താൾ:39A8599.pdf/27

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxiii

സംസ്കൃതഭാഷ വശമാക്കി ഗ്രന്ഥക്കെട്ടുകളിൽനിന്നു ഭാരതീയ നിയമ
വ്യവസ്ഥകൾ കണ്ടെത്തി പുനരവതരിപ്പിച്ചു (1798). മനുസ്മൃതി, വ്യവഹാരമാല
തുടങ്ങിയവ കോളണി വാഴ്ചക്കാരുടെ ദൃഷ്ടിയിൽ പ്രമാണഗ്രന്ഥങ്ങളായി
ത്തീർന്നത് ഈ പശ്ചാത്തലത്തിലാണ്. ഇത്തരം ഗ്രന്ഥങ്ങൾ കൈകാര്യം
ചെയ്തിരുന്ന ബ്രാഹ്മണർക്ക്, പാശ്ചാത്യ ക്രൈസ്തവ സമൂഹത്തിൽ പുരോഹി
തർക്കുള്ള പദവി ഇവിടെ കോളണിവാഴ്ചക്കാർ കല്പിച്ചു കൊടുക്കുകയും
ചെയ്തു. ബ്രാഹ്മണ വ്യവസ്ഥകൾ പാശ്ചാത്യ ക്രൈസ്തവസഭാനിയമങ്ങൾ
പോലെ, അടിസ്ഥാന മാർഗ്ഗരേഖകളായി ഉയർന്നു. പതിനെട്ടാം നൂറ്റാണ്ടിൽ
നിന്നു പത്തൊമ്പതാം നൂറ്റാണ്ടിലേക്കു കടക്കുന്ന ഘട്ടത്തിലുണ്ടായ ഇത്തരം
മാറ്റങ്ങൾ കൊളോണിയൽ അധികാരികൾ സ്വീകരിച്ചുറപ്പിച്ച കാഴ്ചപ്പാടിൽ
ഇന്ത്യയിലെ ഇടത്തരക്കാർകൂടി വ്യാഖ്യാനിച്ചതോടുകൂടി ഭാരതീയരുടെ
ആത്മദർശനത്തിൽതന്നെ മാറ്റമുണ്ടായി. ലിഖിത നിയമമാണ് പ്രധാനം; അതു
കൈവശമുള്ളവനാണ് ജ്ഞാനി എന്ന ധാരണ പരന്നു. ബ്രാഹ്മണരെ സർവ
ജ്ഞാനികളായി ഉയർത്തിക്കാട്ടുന്നതിൽ കോളണിവാഴ്ചയ്ക്കുള്ള പങ്കു
വിശദപഠനം അർഹിക്കുന്നു.

ഭാരമായിത്തീരുന്ന ഓറിയന്റലിസം

കേരളത്തിലെ പരമ്പരാഗത ക്രൈസ്തവ സമൂഹമായ നസ്രാണികൾ
പാശ്ചാത്യ സമ്പർക്കമുണ്ടായ പതിനാറാംനൂറ്റാണ്ടുമുതൽ ഇത്തരമൊരു കുടു
ക്കിൽ അകപ്പെട്ടിരുന്ന കാര്യം ഇവിടെ ഓർമ്മിക്കാവുന്നതാണ്. കടൽകട
ന്നെത്തിയ പോർത്തുഗീസുകാർക്ക് ഇവിടത്തെ ക്രൈസ്തവസമൂഹത്തെക്കുറിച്ചു
ണ്ടായിരുന്ന മുഖ്യപരാതി അവർക്കു വ്യക്തമായ ചട്ടങ്ങളും നിയമങ്ങളും നിർവച
നങ്ങളും ഇല്ല എന്നതായിരുന്നു. ആ പോരായ്മ പരിഹരിക്കാനാണ് 1599ലെ
ഉദയംപേരൂർ സൂനഹദോസ് സംഘടിപ്പിച്ചത്. അന്നുമുതൽ നിയമാവലികൾ
കൊണ്ട് ക്രൈസ്തവസമൂഹത്തെ വരിഞ്ഞുമുറുക്കുന്ന സേവനത്തിലാണ്
പാശ്ചാത്യർ. പാശ്ചാത്യീകരണത്തിന്റെ ഈ ലഘുമാതൃകയോടു പൊരു
ത്തപ്പെടുന്നതാണ് മലബാറിലെ ബ്യഹത്‌മാതൃക. രേഖകളിലൂടെ അധികാര
ത്തിന്റെ പടവുകൾ ഉയരുന്നതു തലശ്ശേരി രേഖകളിൽ കാണാം. കത്തുകളും
കരാർന്നാമവും ചമയ്ക്കുന്നതിൽ അതിവിദഗ്ദ്ധനായിരുന്ന കുറുമ്പ്രനാട്ടു
വീരവർമ്മ കോളണിവാഴ്ചക്കാരിൽ ചെലുത്തിയ അമിത സ്വാധീനത്തിന്റെ
കഥ വേർതിരിച്ചെടുത്തു പഠിക്കാവുന്നതാണ്. തന്നിഷ്ടത്തിനും സേച്ഛാ
ധികാരത്തിനും രേഖകൾ ഉപയോഗിക്കുന്നതിലായിരുന്നു നാടുവാഴികൾക്കു
ശ്രദ്ധ. ചരിത്രരേഖകൾ സാമൂഹിക ബലാൽക്കാരത്തിന് ഉപയോഗിക്കുന്നതിന്റെ
മാതൃകകളാണ് ഉദയമ്പേരൂർ സൂനഹദോസിന്റെ കാനോനകളും തലശ്ശേരി രേ
ഖകളും. രണ്ടിടത്തും, എഡ്വേർഡ് സൈദ് സൂചിപ്പിക്കുന്ന തരത്തിലുള്ള
ഓറിയന്റലിസം ജനങ്ങളുടെമേൽ ഭാരപ്പെടുന്നു. ചരിത്രത്തിൽ നഷ്ടപ്പെട്ടു
പോയ രാജ്യവും ജനതയുമായിട്ടാണ് ഇവിടെ ഭാരതത്തെ പരിഗണിക്കുന്നതെന്ന
കാര്യം ശ്രദ്ധിക്കുക.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/27&oldid=200276" എന്ന താളിൽനിന്ന് ശേഖരിച്ചത്