താൾ:Bhasha gadya Ramayanam Aaranya kandam 1934.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
108

വാക്കുകൾ കേട്ടു് സുഹൃത്തുക്കൾ, രാജ്യം, മാതാപിതാക്കന്മാർ എന്നിവരെപ്പോലും പരിത്യജിച്ചു് വനം പ്രാപിച്ചവനല്ലെ, ഈ രാമൻ. നിന്റെ സാഹായ്യമുണ്ടെങ്കിൽ, ഖരഘാതിയായ ആ രാമന്റെ പ്രാണപ്രിയ സീതയെ, ഞാൻ നിശ്ചയമായും കരസ്ഥമാക്കും. ഹെ! മാരീച! ഞാൻ ഇപ്രകാരമെല്ലാമാണു്, തീർച്ചയാക്കീട്ടുള്ളതു്. എന്റെ ഈ നിശ്ചയത്തെ അന്യഥാ ചെയ്‌വാൻ ദേവാസുരന്മാൎക്കും, ശക്യമല്ല. ദോഷഗുണങ്ങളെപ്പററി നിന്നോടു ചോദിക്കുന്നുവെങ്കിൽ, അപ്പോൾ നീ, എന്നെ ഈ വിധം ഉപദേശിക്കുക. തന്റെ ശ്രേയസ്സിൽ കൊതിയുള്ള ബുദ്ധിമാനായ ഒരു സചിവനോടു്, അപായോപായങ്ങളെപ്പററി രാജാവു ചോദിച്ചാൽ, അനുകൂലമായും മൃദുവായും ഉപചാരത്തോടുകൂടിയും മാത്രമേ, അവൻ, ഹിതം പോലും പറയവൂ. ഹേ! ആശര! വിനയമില്ലാതെ വചിക്കുന്ന അനാദരവാക്കുകളെ മാനാൎഹനായ ഏതൊരു പാൎത്ഥിവൻ അഭിനന്ദിക്കും. ഉഷ്ണം, പരാക്രമം, സൌമ്യം, ദണ്ഡം, പ്രസന്നത എന്നീ പഞ്ചധൎമ്മങ്ങൾ കൊണ്ടു്, അഗ്നി, ഇന്ദ്രൻ, ചന്ദ്രൻ, യമൻ, വരുണൻ എന്നീ അഞ്ചു ദേവന്മാർക്കു തുല്യനാണു്, പാൎത്ഥിവൻ. ആ ധൎമ്മങ്ങളെ ആ പ്രഭു, യഥാകാലം എടുത്തു പെരുമാറുകയും ചെയ്യുന്നു. അതിനാൽ, ഹേ! മാരീച! ഏതവസ്ഥ നോക്കിയാലും പാൎത്ഥിവന്മാർ, മാന്യരും സുപൂജ്യരുമാണു്. ദുരാത്മാവായ നീയോ - ധൎമ്മം അറിയാതെ കേവലം മോഹത്തിൽ അടിപെട്ടു്, എന്നോടു പരുഷവാക്കുകൾ പറവാൻ ഒരുങ്ങുന്നു. ദോഷഗുണങ്ങളെപ്പററിയോ, ഞാനിപ്പോൾ ചെയ്യേണ്ടതെന്തെന്നോ, നിന്നോടു ചോദിച്ചിട്ടില്ല. നിനോടിത്രമാത്രമാണു് ഞാൻ പറയുന്നതു്. "ഈ മഹത്തായ കൃത്യത്തിൽ നീ, എന്നെ സഹായിക്കുക." ഏതു വിധത്തിലാണു് നീ എന്നെ സഹായിക്കേണ്ടതെന്നും ഞാൻ പറയാം; കേട്ടുകൊൾക. രജതബിന്ദുക്കളാൎന്ന മനോഹരമായൊരു പൊൻമാനിന്റെ രൂപം ധരിച്ചു് സീത കാൺകെ നീ ആശ്രമത്തിന്നരികെ ചെന്നു സഞ്ചരിക്ക. അവൾ പരിഭ്രമിക്കത്തക്കവണ്ണം അവിടെ, അങ്ങുമിങ്ങും തുള്ളിക്കളിക്കയും ചെയ്ക.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Bhasha_gadya_Ramayanam_Aaranya_kandam_1934.pdf/113&oldid=203380" എന്ന താളിൽനിന്ന് ശേഖരിച്ചത്