങ്ങി, മാരീചന്റെ കൈക്കുപിടിച്ചുകൊണ്ടു് അവനോടിങ്ങിനെ പറഞ്ഞു. "ഹേ! മാരീച! കദളിത്തോട്ടം ചുഴന്നുള്ള രാമാശ്രമം അതാ കാണുന്നു. സഖേ! നാം വന്ന കാൎയ്യം വേഗത്തിൽ നിൎവ്വഹിക്കുക." രാവണന്റെ ഈ വാക്യങ്ങൾ കേട്ടു മാരീചൻ, ഒരു മൃഗരൂപം പൂണ്ടു്, രാമാശ്രമദ്വാരത്തിൽ ചെന്നു സഞ്ചരിച്ചു. ശ്രേഷ്ഠരത്നംപോലുള്ള ശൃംഗാഗ്രങ്ങൾ, രക്തോല്പലവൎണ്ണമാൎന്ന മനോഹരമുഖം, അതിൽ വെളുപ്പും കറുപ്പും കലൎന്ന പാണ്ടുകൾ, ഇന്ദീവരശോഭയൊത്ത കാതുകൾ, അല്പം ഉന്നതമായ കഴുത്തു്, ഇന്ദ്രനീലാഭപൂണ്ട അധരങ്ങൾ, മുല്ലപ്പൂ, തിങ്കൾ, വജ്രം എന്നിവയുടെ കാന്തിയെ അതിശയിക്കുന്ന ഭാസ്വരമായ ഉദരം, മധൂകപുഷ്പസങ്കാശമുള്ള പാൎശ്വങ്ങൾ, പത്മംപോലെ കാന്തമായ നിറം, വൈഡൂൎയ്യപ്രഭയാൎന്ന ഖുരങ്ങൾ, സുഘടിതങ്ങളും രമ്യങ്ങളുമായ ജാനുജംഘകൾ, ഊൎദ്ധ്വഭാഗം ഇന്ദ്രായുധശോഭയോടെ വിളങ്ങുന്ന പുച്ഛം, നാനാരത്നംകണക്കെ സ്പഷ്ടമായി പ്രകാശിക്കുന്ന പുള്ളികൾ ഇങ്ങിനെ അത്ഭുതവും പ്രശാന്തസുന്ദരവുമായ ഒരു മാനിന്റെ വേഷമാണു് ആ രാക്ഷസൻ ക്ഷണത്തിൽ കൈക്കൊണ്ടതു്. തന്നിമിത്തം ആ ആശ്രമവനമാകട്ടെ, ദുൎന്നിരീക്ഷ്യമായ ശോഭ കൈക്കൊണ്ടു. ഇങ്ങിനെ രമണീയവും ദൎശനീയവുമായ ആ വേഷത്തോടെ മാരീചൻ സീതയെ പരിഭ്രമിപ്പിപ്പാനായി വിവിധ ധാതുദ്രവ്യങ്ങൾ നിറഞ്ഞു് വിചിത്രിതമായി ശോഭിക്കുന്ന ആ കാനനത്തിലെ പുല്ലുകളിന്മേൽ സഞ്ചരിച്ചു. രജതബിന്ദുക്കൾ മിന്നുന്ന ശരീരകാന്തിയോടെ എത്രയും രമ്യമായ ആ മൃഗം വിടപികളിൽ നിന്നു് തളിരിലകൾ കടിച്ചുതിന്നുകൊണ്ടു് വിപിനംനീളെ നടന്നുകൊണ്ടിരുന്നു. സീത തന്നെ സന്ദൎശിക്കേണ്ടതിന്നായി രാമാശ്രമത്തിന്നു സമീപമുള്ള കദളീവനങ്ങൾ, കൎണ്ണികാരത്തോപ്പുകൾ മുതലായ സൎവ്വ സ്ഥലത്തും രാജീവചിത്രപൃഷ്ഠത്തോടുകൂടിയ ആ മൃഗം സ്വച്ഛന്ദം സഞ്ചരിച്ചു. അല്പദൂരം വളരെ ബദ്ധപ്പെട്ടും പെട്ടെന്നു്, പിന്തിരിഞ്ഞു മന്ദമായും വീണ്ടും മുമ്പോട്ടു ചെന്നു് ആശ്രമമൃഗങ്ങളോടു ചേൎന്നും മായാരൂപിയായ ആ കാഞ്ചനമൃഗം അ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/118&oldid=203387" എന്ന താളിൽനിന്ന് ശേഖരിച്ചത്