താൾ:39A8599.pdf/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 187

കർക്കിടകമാസം 2 നു ഇങ്കിരെശ കൊല്ലം 1797 ആമത ജൂലായിമാസം 14 നു
തലച്ചെരിനിന്നും എഴുതിയത.

416 H

592 ആമത മഹാരാജശ്രീ വടക്കെ അധികാരി തലച്ചെരി തുക്കിടി സുപ്രർഡെണ്ടൻ
കൃസ്തപ്രർ പീലി സായ്പി അവർകൾക്ക കുറുമ്പ്രനാട്ട വീരവർമ്മരാജാവ അവർകൾ
സല്ലാം. 25 നു കല്പിച്ചുകൊടുത്തയച്ച കത്ത 29 നു ഇവിടെ എത്തി. വായിച്ച വഴിപൊലെ
മനസ്സിൽ ആകയും ചെയ്തു. ചാവടിയിൽ വിചാരിക്കുംന്ന മുപ്പന നാം എഴുതി അയച്ചിട്ടും
ഇല്ലാ. നമ്മുടെ എഴുത്ത അവൻ ഒട്ടും നടപ്പാൻ സങ്ങതി ഇല്ലന്ന കത്തിൽ കണ്ടപ്രകാരം
നിരൂപിക്കകൊണ്ടും നികുതിപിരിക്കെണ്ടുംന്നതിന കുടിയാൻമ്മാര നമ്മുടെ അടുക്കൽ
വരരുതെന്ന അവൻ വിരൊധിക്കകൊണ്ടും കുടിയാൻമ്മാരെ കാണാതെ കണ്ട നികുതി
പിരിക്കെണ്ടുംന്ന വഴി ഇല്ലല്ലൊ. എന്നാൽ ഈ സങ്കടം സായ്പ അവർകൾക്ക
അറിക്കതന്നെ അല്ലാതെ നാം നിരൂപിച്ചാൽ നൃവാഹം ഇല്ലല്ലൊ എന്ന വെച്ചിട്ടത്രെ
എഴുതി അറിയിച്ചതാകുന്നു. ഇരിപതുദിവസം നാം താമരശ്ശെരിയിൽ പാർത്തിട്ടും
കൊടുവള്ളി ഹൊബളിയിൽ ഉള്ള കുടിയാൻമ്മാര വന്ന കണക്കനൊക്കുകയും
നികുതിപ്പണം തരികയും ഉണ്ടായതും ഇല്ലാ. കല്പന ഉണ്ടായാൽ വഴി ആകുമെല്ലൊ
എന്ന വിചാരിച്ച 29 നു കുറുമ്പ്രനാട്ടക്ക നാം വരികയും ചെയ്തു. ദൊറൊഗക്ക വന്ന കത്ത
ചാവടിക്ക കൊടുത്തയക്കയും ചെയ്തു. എല്ലാ കാർയ്യങ്ങൾക്കും ദെയകടാക്ഷം ഉണ്ടാകയും
നെരുപൊലെ നടത്തി രെക്ഷിച്ച കൊൾകയും വെണം. കൊല്ലം 972 ആമത മിഥുനമാസം
30നു എഴുതിയത കർക്കിടകം 3 നു ജുലായി 15 നു വന്നത. കർക്കിടകം 7 നു ജുലായിമാസം
19 നു പെർപ്പാക്കി അയച്ചിരിക്കുംന്നു.

417 H

593 ആമത മലയാംപ്രെവശ്യയിൽ വടക്കെപ്പകുതിയിൽ അധികാരി പീലി സായ്പി
അവർകളുടെ സന്നിധാനത്തിങ്കൽ ബൊധിപ്പിപ്പാൻ രണ്ടുതറയിലും ചാല മതിലകത്തും
സ്താനപ്പെട്ടതിൽ മുമ്പായിരിക്കുംന്ന കടാംങ്കൊടൻ അമ്പുവും വെള്ളുവ ഇല്ലത്ത ഉള്ള
ആളുകൾ എല്ലാവരുംകൂടി എഴുതിയ അർജി. രണ്ടുതറയിൽ പൊഴനാട്ട കാര
ണൊൻമ്മാരെ അനന്തിരവര നാലര എന്നവെച്ചാൽ കടാംകൊടനും മാവലിയും
വെള്ളുവയും മരിതിയൊടനും 67 ൽ ഇങ്കിരിയസ്സ കുബഞ്ഞിയിൽ വിശ്വസിച്ച
എഴുതിക്കൊടുത്തത. ഈ നാല കാരണൊൻമ്മാര തന്നെ ആകുന്നത. ജെനരാള സായ്പി
968ൽ കത്ത എഴുതിക്കൊടുത്ത പൊഴനാട്ട കാരണൊൻമ്മാർക്കാരെ അനന്തിരവർക്ക
എന്നല്ലൊ ആകുന്നു. എന്നാൽ കടാംങ്കൊടനും മാവിലയും വെള്ളുവയും മരുതിയൊടനും
എല്ലൊ അനുഭവിക്കെണ്ടത. അത മാവലി ആയില്ല്യത്ത ഉണ്ണിച്ചമ്പ്യാര ശെഷം കണ്ടൊത്ത
അനന്തൻ കാപ്പാടൻ പള്ളിയത്ത കൊരൻ കാപ്പാടൻ തന്നെ അരെത്ത കെളപ്പൻ
മയിലപ്പുംവൻ ഇതിൽ മാവില അനന്തരവൻ ശെഷം മുന്ന ആളും പൊഴനാട്ടെ
കാരണൊൻമ്മാരെ അനന്തിരവര അല്ലാ. ഇക്കാർയ്യ്യങ്ങള ഒക്കയും ആണ്ടിലി സായ്പും
ആട്ടുസെൻ സായ്പും രണ്ടുതറയിൽ ഉള്ള കഴകംങ്ങളിൽ ഉള്ള ബ്രഹ്മണരെയും
അവിടെ ഉള്ള തറവാട്ടുകാരെയും വരുത്തി വിസ്തരിച്ച ദിവാന കച്ചെരിയിൽ എഴുതി
വെച്ചിട്ടും ഉണ്ട. സായ്പി അവർകളുടെ കൃപ ഉണ്ടായിട്ട അവകാശംമ്പൊലെ
അനുഭവിക്കാറാക്കിത്തരികയും വെണം. 968ആമതിൽ ജെന്നരാൾ സായ്പിതന്നെ കത്തിൽ
കാണുംന്ന അനന്തിരവൻമ്മാര നാലാളെ പെര കടാംങ്കൊടനും മാവിലയും വെള്ളവയും
മരുതിയൊടനും തന്നെ ആകുന്നു. 972 ആമത കർക്കിടകമാസം 2 നു എഴുതിയ ഓല
അർജി 3 നു ജൂലായി 15 നു വന്നത. കർക്കിടകം 9 നു ജൂലായി 21 നു പെർപ്പാക്കി
ക്കൊടുത്തു.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/247&oldid=200691" എന്ന താളിൽനിന്ന് ശേഖരിച്ചത്