താൾ:39A8599.pdf/617

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 557

എത്രെയും ബഹുമാനപ്പെട്ട കൊമ്പഞ്ഞി എജമാനന്മാർ പറകകൊണ്ട ആയത പ്രമാണിച്ചി
ഒറപ്പായിത്തന്നെ നാം ഇന്നെവരെക്കും നിന്നുവരുന്നു. ഈ അവസ്ഥകളൊക്കയും
മുൻമ്പെ രണ്ടമുന്ന എഴുതി അഴച്ചിട്ടും ആളുകളെ അയച്ചി പറയിച്ചിട്ടും ഉണ്ടായിരുന്നു.
ഈ അഞ്ചാളും കൊമ്പിഞ്ഞിയിൽ ആശ്രയമായിരിക്കുന്നവരെന്ന പ്രെത്യെകമായി
എഴുതിക്കണ്ടത എന്തുകൊണ്ടെന്നും അറഞ്ഞില്ല. വിശെഷിച്ചി ഒരുത്തരുടെ വസ്തുവകക്കു
നാനാവിധം യിങ്ങുന്നായിട്ട കാട്ടുകയും ഇല്ല നമ്മുടെ വസ്തുവകക്ക നാനാവിധം
കാട്ടിയതിനും നമുക്ക വരണ്ടത അന്നഷിക്കാഞ്ഞാലും നമുക്കും കഴിഞ്ഞുകൂടണമെല്ലൊ.
ആയവസ്ഥകൾ ഒക്കെയും വിചാരിച്ചാൽ അവിടത്തന്നെ അറികെയുമാമെല്ലൊ. ശെഷം
നാം ബഹുമാനപ്പെട്ട കൊമ്പഞ്ഞി ആശ്രയമായിട്ട തന്നെ ഇരിക്കുന്നതെന്ന ബൊധിച്ചി
നാം നടക്കെണ്ട അവസ്ഥക്ക ഒക്കയും എഴുതി വരികയും വെണം. എന്നാൽ കൊല്ലം 974
മാണ്ട മെടമാസം 10നു എഴുതിയത. മെടം 29 നു ഇങ്കിരിയസ്സ കൊല്ലം 1799 മത മായിമാസം
9 നു വന്നത മെടം 30 നു മായി മാസം 10 നു പെർപ്പാക്കിയത.

1189 J

1447 മത രാജശ്രീ വടക്കെ അധികാരി ജെമിസ്സ സ്തിവിൻ സായ്പവർകൾക്ക ചെറക്കൽ
രവിവർമ്മരാജാവ അവർകൾ സല്ലാം. കൊടുത്തയച്ച കത്ത വായിച്ചു കെട്ടവസ്ഥയും
അറിഞ്ഞു. രണ്ടാം ഗെഡുവിന്റെ ഉറുപ്പ്യരെ കാർയ‌്യംകൊണ്ടെല്ലൊ എഴുതി വന്നത.
ഇവിട തീർന്നടത്തൊളം ഉറുപ്പ്യയും കൊടുത്ത എടവമാസം 10 നു സായ്പു അവർകളെ
അടുക്ക അയക്കയും ചെയ‌്യും. എതാൻ ഉറുപ്പ്യ പൊരാണ്ടു വന്നു എങ്കിൽ ആയത ഇത്ര
ദിവസത്തിലധികം ബൊധിപ്പിക്കാമെന്ന 10 നു ഉറുപ്പ്യ കൊടുത്തയക്കുമ്പൊൾ എഴുതി
അയക്കയുംമാം. ശെഷം പൊടവനാട്ടെ കാർയ‌്യത്തിന സായ്പവർകൾക്ക ഒരു കത്ത
കൊടുത്തയച്ചതിന്റെ ഉത്തരം കൊടുത്തയച്ചില്ലല്ലൊ. അക്കാർയ‌്യത്തിന ആള
അയക്കണ്ടെ അവസ്ഥക്ക സായ്പു അവർകളെ കല്പന ആയി വരണമെന്ന നാം വളര
പ്രാർത്ഥിക്കുന്നു. എന്നാൽ 974 മാണ്ട മെടമാസം 29 നു എഴുതിയത മെടം 31 നു
ഇങ്കിരിയസ്സ കൊല്ലം 1799 മത മായിമാസം 11 നു വന്നു. അന്നതന്നെ പെർപ്പാക്കിയത.

