സൈ. അന്റി -എന്നെക്കാണുന്നവർ ഒക്കയും ഞാൻ അവർക്കു മുഖപരിചയമുള്ള ഒരു ആളെന്നപോലെ ആചാരം കഴിക്കയും പേർ പറയുകയും സല്ക്കരിക്കയും ചിലർ പൊന്മാല മുതലായതു സമ്മാനിക്കയും ചിലർ എന്നിൽനിന്നു വളരെ ഉപകാരങ്ങൾ ലഭിച്ചിട്ടുള്ളവരെപ്പോലെ ഉപകാരസ്മരണ കാണിക്കയും ചെയ്യുന്നു. അല്പം മുമ്പേ ഇതിലെകൂടെ കടന്നുപോകുമ്പോൾ ഒരു തുന്നല്ക്കാരൻ വിളിച്ചു കേറ്റി ഇനിക്കു വിശേഷമായ ഒരു ഉടുപ്പുണ്ടാക്കുന്നതിന്നു പട്ടു വാങ്ങിയിരിക്കുന്നു എന്നും പറഞ്ഞു എന്റെ അളവെടുത്തു. സംശയം കൂടാതെ ഇതൊക്കയും ഏതാണ്ടോ ആപത്തിനുള്ള വഴിയാകുന്നു. ഈ ദിക്കിലുള്ളവരത്രയും കുണ്ടാമണ്ടിയും കൂടപത്രവും ഉള്ളവരാണെ. (എന്നിങ്ങനെയൊക്കെയും തന്നെത്താൻ പറഞ്ഞങ്കൊണ്ടുനില്ക്കുമ്പോൾ സൈറാക്ക്യൂസിലേ ഡ്രോമിയൊ വന്നു.) ഇതാ, യജമാനനെ എന്നൊടു കൊണ്ടുവരുവാൻ പറഞ്ഞ പണം എന്നു പറഞ്ഞുങ്കൊണ്ടു ചാളികകൊടുത്തു.
സൈ. അന്റി - എന്തെടാ പേ പറയുന്നുവോ? നീ കപ്പൽ തിരക്കുവാൻ പോയിട്ടു എന്തായി?
സൈ. ഡ്രോമി - യജമാനനെത്തടുത്തുവച്ചുംകൊണ്ടു നിന്ന ആ ശിപായി എവിടെ? അയാൾ നിങ്ങളെ തടുത്തുംവച്ചുംകൊണ്ടു നിന്നപ്പോൾ ആ വിവരം ഞാൻ വന്നു പറഞ്ഞുവല്ലൊ.
സൈ. ആന്റഫി - എന്നെ ശിപായി തടുത്തുവച്ചുവൊ? നിശ്ചയമായിട്ടു ഇവനും ഇനിക്കും ബുദ്ധിഭ്രമം പിടിച്ചിരിക്കുന്നു.