താൾ:39A8599.pdf/20

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xvi

ആത്മദർശനവും അന്യോന്യ ദർശനവും

വിവിധ ഉപസമൂഹങ്ങളുടെ ആത്മദർശനവും അന്യോന്യദർശനവും
വേർതിരിച്ചുകാണാൻ പാകത്തിൽ വ്യവഹാരാപഗ്രഥനം നടത്താവുന്ന ധാരാളം
രേഖകളുണ്ട്. ഞാൻ/ഞങ്ങൾ/ഞങ്ങളുടേത് — അവൻ അവർ അവരുടേത്
എന്നീ ദ്വന്ദ്വങ്ങളിൽനിന്നു പഠനം തുടങ്ങാം. നമ്മൾ, നമ്മുടേതു എന്നിവയുമായി
ഇവ എങ്ങനെ ബന്ധപ്പെടുന്നു എന്ന് അന്വേഷിക്കാം. മങ്ങലോരത്തെ ക്രൈസ്തവ
രുടേതായി കാണുന്ന 1359 -ാം കത്ത് നല്ല ഉദാഹരണമാണ്. മൈസൂർ ആക്രമണ
ത്തിന്റെയും കമ്പനി ഭരണത്തിന്റെയും നിഴലിൽ മതപരമായ സ്വത്വത്തെക്കുറി
ച്ചുള്ള തീവ്രബോധത്തോടുകൂടി അവർ പ്രതികരിക്കുന്നു. വസ്തുനിഷ്ഠവും അചാ
ല്യവുമായ ചരിത്രരേഖയെന്നതിനെക്കാൾ ആത്മഭാവങ്ങൾ പകർന്നുതരുന്ന
സവിശേഷവ്യവഹാരമായി ഇതിനെ മനസ്സിലാക്കാൻ വ്യവഹാരാപഗ്രഥനം
ഉപകരിക്കും. ഇത്തരം സ്വത്വാന്വേഷണമാണ് പോസ്റുമോഡേൺ ചരിത്രാ
ന്വേഷണത്തിന്റെ കാതൽ. 1428 -ാം നമ്പരായി കാണുന്ന രേഖയിൽ മതവും
രാഷ്ട്രീയവും കലർത്തി എഴുത്തുകാരനും വായനക്കാരനും ഇടയിൽ മതതീ
ക്ഷതകൊണ്ടു പാലം പണിയുന്നു. കോളണി വാഴ്ചക്കാരുടെ അതിക്രമത്തി
നെതിരെ അങ്ങനെയുമുണ്ടായിരുന്നു പ്രതിരോധം. ഇംഗ്ലീഷുകാർ പുതുതായി
ഏർപ്പെടുത്തിയ ഭരണക്രമീകരണങ്ങളിൽ സജീവമായി പങ്കെടുത്ത കുറുമ്പ്ര
നാട്ടു വീരവർമ്മ രാജാവ് പോലീസധികാരിയായ ചന്ദ്രയ്യൻ ദൊറോഗയുടെ
അതിക്രമങ്ങളെക്കുറിച്ചു അമർഷം പ്രകടിപ്പിക്കുന്ന കത്ത് വ്യവഹാരാപഗ്രഥന
ത്തിനു നല്ല സാധ്യതയുള്ളതാണ്. കത്തെഴുതുന്നതു കവാട സായ്പിനാണ
ങ്കിലും പ്രത്യക്ഷമായ ആരോപണങ്ങൾ ചന്ദ്രയ്യനിലേക്കു നീങ്ങുന്നു. എങ്കിലും
അന്തിമമായി ആരോപണങ്ങൾ പോറലേൽപിക്കുന്നതു കോളണി ഭരണത്തെ
യാണ്. സംഭവങ്ങളുടെ ആഖ്യാനത്തിൽ കഥാപാത്രങ്ങളെ പട്ടർ, മാപ്പിള, നായർ,
തീയൻ, നമ്പൂതിരി, ആശാരി, കൊല്ലൻ, ജൈനർ തുടങ്ങിയ ലേബലുകളിൽ
അവതരിപ്പിക്കുന്നതിന്റെ പ്രസക്തി വ്യവഹാര മാതൃകയുടെ അടിസ്ഥാനത്തിൽ
തിട്ടപ്പെടുത്തേണ്ടതാണ്. വീരവർമ്മരാജാവിന്റെ കത്തിൽ ജൈനരുമായി
ബന്ധപ്പെടുന്ന നായർ സ്ത്രീകളെക്കുറിച്ച് എഴുതിയിരിക്കുന്നതു അചാല്യമായ
ചരിത്രരേഖയായി കൊണ്ടുനടക്കാതെ ഉപപാദനത്തിലെ ധർമ്മങ്ങൾ മുൻനി
റുത്തി വ്യവഹാരാപഗ്രഥനത്തിനു വിധേയമാക്കണം. ആര് ആരോടു എപ്പോൾ
പറയുന്നു എന്നതുപോലെയോ അതിലധികമോ ഇവിടെ പ്രസക്തമായ ചോദ്യം
എന്തിനു പറയുന്നു എന്നതാണ്. വീരവർമ്മയുടെ ലക്ഷ്യങ്ങൾ മനസ്സിലാക്കി
യാലേ പ്രസ്താവത്തിന്റെ പൊരുൾ വ്യക്തമാവൂ. എല്ലാ രാഗദ്വേഷങ്ങളെയും
സാമുദായികമായി അവതരിപ്പിച്ചു പ്രതിവിധിതേടുന്ന വ്യവഹാരമാതൃക
ഭാഷാചിഹ്നങ്ങളും പ്രശ്നപരിസരവും അവലംബമാക്കി അപഗ്രഥിക്കേണ്ടി
യിരിക്കുന്നു. വ്യവഹാരത്തിൽ യുക്തിവിചാരത്തിന്റെ ഭാഗമായി സങ്കൽപി
ച്ചിരിക്കുന്ന മുന്നറിവുകൾ, ഉരുത്തിരിയുന്ന നിഗമനങ്ങൾ എന്നിവ വിശദമായി
പഠിക്കാം. ഇവയെല്ലാം സമൂഹസ്പർശമുള്ള അറിവുകളാണ്.

സാമ്പത്തിക വ്യവഹാരങ്ങൾ

രേഖാശേഖരത്തിലെ മറ്റൊരു ജ്ഞാനമേഖലയെക്കുറിച്ചു
അറിവുനൽകുന്ന സംജ്ഞകളാണ് പണം, പണ്ടം, റേസ്സ്, ഗഡു, പാട്ടം, കപ്പം, കടം,
പലിശ, പറ്റ്, നിലുവ, പിഴ, മുതൽ, നികുതി, ചുങ്കം, ഓഹരി, പണയം തുടങ്ങിയവ.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/20&oldid=200262" എന്ന താളിൽനിന്ന് ശേഖരിച്ചത്