1190 J

1448 മത രാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കടി സുപ്രഡെണ്ടൻ ജെമിസ്സ
ഇഷ്ടിവിൻ സായ്പ അവർകൾ പൌസ്ദാരി കച്ചെരിയിൽ ദൊറൊഗ പയ‌്യപ്പ്രത്ത
കുഞ്ഞിപ്പക്കിക്ക എഴുതിയ കല്പന. എന്നാൽ തീയ‌്യൻ മണിയല കുഞ്ഞാമന്റെയും
മരുതൊട്ടു പൊക്കന്റെയും ആയുസ്സുകളവാൻ തക്കവണ്ണം താൻ വിധിച്ച വിധിപ്രകാരം
തന്നെ സുപ്രവൈജരുടെ സ്ഥാനവും മെൽ മജിസ്ത്രാറിന്റെ സ്ഥാനവും പരിപാലിക്കുന്ന
കുമിശനർ സായ്പമാര അവർകൾക്കും വൃഷ്ടീസ്സ മജിസ്താദ സായ്പമാര മൂവർക്കുംകൂടി
ബൊധിച്ചതുകൊണ്ട മെൽപറഞ്ഞ രണ്ടാളെ കൊത്തി ആയുസ്സ കളയിപ്പാൻ തക്കവണ്ണം
നമുക്ക കല്പന വന്നിരിക്കുന്ന. അതുകൊണ്ട ലൊകർക്കും അവിട വരുന്നവർക്കും
കാൺങ്ക പ്രതി ആയിട്ട ആയതിന്ന വെണ്ടുന്ന ഘൊഷത്തൊടുകൂട ഈ വരുന്ന
തിങ്കളാഴിച്ച എടമാസം 2 നു സൂര്യൻ ഉദിച്ച അസ്തമിക്കുന്നതിനു മുൻമ്പെ തലച്ചെരി
നകരത്തിൽ എറ്റം പരസ്യമായിട്ടുള്ളു സ്ഥലത്തിങ്കൽനിന്ന മെൽപറഞ്ഞ വിധിപ്രകാരം
കുഞ്ഞാമന്റെയും പൊക്കന്റെയും ആയുസ്സ കളയണ്ടുന്നതിന്ന ഇതിനാൽ തനിക്ക
കൽപ്പന കൊടുത്തിരിക്കുന്നു. ശെഷം കൊത്തിക്കൊല്ലുന്ന പ്രവൃത്തി എടുക്കുന്ന
വനെങ്കിലും അവർക്കെങ്കിലും കൊത്തികൊല്ലുവാൻ തക്കവണ്ണം കൊടുക്കുന്ന കല്പന
തന്റെ സ്ഥാനത്തിന്റെ മുദ്രയൊടും കർയ‌്യൊപ്പൊടുംകൂട എഴുത്തിൽ തന്നെ
കൊടുക്കയും വെണം. നമ്മുടെ സ്ഥാനത്തിന്റെ മുദ്രയും നമ്മുടെ കയ‌്യൊപ്പും ഇട്ട
ഈക്കല്പന തനിക്ക കൊടുത്തിരിക്കുന്നു. എന്നാൽ കൊല്ലം 974 മത മെടമാസം 31 നു
ഇങ്കിരിയസ്സ കൊല്ലം 1799 മായി മാസം 11 നു തലച്ചെരിയിൽനിന്നും എഴുതിയത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/617&oldid=201490" എന്ന താളിൽനിന്ന് ശേഖരിച്ചത്