വിപരീതമായി നമ്പൂരിമാർ താദൃശസന്ദർഭങ്ങളിലും തിടമ്പു്, കോലം, അമ്പലം, കാവു്, കോവിൽ, കഴകം, ശാന്തിക്കാരൻ, ഓയ്ക്കൻ, പൂണൂൽ, ഓത്തു്, വേളി, ആറാട്ട്, തൂക്കം, വേല, മുടിയേറ്റ്, കണി, പുല, തീണ്ടൽ, ഇത്യാദി ശുദ്ധദ്രാവിസശബ്ദങ്ങളും തേവർ, പട്ടേരി, തേവാരം, ഓന്യം, ചോമാർത്തം, ചാത്തം,അയിത്തം, ശിവേലി ആദിയായ തത്ഭവങ്ങളും സമൃദ്ധമായി ഉപയോഗിക്കുന്നതിനാൽ അവർ പണ്ടു് സർവ്വകാര്യങ്ങൾക്കും ഇവിടെ ദേശഭാഷ മാത്രമേ ഉപയോഗിച്ചിരുന്നുള്ളൂവെന്നു് ഊഹിക്കാം.
5. സ്വവർഗ്ഗശേഖരത്തിൽനിന്ന് ഉണ്ടായ വേർപാട്, പ്രാദേശികാവശ്യങ്ങൾ,അനാർയ്യന്മാരായ കേരളീയരുടെ അന്നത്തെ പരിഷ്ക്രതാവസ്ഥ, സൗകർയ്യാധിക്യം എന്നിവയും ദേശഭാഷാസ്വീകാരത്തിനു് അവരെ പ്രകൃത്യാ നിർബന്ധിച്ചിരിക്കാവുന്നതാണ്.
പരമ്പരയാ ഭിന്നഭാഷക്കാരായ ജനങ്ങൾ ഒരിടത്തു സമ്മേളിച്ചു് ഏകഭാഷ സംസാരിക്കുന്നവരായി തീരുന്നപക്ഷം ശബ്ദം, വ്യാകരണകാർയ്യങ്ങൾ, എന്നിവയിൽ പ്രത്യക്ഷീഭവിക്കുന്ന ബാഹ്യവിപര്യയങ്ങൾക്കു പുറമേ ഇരുകൂട്ടരുടേയും പരസ്പരാനുരൂപ്യമില്ലാത്ത ഉച്ചാരണപ്രസക്തികൾ കൂടിക്കുഴഞ്ഞു് ആ ഭാഷയ്ക്ക് ആഭ്യന്തരമായും പല പരിണാമങ്ങൾ വരുത്തിക്കൂട്ടുന്നതാണ്. കേരളത്തിൽ അതീവപുരാതനകാലത്തു നടപ്പായിരുന്ന തമ്മൊഴി പിന്നീടു് കൊടുന്തമിഴായിപ്പരിണമിച്ചതിന്റെ മുഖ്യകാരണം ഇതാണ്. കൊടുന്തമിഴ് വീണ്ടും ദിഗ്ഭേദേന ആറേഴുസമ്പ്രദായങ്ങളായി തീർന്നുവെന്നു തൊൽകാപ്പിയത്തിലെ പ്രസ്താവംമൂലം മനസ്സിലാക്കാം. എങ്കിലും ചേരൻ, ചോളൻ, പാണ്ഡ്യൻ എന്നീ 'മൂവരശ’രുടെ കീഴിൽ പാണ്ഡ്യരും കേരളീയരും ഏകീഭവിച്ചുകിടന്നതുകൊണ്ടും തദ്വാരാ അവരുമായി നടന്നുകൊണ്ടിരുന്ന നിത്യസംസർഗ്ഗംമൂലം രാജപ്രതിനിധികളായി വന്ന പെരുമാക്കന്മാർ സാഹിത്യയത്നങ്ങളിലും മറ്റും ജനങ്ങളെ പ്രോത്സാഹിപ്പിച്ചിരുന്നതിനാലും മലയാളികൾ വിശേഷവ്യവഹാരാർത്ഥം അന്നും തമ്മൊഴിതന്നെ ഉപയോഗപ്പെടുത്തിപ്പോന്നു. ഇതിനു് ആയിടയ്ക്കു കേരളത്തിൽ ഉണ്ടായിട്ടുള്ളവയായ ഐങ്കറു