ഈ ചരിത്രപുസ്തകം ഒന്നാമതായി പ്രസിദ്ധപ്പെടുത്തീട്ട് പതിനഞ്ചു കൊല്ലത്തോളമായിരിക്കുന്നു. ഇതിന്റെ ഒന്നാം പതിപ്പു മുഴുവനും വിറ്റുതീർന്നിട്ടുതന്നെ ഒരു വ്യാഴവട്ടത്തോളമായിക്കാണും. അതിന്നുശേഷവും ആവശ്യക്കാർ ധാരാളമുണ്ടായി ക്കൊണ്ടിരുന്നതിനാൽ 1089 ഒടുവിൽ ഇതിന്റെ രണ്ടാം പതിപ്പ് ആരംഭിച്ചു. എങ്കിലും ഉടനേതന്നെ ലോകമഹായുദ്ധം ആരംഭിച്ചതോടുകൂടി കടലാസ്സിന്റെ വില ക്രമേണ വർദ്ധിക്കുകയും, നല്ല കടലാസ്സു സഹിക്കാവുന്ന വിലയ്ക്കു കിട്ടാതാവുകയും ചെയ്തതിനാൽ തൽക്കാലം പണി നിർത്തുകതന്നെ വേണ്ടിവന്നു. യുദ്ധം അവസാനിച്ചശേഷം കഴിഞ്ഞ കൊല്ലത്തിൽ കടലാസ്സിന്റെ വില കുറച്ചൊന്നു താണുകണ്ടപ്പോൾ വീണ്ടും അച്ചടി തുടങ്ങി. നിർഭാഗ്യവശാൽ പിന്നെയ്ക്കു വില വളരെ കയറുകയാണു ചെയ്തിട്ടുള്ളതെങ്കിലും ഇനിയും താമസിക്കുന്നത് ഇതിലുമധികം നഷ്ടത്തിന്നു കാരണമാകുമെന്നു കരുതി ഇപ്പോൾ ഒരുവിധം നല്ല കടലാസ്സിൽ തന്നെ ഇതിന്റെ അച്ചടി മുഴുവനും കഴിച്ച് ഇതാ വായനക്കാരുടെ മുമ്പിൽ അവതരിപ്പിക്കുന്നു.
ഒന്നാം പതിപ്പിൽ അല്പം ചില ദിക്കിൽ അഭംഗി തോന്നീട്ടുള്ളതോ, അച്ചടിവീഴ്ചകൾ വന്നിട്ടുള്ളതോ തിരുത്തിയതല്ലാതെ, വിഷയങ്ങളുടെ വിഭാഗത്തിനാകട്ടെ വിവരണങ്ങൾക്കാകട്ടെ പറയത്തക്ക യാതൊരു മാറ്റവും ഇതിൽ ചെയ്തിട്ടില്ല. ഇനി ഇതിലെന്തെങ്കിലും മാറ്റങ്ങൾ വരുത്തണമെന്നു വൈദ്യന്മാരോ മറ്റു സഹൃദയന്മാരോ സദയം ഉപദേശിച്ചുതന്നാൽ അതൊക്കെ സന്തോഷപൂർവ്വം സ്വീകരിച്ച് അടുത്ത പതിപ്പിൽ ശരിപ്പെടുത്തുവാൻ ഞാൻ സന്നദ്ധനുമാണു.
കോട്ടയ്ക്കൽ 1096-തുലാം 1-ാം൹ . |
സഹൃദയവിധേയൻ പി.വി. കൃഷ്ണവാരിയർ |