താൾ:39A8599.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

തലശ്ശേരി രേഖകൾ 53

പറഞ്ഞതിന്റെശെഷം പ്രവൃത്തി പിന്ന ഒരുത്തർക്ക കൊടുപ്പാൻ സമ്മതിക്ക ഇല്ല. മുതലും
തരിക ഇല്ലന്ന കൊറെ ബെലത്തിൽ പറഞ്ഞൊണ്ട ഇരുന്നു. പ്രവൃത്തി ഓരൊരുത്തർക്ക
കൊടുക്കുകയും പ്രവൃത്തി കണക്ക ബൊധിപ്പിക്കുകയും പ്രവൃത്തി മാറികൊടുക്കുകയും
രാജ്യത്ത എല്ലാടവും മർയ‌്യാദ ആയിട്ട ഉള്ളതെല്ലൊ ആകുന്നു. പ്രവൃത്തിക്കാരൻ ബെലം
പറഞ്ഞി നിൽക്ക ഒരു രാജ്യത്തും മർയ‌്യാദയെല്ലല്ലൊ. മർയ‌്യാദ അല്ലാത്ത കാർയ‌്യം
ഒരുത്തര കാട്ടുംബൊൾ രാജ്യത്ത ഒക്കയും പ്രമാണമായിട്ട ഇർക്ലിരസ്സ കുബഞ്ഞി എല്ലൊ
ആകുന്നു. ഈ വർത്തമാനം അന്നുമുതൽക്ക കൂടകൂട കുബഞ്ഞി എജമാനൻമാർക്ക
നാം എഴുതി അയച്ചതിന്റെശെഷം അക്കാരിയം ഒക്കയും നെലയാക്കി തരാമെന്നു
നമുക്ക എഴുതി അയച്ചും ഇരിക്കുന്നു. അക്കാരിയത്തിന്ന കുബഞ്ഞി
എജമാനൻമ്മാരത്തന്നെ നബ്യാരെ അടുക്ക ആള അയച്ച പല പ്രകാരത്തിലും
വിചാരിച്ചതിന്റെശെഷം ആയതിൽ ഒന്നും നബ്യാര നെരായിട്ട നിന്നതും ഇല്ല. നബ്യാരെ
ഇപ്രകാരം രാജ്യം അടക്കി മുതൽ കൊടുക്കാതെയിരുന്നതിന്ന ഒരു ശൊദ്യം
കാണുന്നില്ലല്ലൊ എന്നും എന്നാൽ നമുക്കും അതിൻവണ്ണം ചെയ്യുന്നതെല്ലൊ
നല്ലതെന്നവെച്ച മെങ്ങയിൽ ചാത്തുവും നിടുപൊടൻ കുഞ്ഞാനും നബ്യാരെകൂട
കൂടുകയും ചെയ്തു. ഒരുത്തൻ നാനാവിധം കാട്ടുന്നതിന്ന ശൊദ്യം ഇല്ലന്ന വെച്ച രെ
ണ്ടുപെര അവന്റെകൂട കൂടി. ഇപ്പൊൾ മൂന്നപെരായല്ലൊ. എനിയും ഇതിനൊരു
ശൊദ്യം ഇല്ലാഞ്ഞാൽ രാജ്യം ഒക്കയും ഇതിൻവണ്ണം ആയി വരുമെല്ലൊ എന്നും വിസ്തരിച്ച
നാം ജനരാൽ സായ്പു അവർകളൊട കൊഴിക്കൊട്ടന്ന പറഞ്ഞതിന്റെ ശെഷം ഇത
ഒക്കയും ജനരാൾ സായ്പു അവർകൾ വഴിപൊലെ വിചാരിച്ച അക്കാര്യം വെണ്ടുംവണ്ണം
ആയി വന്നുവെങ്കിൽ വെണ്ടുംവണ്ണം ആക്കികൊടുക്കണം എന്നും ആയത അല്ലങ്കിൽ
അവനെ ശിക്ഷിച്ച അടക്കി കൊടുക്കണം എന്നും മെസ്തർ മരിസായ്പു അവർകൾക്ക
കൽപ്പനയും കൊടുത്തു. മരിസായ്പു അവർകൾ ചെന്ന നബ്യാരുമായി വിചാരിച്ചതിന്റെ
