താൾ:BhashaSasthram.pdf/2

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗ്രന്ഥങ്ങൾ ഇപ്പോൾ അനവധി ഉണ്ടായിട്ടുണ്ടു്. എന്നാൽ അവയിൽ ഒന്നു മലയാളത്തിൽ പരിഭാഷപ്പെടുത്തുന്നതുകൊണ്ടുമാത്രം കേരളീയർക്കു് തക്കതായ പ്രയോജനം സിദ്ധിക്കുന്നതല്ല. ആകയാൽ ആ ഗ്രന്ഥങ്ങളിൽ ചിലതിന്റെ ആദർശം പുരസ്കരിച്ചും വിഷയം പലതിൽനിന്നു യഥോചിതം സഞ്ചരിച്ചും ഉദാഹരണങ്ങൾ കഴിയുന്നതും നമുക്കു പരിചിതങ്ങളായ ഏതദ്ദേശഭാഷകളിൽനിന്നു് ഉദ്ധരിച്ചും അവശ്യംവേണ്ട ദിക്കിൽ പ്രക്യതശാസ്ത്രമാർഗത്തിനു് ഒക്കുമാറു് ചില മതങ്ങൾ സ്വന്ത അന്വേഷണഫലങ്ങളെ അവലംബിച്ചു് നൂതനമായി സംഗ്രഹിച്ചും ഒട്ടൊക്കെ സ്വതന്ത്രമായി എഴുതിത്തീർത്തിട്ടുള്ളതാണു് ഈ ഗ്രന്ഥം.

രണ്ടാം ഭാഗം അ‍ഞ്ചാമദ്ധ്യായത്തിലെ വിഷയം മുഴുവൻ തന്നെ ദ്രാവിഡഭാഷാചരിത്രം സംബന്ധിച്ചുണ്ടായ അല്പകാലത്തെ എന്റെ നിരന്തരാന്വേഷണങ്ങളിൽനിന്നു സിദ്ധിച്ച അറിവുകളേയും ഊഹങ്ങളേയും ആസ്പദമാക്കി പ്രദിപാദിച്ചിട്ടുള്ളതും തൻനിമിത്തം അതു നമ്മുടെ ഭാഷാചരിത്രപരമായ ഒരു നവീനപ്രസ്ത്ഥാനമായി പലർക്കും തോന്നാൻ ഇടയുള്ളതുമാണു്. ആകയാൽ കേരളീയപണ്ഡിതന്മാരുടെ ഇടയിൽ ആ ഭാഗംസംബന്ധിച്ചു വിവിധമതഭേദങ്ങളും വാദപ്രതിവാദങ്ങളും ഉത്ഭവിച്ചേക്കാൻ വകയുണ്ടു്; എന്നാൽ ആയതു മലയാളഭാഷയുടെ ചരിത്രരഹസ്യങ്ങൾ ഇനിയും കൂടുതലായി വെളിപ്പെടുന്നതിനു് ഉപകരിക്കുമെന്നുള്ള പ്രത്യാശയ്ക്കു അവകാശം നൽകുന്നതിനാൽ ഈ യത്നം എനിക്കു ചാരിതാർത്ഥ്യജനകമായി തീർന്നിട്ടുണ്ടു്.

ഗ്രന്ഥത്തിൽ ഉപയോഗിച്ചിട്ടുള്ള ഭാഷാരീതി ലളിതമല്ലെന്നു് ഇവിടെ തുറന്നു സമ്മതിച്ചുക്കൊള്ളുന്നു. അതിനുള്ള എന്റെ സമാധാനം ഈദ്യശഗ്രന്ഥങ്ങൾ വിഷയപ്രൗഢിക്കൊണ്ടും അതിന്റെ വൈജാത്യംകൊണ്ടും ഭാഷാനൈപുണ്യമുള്ള

"https://ml.wikisource.org/w/index.php?title=താൾ:BhashaSasthram.pdf/2&oldid=215720" എന്ന താളിൽനിന്ന് ശേഖരിച്ചത്