താൾ:34A11416.pdf/56

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

liv

വയിത്തിയരുടെ' ചികിത്സകൊണ്ട് സുഖപ്പെട്ടു വരുന്നതേയുള്ളൂ. എങ്കിലും
വൈദ്യർ അടുത്തുനിന്നു മാറിയ അവസരം നോക്കി, പ്രതികാരം ചെയ്യാൻ
ഒളിച്ചോടുന്നു. പക വീട്ടുന്നതിനിടയിൽ പഴയ മുറിവുപൊട്ടി ചോര വാർന്ന്
മരണമുഖത്തേക്ക് അടുക്കുമ്പോഴും പ്രതികാരം ചെയ്തതിന്റെ സംതൃപ്തി
യാണ് അയാൾക്ക്.

ഇന്ന് തന്നെ ഞാനോ മരിച്ചെങ്കിലും
സങ്കട ഇല്ല എനക്ക് പെങ്ങളെ
ഊയി അറവൂല നേര് പെങ്ങളെ

എന്ന് അയാൾ സഹോദരിയെ സമാധാനിപ്പിക്കുന്നു.

പറമ്പിക്കുറുക്കാട്ടെ കുഞ്ഞ്യാമറെ പാട്ടിൽ, ഭർത്താവിനെ ചതിച്ചു
കൊന്ന ഓമനപ്പൂക്കൊട്ടെ കുഞ്ഞിക്കണ്ണനെ ചതിയിൽത്തന്നെ കൊന്നതിനു
ശേഷമേ നെല്ലൊളിയെടത്തിലെ കുഞ്ഞിമ്മാക്കം ഭർത്താവിന്റെ ജഡം
ദഹിപ്പിക്കുന്നുള്ളു. അതുവരെ,

നാമറെ വയരത് കീറിപ്പിച്ചു
കസ്തൂരിയും കർപ്പൂരം നറപ്പിക്ക്ന്ന്
പെട്ടിയിലിട്ടാട വെപ്പിച്ചോള്.

വീരവനിതകൾ വടക്കൻ പാട്ടിൽ പൊതുവെ പുരുഷകഥാപാത്രങ്ങളേക്കാൾ
സ്ത്രീകൾക്കാണു തിളക്കം. പൂമാതൈ പൊന്നമ്മ, ഉണ്ണിയാർച്ച, കരുംപറമ്പിൽ
കണ്ണന്റെ പെണ്ണായ ആർച്ച, നെല്ലോളിയെടത്തിലെ കുഞ്ഞിമ്മാക്കം, കുങ്കി
ബില്ലിയാരി, തോട്ടത്തിലക്കം ചിരുതയി, എടൊട്ടും പൂങ്കാവിൽ ചിരുതയി,
മണലൂർ കുഞ്ഞിക്കുമ്പ എന്നിങ്ങനെ ആ പട്ടിക നീളുന്നു. ആത്മധൈര്യവും
തന്ത്രജ്ഞതയുമാണ് ഈ കഥാപത്രങ്ങളുടെ കരുത്ത്. ഉണ്ണിയാർച്ചയെ
പ്പോലെ പ്രത്യക്ഷമായ വീര്യപ്രകടനത്തിലല്ല, പ്രതികൂല സാഹചര്യങ്ങളിൽ
ധൈര്യവും ബുദ്ധിയുമുപയോഗിച്ച് വിജയം നേടുന്നതിലാണ് ഇവരുടെ
വൈഭവം. പുരുഷന്മാർ പലപ്പോഴും ഇവരുടെ ബുദ്ധിപൂർവകമായ തന്ത്രങ്ങ
ളിലെ കരുക്കളായിത്തീരുന്നതു കാണാം. തിരിച്ചും സംഭവിക്കുന്നതിന്
ഉദാഹരണങ്ങളുണ്ടെന്നു മറക്കുന്നില്ല.

Ballads of North Malabar രണ്ടാം വാല്യത്തിലെ മണലൂർ
കുഞ്ഞിക്കുമ്പയുടെ പാട്ട് ശ്രദ്ധേയമാണ്. ജാത്യധിഷ്ഠിതമായ ഉച്ചനീചത്വ
ബോധത്തിന് ശക്തമായ പ്രഹരമാണത്. പാട്ടിന്റെ ഉപരിഘടനയിൽ
ഇത്തരമൊരു ലക്ഷ്യബോധം കണ്ടെന്നു വരില്ല. കഥ ഇങ്ങനെ സംഗ്രഹിക്കാം.
മണലൂർ കോമന് വക പറഞ്ഞുവെച്ചിരുന്ന മണലൂർ കുഞ്ഞിക്കുമ്പയെ കണ്ട്
കക്കാട്ടുകുറ്റെരി നമ്പ്യാർ മോഹിക്കുന്നു. അയാൾ അവളെ ഊവ്വം വഴങ്ങാൻ
തീരുമാനിക്കുകയാണ്. (ഊവ്വം - താല്ക്കാലികമായ ലൈംഗികബന്ധം).
വിവരം അറിഞ്ഞ തച്ചോളി ഒതേനൻ, നമ്പ്യാർ ഊവ്വം വഴങ്ങാൻ എത്തുന്ന
തിനു മുമ്പേ കുമ്പയുടെ പടിഞ്ഞാറ്റിയിൽ കടന്നുകൂടി. രണ്ടു ദിവസം ഇത്
ആവർത്തിച്ചപ്പോൾ നമ്പ്യാർ കോപിച്ചു. പ്രതികാരമായി കുമ്പയെ പുലയനെ
ക്കൊണ്ടു തീണ്ടിക്കുന്നു. കുഞ്ഞിക്കുമ്പയാകട്ടെ ഭാവഭേദമൊന്നും കൂടാതെ
പുലയൻ ചോയിയുടെ ഒപ്പം യാത്രയാകുകയാണ്. അവൾ അയാളോടുകൂടി
സന്തോഷത്തോടെ ജീവിച്ചു. രണ്ടുമൂന്നു.കുട്ടികൾക്ക് അമ്മയുമായി. തന്റെ

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/56&oldid=200653" എന്ന താളിൽനിന്ന് ശേഖരിച്ചത്