താൾ:Aarya Vaidya charithram 1920.pdf/40

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
യം ൨] ഹിന്തുക്കളുടെപ്രാചീനപരിഷ്കാരം ൨൫

അഭ്യസിച്ചശേഷം സുശ്രുതനും കൂട്ടരും സ്വഗൃഹത്തിലേക്കു മടങ്ങിവന്ന്, ചികിത്സാശാസ്ത്രത്തിലും ശസ്ത്രവിദ്യയിലും പ്രത്യേകം പ്രത്യേകം ഗ്രന്ഥങ്ങളെഴുതി. എന്നാൽ സുശ്രുതൻ മറ്റെല്ലാവരേയും അതിശയിച്ചു. അദ്ദേഹത്തിന്റെ കൃതി, ക്രിസ്താബ്ദം ൮-ാം നൂറ്റാണ്ട് അവസാനിക്കുന്നതിന്നു മുമ്പായി അറബിഭാഷയിലേക്കു തൎജ്ജമചെയ്യപ്പെട്ടു. അത് ഹെപ്ലർ എന്ന ആൾ ലാറ്റിൻഭാഷയിലേക്കും, വുള്ളഴ്സ് ജൎമ്മൻ ഭാഷയിലേക്കും തൎജ്ജമചെയ്തിട്ടുണ്ട്. ഇതുകൂടാതെ, ചരകവും ൮-ാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ അറബിഭാഷയിലേക്കു തൎജ്ജമ ചെയ്യപ്പെട്ടിരിക്കുന്നു. അവിസന്നാ, റെയ്സസ്സ്, സറാപ്യൺ എന്നിവരുടെ ലാറ്റിൻ തൎജ്ജമകളിൽ അദ്ദേഹത്തിന്റെ (ചരകന്റെ) പേർ കൂടക്കൂടെ പ്രസ്താവിച്ചു കാണുന്നുണ്ട്' (ഹണ്ടർ). അദ്ദേഹം അഗ്നിവേശന്റെ ഉത്തരകാലീനനാകുന്നു; എന്തെന്നാൽ, തനിക്കു ഗ്രന്ഥനിൎമ്മാണത്തിന്നു വേണ്ടുന്ന വിഷയങ്ങൾ കിട്ടിയതു പണ്ഡിതശ്രേഷ്ഠനായ ആ മഹൎഷിയിൽ നിന്നാണെന്നും, അദ്ദേഹത്തിന്റെ കൃതിയെ തനൊന്നു രൂപഭേദം വരുത്തിയിരിക്കുകയാണെന്നും ചരകൻ പറയുന്നു.

ചികിത്സാശാസ്ത്രത്തിൽ പിന്നെ ഒരു വലിയ പ്രമാണമായിട്ടുള്ളതു വാഗ്ഭടനാകുന്നു. അദ്ദേഹം ക്രിസ്തുവിന്നു മുമ്പ് രണ്ടാം നൂറ്റാണ്ടിലാണു ജീവിച്ചിരുന്നത്. പടിഞ്ഞാറെ ഇന്ത്യയിലുള്ള സിന്ധുദേശമായിരുന്നു അദ്ദേഹത്തിന്റെ സ്വരാജ്യം. തന്റെ 'അഷ്ടാംഗസംഗ്രഹം' എന്ന ഗ്രന്ഥത്തിൽ അദ്ദേഹം ചരകൻ, സുശ്രുതൻ, അഗ്നിവേശൻ, ഭേളൻ മുതലായ പൂൎവ്വാചാര്യന്മാരുടെ ഗ്രന്ഥങ്ങളിൽനിന്നു തനിക്കു വളരെ സഹായം ലഭിച്ചിട്ടുള്ളതായി പ്രസ്താവിച്ചിരിക്കുന്നു. അതുകൂടാതെ 'അഷ്ടാംഗഹൃദയം' എന്നൊരു ഗ്രന്ഥം കൂടി അദ്ദേഹം തന്നെ എഴുതീട്ടുണ്ട്. ഇതിന്ന് അരുണദത്തപണ്ഡിതന്റെ ഒരു വ്യാഖ്യാ

"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/40&oldid=155656" എന്ന താളിൽനിന്ന് ശേഖരിച്ചത്