പീഠികാ.
ഈ പുസ്തകത്തിൽ സ്മൃതിപുരാണാദിപ്രമാണങ്ങളെക്കൊണ്ടും യുക്തികൊണ്ടും അനുഭവപ്പെട്ടവയായി മതവിരോധംകൂടാതെ സാധാരണങ്ങളായിരിക്കുന്ന നല്ല അറിവുകളെ സംഗ്രഹിച്ചിരിക്കുന്നു. അതുകളിൽ രാഗദ്വേഷാദിദോഷം കൂടാതെ ലോകോപകാരഗുണങ്ങളിൽ പ്രയത്നങ്ങളോടുകൂടി സത്യമാർഗ്ഗത്തുങ്കൽ സ്ഥിരപ്പെട്ടുനടക്കുന്നത് ഈശ്വരപ്രീതിയെന്നുഌഅ മുഖ്യാഭിപ്രായത്തെ സാധൂകരിക്കുന്നവിസ്താരങ്ങളാകുന്നു. സംസ്കൃതപദങ്ങളിൽ അനായാസേന പരിചയം വരുന്നതിനുവേണ്ടി പ്രമാണവചനങ്ങൾക്കു ശരിയായിട്ടു മണിപ്രവാളശ്ലോകങ്ങളെ ഉണ്ടാക്കി അതാതു പ്രസംഗങ്ങളിൽ ചേർത്തിരിക്കുന്നു. ദുര്യുക്തികളെ ഖണ്ഡിച്ചുയുക്തിയോടും പ്രമാണത്തോടും കൂടി ആലോചനയാകുന്ന നല്ല പെരുവഴിയിൽ ചേർക്കുന്നതിന്ന് ഇതു ചെറിയവഴിയാകുമെന്നുവിചാരിക്കുന്നു. ഈ അറിവുകൾ ബാലന്മാർക്കു ശോഭയെ ഉണ്ടാക്കുമെന്ന് വിശ്വസിച്ചു 'ബാലഭൂഷണ'മെന്നു പുസ്തകത്തിനു നാമധേയം ചെയ്തിരിക്കുന്നു. ഇതിലെ വാക്കുകൾ മാലയാക്കി പറയപ്പെട്ടതാകകൊണ്ട് ഉൾപ്പെട്ട ഖണ്ഡങ്ങൾ പുഷ്പങ്ങൾ എന്നു പറയപ്പെട്ടു.
ഗ്രന്ധകർത്താ