ല്ലാഞ്ഞെന്നുവരികിലും ഭാര്യയുടെ കരച്ചിലും കുട്ടികളോടുള്ള വാത്സല്യവും ഹേതുവാൽ അവരുടെയും എന്റെയും ജീവനെ അല്പംകൂടെ ദീർഘമാക്കുന്നതിനു വല്ല ഉപായവും ഉണ്ടോയെന്നു നോക്കേണ്ടിവന്നു. മുങ്ങിത്തുടങ്ങിയ ആ കപ്പലിൽ ഞങ്ങളെ ഇട്ടും കളഞ്ഞുകപ്പൽക്കാർ അതിലെ വഞ്ചി ഇറക്കി അവരുടെ ജീവരക്ഷയ്ക്കുള്ള വഴി തേടി. എന്റെ ഭാര്യ ഞങ്ങളുടെ മക്കളിൽ ഒരുവനേയും മറ്റെ ഇരട്ടപ്പിള്ളകളിൽ ഒരുവനേയുംകൂടെ ഒരു പലകയുടെ അറ്റത്ത് ചേർത്തുകെട്ടി. മറ്റവരെ ഇരുവരേയും ഞാൻ പലകയുടെ മറ്റേ അറ്റത്തും ബന്ധിച്ചശേഷം അവർക്കു സഹായത്തിന്നായി ഞങ്ങളും ഓരോ അറ്റത്തും പിടിച്ചുകൊണ്ടു കിടന്നു. കപ്പൽ മുഴുവനും മുങ്ങിയശേഷം കുറെനേരത്തേക്കു ഞങ്ങൾ അങ്ങിനെ പലകയിൽ പിടിച്ചുകൊണ്ടു പൊങ്ങിഒഴുകി. പിന്നെ സൂര്യൻ ഉദിച്ചപ്പോൾ കാറ്റു സാവധാനമായി. ദൂരെനിന്നു രണ്ടു കപ്പൽ ഞങ്ങളുടെനേരെ വരുന്നതുകണ്ടു. എന്നാൽ അവ വന്നെത്തുന്നതിനുമുമ്പെ - ഹാ ഇനി എന്നെക്കൊണ്ടു പറയിപ്പിക്കല്ലേ! പിന്നീടു സംഭവിച്ചതു ഒക്കെയും ഈ പറഞ്ഞിടംകൊണ്ടു എടുത്തുകൊള്ളേണമെ.
രാജാവു - ഹേ അങ്ങിനെയല്ല. നിനക്കു മാപ്പു തന്നുകൂടായെങ്കിലും ഈ ആപത്തുകൾ ഒക്കയും കേട്ടാൽ നമുക്കു നിന്റെ പേരിൽ കനിവു തോന്നിയേക്കുമായിരിക്കുമല്ലൊ.
ഈജയിൻ - കപ്പൽ അടുത്തുവരുന്നതിനുമുമ്പെ ഞങ്ങളുടെ പലക ഒരു പാറയിന്മേൽ ചെന്നു അടിച്ചു നടുവേ ഒടിഞ്ഞു പോയി. ഇങ്ങനെ ഞങ്ങൾ തമ്മിൽ വേർപിരിഞ്ഞെന്നു വരികിലും ഇരുപേർക്കും ഒരുപോലെയുള്ള സന്തോഷ സന്താപങ്ങൾക്കു ഇടയുണ്ടായിരുന്നു. അവരെ മൂവരേയും കൊറിന്തിലെ മുക്കുവർ പിടിച്ചു കേറ്റുന്നതു ഞങ്ങൾ കണ്ടു. ഏറെ താമസിയാതെ ഒരു കപ്പൽ വന്നു ഞങ്ങളേയും പിടിച്ചുകേറ്റി. ആ കപ്പൽ ഓട്ടത്തിന്നു തുലോം സാവധാനമുള്ളതല്ലാഞ്ഞെന്നുവരികിൽ ഞങ്ങൾ പിന്നെയും ഒന്നിക്കുന്നതിന്നു ഇടവന്നേനെ. എന്നാൽ അതു അസാദ്ധ്യമെന്നു കാണുകകൊണ്ടു കപ്പൽക്കാർ ചൊവ്വേ ഓടിച്ചുപോയി ഞങ്ങളെ സൈറാക്ക്യൂസിൽ ഇറക്കു. ഇങ്ങിനെ ഭാഗ്യത്തിന്റെ ഉച്ചയിൽനിന്നു ഇനിക്കുണ്ടായ അധോഗതിയെക്കുറിച്ചു തിരുമനസ്സുകൊണ്ടു കേട്ടുവല്ലോ.
രാജാവു - നീ ഇപ്പോൾ ആരെക്കുറിച്ചു പരിതപിച്ചുവരുന്നുവോ