താൾ:BhashaSasthram.pdf/4

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവതാരിക

എന്റെ സ്നേഹിതൻ വിദ്വാൻ എടമരത്തു വി.സിബാസ്റ്റ്യൻ അവർകൾ എഴുതിയ ‘ഭാഷാശാസ്ത്രം’ എന്ന ഈ പുസ്തകം കൃത്യാന്തരപാരതന്ത്ര്യം നിമിത്തം എനിക്കു് ഒരാവൃത്തി വായിച്ചു് അതിസ്ഥൂലമായി ഒന്നു പരിശോധിക്കുവാൻ മാത്രമേ സാധിച്ചുള്ളു. ഇംഗ്ലീഷിൽ ഭാഷയെപ്പറ്റി പൊതുവായും, സംസ്കൃതം, തമിഴു് മുതലായ ഭാരതഖണ്ഡഭാഷകളെപ്പറ്റി പ്രത്യേകമായും, പ്രതിപാദിക്കുന്ന ഗ്രന്ഥങ്ങൾ അനേകമുണ്ടു്. എന്നാൽ മലയാളത്തിൽ ‘ലീലാതിലകം’, 'കേരളപാണിനീയം' ഇവയെ ഒഴിച്ചാൽ ആ വിഷയത്തെ സ്പർശിക്കുക മാത്രമെങ്കിലും ചെയ്യുന്ന ഗ്രന്ഥങ്ങൾ തീരെ ഇല്ലെന്നു തന്നെ പറയേണ്ടിയിരിക്കുന്നു. അവകൊണ്ടു് തൽകർത്താക്കന്മാർ കരുതിയ പ്രയോജനവും ഭാഷാശാസ്ത്രംകൊണ്ടു മിസ്റ്റർ സിബാസ്റ്റ്യൻ ഉദ്ദേശിക്കുന്ന ഉപയോഗവും ഭിന്നമാണു്. അതിനാൽ മലയാളത്തെ സംബന്ധിച്ചിടത്തോളം പൂർവ്വസ്മരികളാൽ കേവലം അക്ഷുണ്ണമെന്നുതന്നെ പറയാവുന്ന ഒരു മാർഗ്ഗത്തെയാണു് യുവാവും ഉത്സാഹശീലനുമായ ഈ ഗ്രന്ഥകാരൻ വെട്ടിത്തുറന്നു സഞ്ചാരയോഗ്യമാക്കിത്തീർക്കുവാൻ ഉദ്യമിക്കുന്നതെന്നു ഭാഷാഭിമാനികൾക്കു കാണാവുന്നതാണു്. ഈ മാതിരിയിലുള്ള ഒരു പുസ്തകത്തിന്റെ അഭാവം ആംഗലഭാഷാനഭിജ്ഞരായ മലയാളികൾക്കു് എത്രണ്ടു് ആശാഭംഗത്തിനു കാരണമായിരുന്നിരിക്കണമെന്നും ഇപ്പോഴെങ്കിലും ഇതിന്റെ പ്രകാശനം അവരെ എത്രണ്ടു്. സന്തോഷഭരിതന്മാരാക്കിത്തീർക്കുമെന്നും മലയാളവിദ്യാഭ്യാസവുമായി ഏതെങ്കിലും പ്രകാരത്തിൽ ഇടപെട്ടിട്ടുള്ള ആർക്കും അനുമാനിക്കുവാൻ പ്രയാസമില്ല.

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/4&oldid=215722" എന്ന താളിൽനിന്ന് ശേഖരിച്ചത്