എ.അന്റി - അയ്യോ പാവോ! എന്നെക്കൊല്ലുന്നേ! എടോ ശിപായി തന്റെ തടവുപുള്ളിയായ എന്നോടു ഇവർ ഇപ്രകാരം ചെയ്യുന്നതിനു താൻ സമ്മതിച്ചുകൊടുക്കുന്നുവോ?
ശിപായി - അല്ല കൂട്ടരേ.. പറഞ്ഞതിന്മണ്ണം ഇതെന്തോരു കൂത്താണെ. ഇയാൾ തടവുകാരനാണെ. വിടുവിൻ. വിടുവിൻ.
പിഞ്ചു - അവനേയും കെട്ടു. അവനേയും കെട്ടു. അവനും തലയ്ക്കു നല്ല തുമ്പില്ലെന്നു തോന്നുന്നു.
ശിപായി - ഒവ്വേ അതു ദക്ഷിണ മേടിപ്പാനുള്ള പണിക്കാണെന്നു തോന്നുന്നു. ചോരയുള്ള കോയിലോടു കളിക്കരുതെന്നു കേട്ടിട്ടില്ലയോ? ഇയാളെ വിട്ടാൽ ഞാൻ ഉത്തരം പറയേണ്ടിവരും.
അഡ്രി - ആകട്ടെടോ താൻ വരൂ. അയാൾ ആർക്കാണെ കൊടുപ്പാനുള്ളതു? എന്തുമാത്രം കൊടുപ്പാനുണ്ടു. ആ കാര്യം ഞാൻ തീർത്തുകൊള്ളാം. നിങ്ങൾ ഏതെങ്കിലും ഇവരെ വീട്ടിൽ കൊണ്ടു പോയി എന്താണെന്നാൽ ചെയ്‌വിൻ.
(വൈദ്യനും കൂട്ടരുംകൂടെ അന്റിപ്പോലസ്സിനേയും ഡ്രോമിയോയെയും പിടിച്ചുകെട്ടിക്കൊണ്ടുപോയി)
ശിപായി - (അഡ്രിയാനയോടു) അൻജീലോ എന്നു പേരായ തട്ടാനെ അറിയുമോ? അവനോടു നിങ്ങളുടെ കെട്ടിയവൻ ഒരു പൊന്മാല വാങ്ങിയിട്ടുണ്ടു. അതിന്റെ വില കൊടുത്തിട്ടില്ല.
അഡ്രി - എന്റെപേർക്കൊരു മാല തീർപ്പിക്കുന്നുണ്ടു എന്നു പറയുന്നതു കേട്ടു. എന്നാൽ അവിടെ കൊണ്ടുവന്നു കണ്ടില്ല.
വേശ്യ - അയാളുടെ വിരലേൽ കിടക്കുന്ന എന്റെ മോതിരം തട്ടിയെടുത്തുങ്കൊണ്ടു പോന്നപുറകേ ഞാൻ വന്നപ്പോൾ ഒരു പൊന്മാല കഴുത്തിൽ കിടക്കുന്നതു ഞാൻ കണ്ടു.
അഡ്രി - ഉള്ളതായിരിക്കും. ഏതെങ്കിലും തട്ടാനെക്കണ്ടു ഇതിന്റെ വിവരം മുഴുവനും അറികതന്നെ.
(എന്നു പറഞ്ഞുങ്കൊണ്ടു അവർ കുറെ അങ്ങോട്ടു നടന്നപ്പോൾ ലൂസിയാനാ പുറകോട്ടു നോക്കി. സൈറാക്ക്യൂസിലെ അന്റിപ്പൊലസ്സും ഡ്രോമിയോയും വാളൂരി കയ്യിൽ പിടിച്ചുകൊണ്ടു പാഞ്ഞുവരുന്നതുകണ്ടു ജ്യേഷ്ഠത്തിയോടു) “എന്റെ പൊന്നു ചേടുത്തി ഇതാ അവർ കെട്ടുപൊട്ടിച്ചുംകളഞ്ഞു ഊരിയ വാളോടുകൂടെ നമ്മുടെനേരേ