താൾ:Aarya Vaidya charithram 1920.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൨0 ആൎയ്യവൈദ്യചരിത്രം [അദ്ധ്യാ

അടുക്കൽനിന്ന് വിദ്യാഭ്യാസം ചെയ്ത കൂട്ടത്തിൽ അഗ്നിവേശൻ, ഭേളൻ, ജാതുകൎണ്ണൻ, പരാശരൻ, ക്ഷീരപാണി, ഹാരീതൻ എന്നിവരായിരുന്നു പ്രധാനശിഷ്യന്മാർ. അവരെല്ലാവരും വെവ്വേറെ വൈദ്യശാത്രത്തിൽ ഗ്രന്ഥങ്ങളെഴുതി പ്രസിദ്ധി സമ്പാദിച്ചിട്ടുണ്ടെന്നു മാത്രമല്ല, ആ വക ഗ്രന്ഥങ്ങൾതന്നെയാണു പാരമ്പൎയ്യക്രമേണ ഇപ്പോൾ നമ്മുടെ കൈവശം വന്നിട്ടുള്ളതും. അഗ്നിവേശന്റെ "നിദാനാഞ്ജനം" എന്ന ഗ്രന്ഥം ഇന്നും ശ്ലാഘിക്കപ്പെട്ടുവരുന്നു. "ഹാരീതസംഹിത' മറ്റൊരു പ്രമാണപുസ്തകമാകുന്നു. ഇതു ഹാരീതന്റെ ചോദ്യങ്ങൾക്ക് ആത്രേയൻ മറുപടി പറയുന്ന രീതിയിലാണു എഴുതപ്പെട്ടിരിക്കുന്നത്; എന്തുകൊണ്ടെന്നാൽ ഓരോ അദ്ധ്യായവും, "ഹാരീതന്റെ ചോദ്യത്തിന്നു മറുപടിയായി ആത്രേയനാൽ പറയപ്പെടുന്നത്" എന്നുള്ള വാക്കുകളെക്കൊണ്ടാണു അവസാനിപ്പിച്ചു കാണുന്നത്. മുൻപ്രസ്താവിച്ച "ആത്രേയസംഹിതയും", ഈ "ഹാരീതസംഹിതയും" ഒന്നുതന്നെയാണെന്നു ചിലർ എങ്ങിനെയോ ധരിച്ചിരിക്കുന്നു. ഇതു ശരിയാണെന്നു തോന്നുന്നില്ല. പ്രസിദ്ധഗ്രന്ഥ കൎത്താവായ "ഭാവപ്രകാശകാരൻ" "ആത്രേയസംഹിത"യിൽനിന്നു പല ശ്ലോകങ്ങളും എടുത്തെഴുതീട്ടുണ്ട്; അതൊന്നും "ഹാരീതസംഹിത"യിൽ കാണുന്നില്ല. അതുകൊണ്ടു മേല്പറഞ്ഞ ചിലരുടെ ധാരണ ശരിയല്ലെന്നു വിചാരിക്കുവാനേ തരമുള്ളു.

പണ്ടത്തെ വൈദ്യഗ്രന്ഥകാരന്മാരിൽ ഒരാളായ ചരകൻ ഭൂലോകത്തിൽ വൈദ്യശാസ്ത്രം ഉണ്ടായതു താഴെ പറയും പ്രകാരമാണെന്നു പ്രസ്താവിച്ചിരിക്കുന്നു. [1]

പണ്ടൊരിക്കൽ യോഗ്യന്മാരായ അനേകം ഋഷികൾ ഹിമാലയത്തിങ്കൽ വെച്ച് ഒന്നിച്ചു കൂടുവാനിടവന്നു. അവരുടെ കൂട്ടത്തിൽ അഗസ്ത്യൻ, അസിതൻ, ആശ്വലായനൻ, കാമ്യൻ,


  1. "ചരകസംഹിതയിൽ" ൧-ഉം ൨-ഉം ൩-ഉം ഭാഗങ്ങൾ നോക്കുക.
"https://ml.wikisource.org/w/index.php?title=താൾ:Aarya_Vaidya_charithram_1920.pdf/35&oldid=155650" എന്ന താളിൽനിന്ന് ശേഖരിച്ചത്