അഡ്രിയാനാ - മണി 2 അടിച്ചുകഴിഞ്ഞുവല്ലൊ. എന്റെ ഭർത്താവിനെയെങ്കിലും അവരേ വേഗം വിളിച്ചു കൊണ്ടുവരുവാൻപോയ ഡ്രോമിയോയെ എങ്കിലും കാണുന്നില്ല. എന്താ വേണ്ടതു?
ലൂസിയാനാ - അയാളെ വല്ല കച്ചവടക്കാരും ക്ഷണിച്ചിട്ടുണ്ടായിരിക്കും. നമുക്കു വിശന്നിരിക്കാതെ ഭക്ഷണം കഴിക്കാം. പുരുഷന്മാരല്ലയോ അവർക്കു നമ്മെക്കാൾ സ്വതന്ത്രം ഉണ്ടു. അയാൾക്കു ബൊധിക്കുമ്പൊൾ വരട്ടെ.
അഡ്രി - അവർക്കെന്താ നമ്മെക്കാൾ അത്ര സ്വാതന്ത്യം?
ലൂസി - അതു പറയാം. നമുക്കു വീട്ടിൽതന്നെ കുത്തിയിരുന്നാൽ മതി. അവർക്കതു പോരാ. അവർ വെളിയിൽ ഇറങ്ങി കാര്യാദികൾ അന്വേഷിച്ചെങ്കിലല്ലോ മതിയാവു.
അഡ്രി - ഞാൻ ചിലപ്പോൾ സ്വമേധയായിട്ടു വല്ലതും പ്രവൃത്തിച്ചുപോയാൽ അതു അവർക്കു ബോധിക്കയില്ലല്ലോ.
ലൂസി - അതു പിന്നെ ബോധിക്കുമോ? അയാൾ നിങ്ങളുടെ മനസ്സിന്റെ ഒരു കടിഞ്ഞാണല്ലയോ?
അഡ്രി - കഴുതയും മറ്റുമെ അങ്ങിനെയുള്ള ബന്ധനത്തിൻകീഴിൽ കിടക്കൂ.