താൾ:39A8599.pdf/19

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xv

വ്യവഹാരാപഗ്രഥനം

സ്ഥലവ്യക്തിനാമങ്ങൾക്കു പുറമേ വിവിധ വ്യവഹാരമാതൃകകളെ (dis
course models) ക്കുറിച്ചു മുന്നറിവു നൽകുന്ന കത്ത്, പരസ്യക്കത്ത്, അന്യായം,
അർജി, കൽപന, കരാർ, കരാർന്നാമം, തരക്, ഓല, ശീട്ട്, ഓലക്കരണം, കൈമുറി,
പരസ്യം, സങ്കടം തുടങ്ങിയ സംജ്ഞകൾ സൂചികയിലുണ്ട്. ഈ പദങ്ങളുടെ
പ്രധാന്യമെന്ത് എന്നു സംശയമുണ്ടായേക്കാം. തലശ്ശേരി രേഖകളുടെ അനന്യ
മായ സാധ്യതകളിലേക്കുള്ള കൈചൂണ്ടികളാണ് ഈ വാക്കുകൾ.

ഭാഷയുടെ പ്രവർത്തനതത്ത്വങ്ങളും ധർമ്മവും അന്വേഷിക്കുന്ന ഭാഷാ
ശാസ്ത്രജ്ഞന് വൈവിധ്യപൂർണ്ണമായ ഭാഷാപ്രയോഗരീതികളെക്കുറിച്ചു
വ്യക്തമായ ധാരണ നൽകുന്നതാണ് തലശ്ശേരി രേഖകളിലെ കത്തുകൾ മുതൽ
കൈശീട്ടുകൾ വരെയുള്ള വിവിധ വ്യവഹാരമാതൃകകൾ. വ്യവഹാരമാതൃക
കളിൽനിന്നു വ്യവഹാര ചിഹ്നങ്ങൾ (discourse models and discourse mark
ers) കണ്ടെത്തി ഭാഷാപഠനം കൂടുതൽ അർത്ഥപൂർണ്ണമാക്കാം. ആര്, ആരോട്,
എന്തിന്, എങ്ങനെ, എപ്പോൾ, എവിടെ തുടങ്ങിയ ചോദ്യങ്ങൾക്കു ഭാഷാരൂപങ്ങ
ളുടെ വ്യവഹാരമൂല്യനിർണ്ണയനത്തിലുള്ള പ്രാധാന്യം അംഗീകരിക്കുന്നതാണ്
വ്യവഹാരാപഗ്രഥനം (discourse analysis). പ്രകരണത്തെക്കുറിച്ചുള്ള ചോദ്യ
ങ്ങൾ മനസ്സിൽ വച്ചുകൊണ്ട് ഓരോ വ്യവഹാരത്തിലെയും സർവനാമങ്ങൾ,
ബന്ധസൂചകപദങ്ങൾ, കാലവാചികൾ, പ്രകാരപ്രത്യയങ്ങൾ, സംബോധനകൾ,
സമുച്ചയ വികൽപങ്ങൾ, സഹായകപ്രക്രിയകൾ തുടങ്ങിയ ഭാഷാവിശേഷങ്ങൾ
പ്രത്യേകമായോ ഘടനാപരമായോ പഠിക്കാവുന്നതാണ്. ഇവയെല്ലാം ചേർന്നു
നൽകുന്നതാണ് ഭാഷയുടെ സംവേദനശക്തി. സാഹിത്യപഠനത്തിൽ സാമ്പ്രദായി
കമായി ഭാരതീയർ ഉപയോഗിച്ചു വരുന്ന വ്യാഖ്യാനതന്ത്രം, വിശിഷ്യ ബൗദ്ധ
സങ്കേതങ്ങൾ, (Budhist hermeneutics) കുറെക്കൂടി കൃത്യമായും കണിശമായും
ഭാഷാതലത്തിൽ, സവിശേഷവ്യവഹാരങ്ങളിൽ പ്രയോഗിച്ചാൽ ഭാരതീയ
മാതൃകയിലുള്ള വ്യവഹാര അപഗ്രഥനമായേക്കും.

ഇന്ന്, വ്യവഹാരാപഗ്രഥനം, ഭാഷാതലത്തിൽ പരിമിതപ്പെടാതെ
ബഹുവിഷയസ്പർശിയായ വിജ്ഞാനശാഖയായി വളർന്നിരിക്കുന്നു. സാമൂ
ഹ്യശാസ്ത്രങ്ങൾ, മനശ്ശാസ്ത്രം, തത്ത്വചിന്ത, ജ്ഞാനശാസ്ത്രം എന്നിവയുമായി
ഭാഷാശാസ്ത്രം ബന്ധപ്പെടുന്ന പരിവർത്തനമേഖലയായി വ്യവഹാരാപഗ്രഥനം
വികസിച്ചിട്ടുണ്ട്. ഉദാഹരണത്തിന് തലശ്ശേരി രേഖകളുടെ വ്യവഹാരാപഗ്രഥന
ത്തിൽ കേരളസമുദായത്തിൽ അന്നു നിലവിലിരുന്ന ജാതിശ്രേണിയും അതിൽ
ഇംഗ്ലീഷുകാരുടെ കടന്നുകയറ്റം കൊണ്ടുണ്ടായ ദ്രുതചലനങ്ങളും തെളിഞ്ഞു
വരും. വിവിധ സമുദായക്കാരുടെ ആത്മദർശനവും അന്യോന്യദർശനവും
വെള്ളക്കാർക്ക് ഇവരെക്കുറിച്ചെല്ലാമുണ്ടായിരുന്ന കാഴ്ചപ്പാടും പദാവലി,
സംബോധനകൾ, ആചാരപദങ്ങൾ, ഉപപാദനം തുടങ്ങിയവ മുൻനിറുത്തി വിവരി
ക്കാവുന്നതാണ്. കത്തുകൾ ഇക്കാര്യത്തിൽ ഏറെ പ്രയോജനപ്പെടും. നമ്പ്യാന്മാർ,
നായന്മാർ, തീയർ, മാപ്പിളമാർ, പട്ടർ തുടങ്ങിയ ജാതിക്കാരുടെ കത്തുകൾ
താരതമ്യം ചെയ്തു പഠിക്കുന്നതു സാമൂഹിക ഭാഷാശാസ്ത്രജ്ഞനു മാത്രമല്ല,
നരവംശശാസ്ത്രജ്ഞനും പ്രയോജനകരമായിരിക്കും .

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/19&oldid=200260" എന്ന താളിൽനിന്ന് ശേഖരിച്ചത്