74
വർഗ്ഗക്കാർ ആദ്യമായി ആരംഭിച്ചത്.കോപ്റ്റിക്കിൽ ഗ്രീക്കു പദങ്ങളുടെ വ്യാപ്തിയും ക്രൈസ്തവമതസാഹിത്യവും വളരെ ഉണ്ടായിട്ടുണ്ട്.ഭാഷകളുടെ സാരൂപ്യവിവേചനംചെയ്ത ഘട്ടത്തിൽ ഈ വംശത്തെക്കൂടി സെമറ്റിക്ക് ഗോത്രത്തിൽ നിഗീരണംചെയ്തുകൊണ്ടാണ് ആ വിവരണം അവസാനിപ്പിച്ചിട്ടുള്ളത്. ലഘുതരമായ ചില വ്യത്യാസങ്ങൾ ഉള്ളത് അഗണ്യമാക്കി നോക്കിയാൽ പ്രസ്തുത സങ്കൽപ്പം സാധുവാണെന്നു കാണാം. ആകയാൽ ശാസ്ത്രപടുക്കൾ ഈ ഭാഷകളേയും വൈകൃതകക്ഷ്യയിൽത്തന്നെ പരിഗണിച്ചിരിക്കുന്നു.
ഇൻഡോയൂറോപ്യൻവംശം
മനുഷ്യജാതിയുടെ മൂലസ്ഥാനമെന്നു ഭൂരിപക്ഷം ചരിത്രജ്ഞന്മാർ സമ്മതിച്ചിട്ടുള്ള താർത്തരഭൂമിയുടെ പരിസരപ്രദേശങ്ങളിൽനിന്ന് ഓരോകാലത്തു നാനാദിക്കുകളിലേക്കുണ്ടായ ജനപ്രവാഹങ്ങളിൽ ഒടുവിലത്തെ സംഘമാണ് ഈ വംശക്കാർ.ഇവരിൽ ഒരു ശാഖ പേർഷ്യ,അർമ്മീനിയ എന്നീ ദേശങ്ങളിലൂടെ കടന്ന് ഇൻഡ്യയിൽ ആര്യാവർത്തത്തിലും വേറൊരു ശാഖ ഇറാനിൽക്കുടി ഇപ്പോഴത്തെ ബുക്കാറാവഴി യൂറോപ്പിൽ വടക്കുപടിഞ്ഞാറു ഭാഗങ്ങളിലും വ്യാപിച്ചു.കാലക്രമേണ അവർ പ്രസ്തുത ഭൂവിഭാഗങ്ങളിലെല്ലാം പെരുകിപ്പരന്ന് വിവിധ വർഗ്ഗങ്ങളായി. തന്നിമിത്തം ഇപ്പോൾ ആ ജനതതിയുടെ സന്താനപരമ്പരകൾ സംസാരിക്കുന്ന 300-ൽപരം ഭാഷകൾ ഈ വംശത്തിൽ ഉൾപ്പെട്ടവ ആയിട്ടുണ്ട്.ഈ ഭാഷകളെല്ലാം ആര്യൻ, അർമീനിയൻ,ഹെല്ലനിക്ക്,ഇല്ലീറിയൻ,ഇറ്റാലിക്ക്,കെൽറ്റിക്ക്,ട്യൂട്ടോണിക്ക്,സ്ലാവോണിക്ക് എന്നീ എട്ടു കുടുംബങ്ങളിൽ അന്തർഭവിച്ചവയത്രേ.
1.ആര്യകുടുംബം: ഇത് ആര്യാവർത്തത്തിലും അതിനു വടക്കുപടിഞ്ഞാറുള്ള ഭൂഭാഗങ്ങളിലും പ്രചരിച്ചുകാണുന്ന ഏതദ്വംശ്യഭാഷകളെല്ലാം ചേർന്ന ആദ്യകുടുംബമാകുന്നു.ആകയാൽ ഈ വകുപ്പ്