താൾ:Aalmarattam.pdf/7

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അവരെപ്രതി നിനക്കും അവർക്കും ഇതുവരെയും സംഭവിച്ചിട്ടുള്ളതൊക്കെയും വിവരം പോലെ നമ്മൊടു പറക.

ഈജയിൻ - എന്റെകൂടെ ഉണ്ടായിരുന്ന ആ മകന്നു പതിനെട്ടുവയസ്സായപ്പോൾ തന്റെ സഹോദരനെയും മറ്റും തിരക്കുവാനായിട്ടു തന്നേയും തന്നെപ്പോലെതന്നെ സഹോദരനെക്കാണേണമെന്നു ആഗ്രഹിച്ചുവരുന്ന പരിചാരകനെയും വിടേണമെന്നു എന്നോടു അപേക്ഷിച്ചു. അവരെക്കാണേണം എന്നുള്ള താല്പര്യം ഇനിക്കും ഉണ്ടായിരുന്നതിനാൽ എന്നോടു കൂടെയുണ്ടായിരുന്നവരേയും വിട്ടുപിരിയേണ്ടിവന്നു. അങ്ങിനെ കൈവിട്ടുപോയ മകനേപ്രതി കൈവശമുണ്ടായിരുന്നവനെക്കൂടെ കളഞ്ഞുംവെച്ചു ഇതാ ഇപ്പൊൾ ആറു സംവത്സരമുണ്ടു ഞാൻ ചുറ്റിനടക്കുന്നു. ഗ്രീസിലും ആസീയായിൽ മിക്കയിടവും അനേഷിച്ചുംവെച്ചു സ്വന്ത ദിക്കിലേക്കു പോകുംവഴി അവരെക്കാണുമെന്നുള്ള ആശ കുറയുമെങ്കിലും ഒരിടവും അന്വേഷിക്കാതെ ഇട്ടേപ്പാൻ മനസ്സില്ലാഞ്ഞിട്ടു ഇവിടെയും വന്നേ. എന്നാൽ ഇവിടെ എന്റെ കഥ അവസാനിപ്പിച്ചല്ലോ മതിയാവു. അവർ ജീവിച്ചിരിക്കുന്നു എന്നു കേട്ടിട്ടു മരിച്ചെങ്കിൽ ഞാൻ ഭാഗ്യവാനായിരുന്നു.

രാജാവു - ഭാഗ്യദോഷിയായ ഈജയിനെ നിന്റെ കാര്യം നമുക്കു ദുർബ്ബലപ്പെടുത്തിക്കൂടാത്ത രാജ്യചട്ടങ്ങൾക്കും ആണെക്കും വിരോധമല്ലാഞ്ഞു എന്നുവരികിൽ നിനക്കു സഹായിക്കുന്നതിന്നു നമുക്കു യാതൊരു മടിയുമില്ല. എന്നാൽ ഇപ്പോൾ നമ്മുടെ മാനഹാനി വരുത്തിയിട്ടെങ്കിലും മരണത്തിന്നു വിധിച്ചുപോയ നിനക്കു നമ്മാൽ കഴിയുന്ന സഹായം ചെയ്തുതരാം. അതുകൊണ്ടു വ്യാപാരീ നീ ഇന്നു വൈകുന്നതിനകം ഇരുന്നിട്ടോ കടം വാങ്ങിയിട്ടോ എങ്ങിനെയെങ്കിലും നിന്നെ വീണ്ടുകൊൾവാനുള്ള പണം ഉണ്ടാക്കിക്കൊണ്ടുവന്നാൽ നിനക്കും ജീവിക്കാം. ആയതല്ലെങ്കിൽ മരിക്കേ പാടുള്ളൂ. ആരോച്ചാരേ ഇവനെക്കൊണ്ടുപോക.

ഈജയിൻ - ആശയും സഹായവും ഇല്ലാത്തവനായ എന്റെ ജീവനെ ഒരു മാത്രനേരത്തേക്കുകൂടെ വെച്ചേച്ചിട്ടു എന്തു സാദ്ധ്യം. (എന്നു പറഞ്ഞുകൊണ്ടു ആരോച്ചാരുടെ പിന്നാലെ പോയി)

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/7&oldid=155480" എന്ന താളിൽനിന്ന് ശേഖരിച്ചത്