ശെഷംവും നെരായിട്ട വാരായ്കകൊണ്ട കുംബഞ്ഞി പട്ടാളം പൊറപ്പെടുന്നു. നിങ്ങൾ
വിചാരിച്ചാൽ കുടുന്ന ആള അയ്ക്കണം എന്ന മരിസായ്പു അവർകൾ നമ്മൊട
പറഞ്ഞാറെ അഞ്ഞൂറ അറുനൂറ ആളകുടി നാം പട്ടാളത്തിന്റെ കുട അയച്ച പാളയം
ചെന്ന നബ്യാരുടെ ഠാണയങ്ങളിൽ ഒക്കയും ഇരുന്ന വരികയും ചെയ്തുവെല്ലൊ.
അതിന്റെശെഷം നബ്യാര തൊന്നിയവണ്ണം കാട്ടിയിരിക്കുന്ന നാനാവിധങ്ങൾ ഒക്കയും
സായ്പു അവർകൾ അറിഞ്ഞിരിക്കുന്നെല്ലൊ. നെർകെടു കാട്ടുന്ന ആളുകൾക്ക ശിക്ഷ
ഉണ്ടല്ലൊ. എനി നെരകെടു കാട്ടുന്നത നന്നല്ലന്ന ബൊധിക്കകൊണ്ട നബ്യാരെ കുടകുടി
ഇരിക്കുന്നതിൽ ഒന്നരണ്ടാള ഇവിട വന്നു കണ്ടു. ശെഷം ഉള്ള ആൾകൾ കിഴക്കട ഉള്ള
മുതൽകൾ ഒക്ക തരാമെന്നും വെണ്ടുംവണ്ണം ഇരിക്കാമെന്നും വിചാരിക്കുകയും
ചെയ‌്യുന്നു. രാജ്യത്ത ഉള്ള ആൾകൾ കുബഞ്ഞി ജമാപന്തിപടിക്ക ഉള്ള മുതൽ ഒക്കയും
നമ്പ്യാര ഞെങ്ങളൊട വാങ്ങി ഇരിക്കുന്നെന്നും എനി മെൽപ്പട്ട കണക്കുംപടി ഉള്ള
മുതൽ ഞെങ്ങൾ തരാ മെന്നും പറഞ്ഞ രണ്ടുമൂന്ന ദെശത്ത ഉള്ള ആൾകൾ ഒഴികെ
ശെഷം എല്ലാവെരും കവിലായിട്ട വന്നിരിക്കുകയും ചെയ്തു. ഇപ്പൊൾ കുബഞ്ഞി പാളിയം
എതാൻ ഇങ്ങൊട്ട പൊരുകകൊണ്ട ഈ ആളുകൾക്ക ഒക്കയും മനസ്സിന വളര
വിഷാദമായിരിക്കുന്നു. ഇപ്പൊൾ രണ്ടുമാസത്തിൽലിടക്കാകുന്നു രാജ്യത്തെ മുതൽ
എടുത്തു വരണ്ടത. ആയത രുഇപമല്ലാതെ കണ്ടുപൊയാൽ ഇക്കൊല്ലത്തെ മുതലും
പൊയെന്നു വരികെല്ലെ ഉള്ളു. ഇക്കാരിയങ്ങളുടെ അവസ്ഥ ഇപ്രകാരം ആകുന്നു.
ആയത ഒക്കയും സായ്പു അവർകൾക്ക വഴിപൊലെ ബൊധിച്ചിരിക്കണമെല്ലൊ എന്ന
വെച്ചിട്ടാകുന്നു ഇത്ത്ര വിസ്തരിച്ച എഴുതിയത. രാമനാരായണന്റെ പറ്റിൽ മുൻബെ 5000
ഉറുപ്പിക കൊടുത്തയച്ചുവെല്ലൊ. ഇപ്പഴും 5000 ഉറുപ്യ കൊടുത്തയച്ചിരിക്കുന്നു. ശെഷം
ഉറുപ്പ്യയും താമസിയാതെ കൊടുത്തയക്കുകയുംമാം. എന്നാൽ കൊല്ലം 971 ആമത
ചിങ്ങമാസം 17 നു എഴുതിയത 18 നു വന്നത. അഗസ്തുമാസം 31 നു വന്നത.

"https://ml.wikisource.org/w/index.php?title=താൾ:39A8599.pdf/113&oldid=200458" എന്ന താളിൽനിന്ന് ശേഖരിച്ചത്