താൾ:Adhyathmavicharam Pana.djvu/6

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


പൂന്താനം നമ്പൂതിരി അദ്ദേഹത്തിന്റെ ജ്ഞാനപ്പാന അവസാനിപ്പിക്കുന്ന ഭാഗത്തു് ഭംഗ്യന്തരേണ സൂചിപ്പിക്കുന്നതും ഈ അവസരത്തിൽ സ്മരണീയമാണു്.

ആമോദംപൂണ്ടു ചൊല്ലുവിൻ നാമങ്ങൾ

ആനന്ദംപൂണ്ടു ബ്രഹ്മത്തിൽ ചേരുവാൻ
മതിയുണ്ടെങ്കിലൊക്കെ മതിയിതു
തിരുനാമത്തിൻ മാഹാത്മ്യമാമിതു.

അധ്യാത്മവിചാരം പാനയിലെ 24-35 വരെയുള്ള പേജുകളിൽ യോഗ്യന്മാർക്കറിവാൻ തക്കവണ്ണമരുൾചെയ്തിട്ടുള്ള ‘പൂർണ്ണാനന്ദൈകരൂപമായ പ്രത്യഗാത്മസ്ഥിതിയും പ്രകാശിക്കും’ എന്ന മഹത്തായ തത്ത്വവും ‘ശ്രുതിഗമ്യത്വം, ബുദ്ധ്യാദ്യഗമ്യത്വം രണ്ടുമാത്മാവിനുണ്ടെന്നു ചൊല്ലുന്നു’ എന്നിങ്ങനെ വിദ്യാരണ്യസ്വാമികൾ പഞ്ചദശിയിലേ ഏഴാം പ്രകരണമായ തൃപ്തിദീപത്തിൽ പ്രസ്താവിച്ച മഹത്തായ തത്ത്വവും സുന്ദരമായി പ്രതിപാദിച്ചിരിക്കുന്നു. പ്രൗഢങ്ങളായ വേദാന്തകൃതികളെ സ്വല്പബുദ്ധികൾക്കായി പകർന്നു കൊടുക്കുന്നതിൽ കവി കാണിച്ചിട്ടുള്ള സംഗ്രഹണപാടവം അന്യാദൃശമെന്നേ പറയേണ്ടൂ!.

പാനയിലേ ഭാഷാരീതി പ്രാചീനമാണെന്നു പറയാൻ നിവൃത്തിയില്ല. പൂന്താനത്തിന്റെ ജ്ഞാനപ്പാനയിൽ കാണുന്ന രീതിയും ഇതു തന്നെയാണു്. അതുകൊണ്ടു് കൊല്ലവർഷം ഒമ്പതാം ശതകത്തിൽ തന്നെയായിരിക്കണം ഈ കൃതിയുടെ നിർമ്മിതി എന്നു സാമാന്യമായി പറയാം.

ഈ കൃതി പ്രകാശിപ്പിക്കുന്ന കാര്യത്തിൽ റിസർച്ച് ആഫീസ്സർ ശ്രീ. എം. മാധവൻ പിള്ളയും അസിസ്റ്റന്റ് റിസർച്ച് ആഫീസ്സർ ശ്രീ. എൻ. ശ്രീധരൻ നായരും എന്നെ സഹായിച്ചിട്ടുണ്ടു്.

തിരുവനന്തപുരം,
1-5-1959.

കെ.രാഘവൻപിള്ള


ക്യൂറേട്ടർ


മാനുസ്ക്രിപ്റ്റ്സ്ലൈബ്രറി


"https://ml.wikisource.org/w/index.php?title=താൾ:Adhyathmavicharam_Pana.djvu/6&oldid=137610" എന്ന താളിൽനിന്നു ശേഖരിച്ചത്