താൾ:Aalmarattam.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഉടനെ അവൾ ആ തുടലും കിലുക്കിക്കൊണ്ടു നമ്മുടെനേരെ വന്നേക്കും.

വേശ്യ - എടോ താൻ എന്നെ വഞ്ചിക്കുമെന്നു ഞാൻ തീരുമാനം കരുതിയിരുന്നില്ലല്ലോ. എന്നാൽ എന്റെ മോതിരമെങ്കിലും ഇങ്ങു തന്നേക്കൂ.

സൈ. അന്റി - എടാ ഡ്രോമിയോ ഈ പിശാചു നമ്മെ വിട്ടുപോകുവാൻ പറഞ്ഞാറെ പൊകുന്ന ഭാവമില്ല. എന്നാൽ ഇനി നമുക്കു പൊയ്ക്കളയാം.

(എന്നു പറഞ്ഞുങ്കൊണ്ടു അവർ ഇരുപേരുംകൂടെ ഓടി)

വേശ്യ - സംശയംകൂടാതെ ഈ ആന്റിപ്പോലസ്സിന്നു ഭ്രാന്തു പിടിച്ചിരിക്കുന്നു. അല്ലാഞ്ഞാൽ അയാൾ ഈ മാതിരി ആഭാസവൃത്തിയൊന്നും തുടങ്ങുകയില്ലായിരുന്നു. മാല തരാമെന്നും പറഞ്ഞു എന്നോടു മോതിരം വാങ്ങിയാറെ ഇപ്പോൾ ഒന്നും കിട്ടുകയില്ലെന്നല്ലൊ വന്നിരിക്കുന്നതു. ഇന്നുച്ചെക്കു അയാൾ വീട്ടിൽ വന്നപ്പോൾ പറഞ്ഞ വർത്തമാനവും എല്ലാം ഭ്രാന്തെന്നു തോന്നുന്നു. ഭാര്യ അയാളെപ്പുറത്തിട്ടു വാതിലടച്ചുകളഞ്ഞതു ഒരുവേള സത്യമായിരുന്നാൽ അതു പക്ഷേ ഈ ഭ്രാന്തൻ അകത്തു കേറി വല്ല നാശവും ചെയ്യാതിരിപ്പാൻ വേണ്ടി ആയിരിക്കും. അഞ്ചാറു പൌൻ വിലപിടിച്ച മോതിരം വെറുതെ കളയുന്നതു കുറെ സങ്കടമാണെ. ഇനി അതു തിരികെ കൈക്കലാക്കുവാനുള്ള ഉപായം വേഗം അയാളുടെ വീട്ടിൽ ചെന്നു ഭാര്യയോടു അയാൾക്കും വേലക്കാരന്നും ഭ്രാന്തു പിടിച്ചിരിക്കുന്നുവെന്നും അവർ ഇരുപെരും കൂടെ എന്റെ വീട്ടിൽ ഓടിക്കേറി എന്റെ മോതിരം എടുത്തുങ്കൊണ്ടു ഓടിക്കളഞ്ഞുവെന്നും പറയുന്നതുതന്നെ. (എന്നു കരുതിക്കൊണ്ടു വേഗം അഡ്രിയാനായുടെ അടുക്കലേക്കു പോയി.)

"https://ml.wikisource.org/w/index.php?title=താൾ:Aalmarattam.pdf/41&oldid=155456" എന്ന താളിൽനിന്ന് ശേഖരിച്ചത്