താൾ:Aalmarattam.pdf/46

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അഡ്രി - ഉവ്വുവ്വു ഇവൻ വന്നു ചോദിച്ചു. ഉടനെതന്നേ ഞാൻ എടുത്തു കൊടുക്കയും ചെയ്തു.

ലൂസി - അതേയതേ. ഞാൻ ചാളികയെടുത്തുകൊണ്ടു വന്നു ജ്യേഷ്ഠത്തിയുടെ കയ്യിൽ കൊടുത്തു. അവർ അതു ഇവന്റെ പക്കലും കൊടുത്തു.

എ. ഡ്രോമി - ഞാൻ പോയതു ഒരു ചൂരൽ വാങ്ങിപ്പാൻ മാത്രമായിരുന്നു എന്നുള്ളതിന്നു പടച്ചതമ്പുരാനും ആ ചൂരൽ കച്ചവടക്കാരനും സാക്ഷി.

പിഞ്ചു - എന്നീ തള്ള എന്തിന്നേറെപ്പറയുന്നു. യജമാനനേയും ഭ്യത്യനേയും ഒരുപോലെ പിശാചു ബാധിച്ചിരിക്കുന്നു സംശയമില്ല. അതുകൊണ്ടു ഇരുപെരെയും ബന്ധിച്ചു അല്പനേരത്തേക്കു ഒരു ഇരുട്ടുമുറിയിൽ കൊണ്ടുപോയി ഇടാമെങ്കിൽ ഞാൻ സൌഖ്യം വരുത്താം.

എ. അന്റി - (അഡ്രിയാനയോടു) നീ എന്നെപ്പുറത്തിട്ടു വാതിൽ അടെച്ചുകളകയും പണത്തിന്നു ആളയച്ചാറെ കൊടുത്തയക്കാതിരിക്കയും ചെയ്തതു എന്തുകൊണ്ടെന്നു ഇപ്പോൾ പറയണം.

അഡ്രി - എന്റെ പ്രിയ ഭർത്താവേ ഞാൻ നിങ്ങളെപ്പുറത്തിട്ടു വാതിൽ അടച്ചിട്ടില്ല.

എ. ഡ്രോമി - എന്റെ പ്രിയ യജമാനനെ ഇവർ ഇന്നു എന്റെ പക്കൽ പണം തന്നയച്ചിട്ടില്ല. നമ്മെപ്പുറത്തിട്ടു കതകു അടച്ചുകളഞ്ഞതു പരമാർത്ഥവും ആകുന്നു.

അഡ്രി - അമ്പേ ദുഷ്ടാ! നീ അപ്പറഞ്ഞതു രണ്ടും വ്യാജമല്ലയോ?

എ. ആന്റി - അമ്പേ ദുഷ്ടേ! നീ ഇപ്പറയുന്നതശേഷവും ശുദ്ധമേ ഭോഷ്കല്ലയോ? ഈ ആഭാസന്മാരെ ഒക്കയും കൂട്ടിക്കൊണ്ടു എന്നെ ഇപ്രകാരം അപമാനിക്കുന്നതിന്നു നിന്നോടു ഞാൻ തക്കപോലെ ചോദിക്കയില്ലെന്നോ ഭാവം?

അഡ്രി - എന്റെ വൈദ്യനെ ഇവരെ വേഗം പിടിച്ചു കെട്ടുക. അല്ലെങ്കിൽ എന്നോടു ഇപ്പോൾ വക്കാണം തുടങ്ങും.

പിഞ്ചു - രണ്ടുമൂവരെക്കൂടെ വിളിപ്പീനോ! ഉതറിക്കുന്നുവല്ലോ.

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/46&oldid=155461" എന്ന താളിൽനിന്ന് ശേഖരിച്ചത്