നയാൽ ഇവനിൽനിന്നു ഇറങ്ങിപ്പോകേണമെന്നു ഞാൻ സ്വർഗ്ഗത്തിലുള്ള പുണ്യവാളന്മാരൊക്കയുടേയും നാമത്തിൽ നിന്നോടു കല്പിക്കുന്നു.
എ. അന്റി - ചെവി കേൾക്കെട്ടെടോ. എന്നെയല്ല തന്നെയത്രേ പിശാചു ബാധിച്ചിരിക്കുന്നതു.
അഡ്രി - അതുവ്വു. ഇതിനുമുമ്പെ അങ്ങിനെ ഒന്നും ഇല്ലാഞ്ഞു.
എ. അന്റി - പോടീ പോ - ഇവരൊക്കയോ നിന്റെ ചേനാർ? ഈ എമ്പോക്കികൾ ഒക്കെ അകത്തുണ്ടായിരുന്നതുകൊണ്ടായിരിക്കും ഉച്ചെക്കു ഞാൻ വന്നു മുട്ടിയാറെ വാതിൽ തുറക്കാഞ്ഞതു ഇല്ലയൊ?
അഡ്രി - അയ്യോ ഇന്നുച്ചെക്കു വീട്ടിൽ വന്നു തീൻ കഴിച്ചതിന്നു ദൈവമുണ്ടെല്ലാ സാക്ഷി. അവിടെത്തന്നെ ഇരുന്നെങ്കിൽ ഇപ്പോൾ ഈ അപമാനത്തിനൊന്നിനും ഇടവരാഞ്ഞേനെ.
എ. അന്റി - എന്തു പറയുന്നു. ഇന്നുച്ചെക്കു ഞാൻ വീട്ടിൽ വന്നു തീൻ കഴിച്ചുവെന്നൊ? എന്തെടാ ഡ്രോമിയോ ഇന്നു നമ്മൾ വീട്ടിൽ ചെന്നു മുട്ടിയാറെ മുട്ടിത്തിരിഞ്ഞു പോരികയല്ലയോ ചെയ്തതു? ഇവൾതന്നെ എന്നെ നിന്ദിച്ചതു പോരാഞ്ഞിട്ടു വേലക്കാരെക്കൊണ്ടും നിന്ദിപ്പിച്ചില്ലയൊ?
എ. ഡ്രോമി - ഉവ്വു. യജമാനൻ പറയുന്നതത്രയും പരമാർത്ഥം തന്നെ.
അഡ്രി - കണ്ടോ വൈദ്യനെ. ആ ദ്രൊഹിയുംകൂടെ അയാളോടു ഒത്തു പറഞ്ഞുകൊള്ളുന്നതു.
പിഞ്ചു - ഒവ്വേ അതു അവന്റെ പേരിൽ ഒരു കുറ്റമായിട്ടു എണ്ണേണ്ട. തലക്കുസ്ഥിരമില്ലാത്തവരോടു ഒത്തുപറഞ്ഞുകൊണ്ടില്ലെങ്കിൽ തല്ലുകൊണ്ടേക്കുമെന്നു ഭയന്നിട്ടായിരിക്കും.
എ. അന്റി - ഈ തട്ടാൻ എന്നെ ഇപ്രകാരം അപമാനിക്കുന്നതിന്നും നീയല്ലയോ ഇടവരുത്തിയതു. ഇതൊക്കയും മനസ്സറിഞ്ഞുങ്കൊണ്ടു നീ ചെയ്തിട്ടുള്ളതാകുന്നു.
അഡ്രി - അയ്യോ ഡ്രോമിയോ അവിടെ വന്നു ഈ വിവരം പറഞ്ഞമാത്രെക്കു ഞാൻ അവന്റെ പക്കൽ പണം കൊടുത്തയച്ചുവല്ലോ.
എ. അന്റി - നീ ചെന്നു പണം ചോദിച്ചില്ലയോ.