താൾ:34A11416.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xiv

ഫോക്‌ലോറാകും. ഒരു സമുഹത്തിന്റെ, കൃത്യമായിപ്പറഞ്ഞാൽ ഒന്നിലേറെ
വ്യക്തികളടങ്ങുന്ന ഏതു കൂട്ടുകെട്ടിന്റെയും,ഒരുമയ്ക്കും സ്വരൂപത്തിനും നിദാനമായ
അറിവ് ഫോക്‌ലോറിന്റെ മേഖലയാണ്. അങ്ങനെ വരുമ്പോൾ, ട്രേഡ് യൂണിയൻ
വ്യവഹാരങ്ങളും മുദ്രാവാക്യങ്ങളും ചുവരെഴുത്തുകളും അണിഞ്ഞൊരുങ്ങുന്നതിൽ
താൽപര്യമുള്ള പെൺകുട്ടികളുടെ വേഷവിപ്ലവവും ആഭരണഭ്രമവും സിനിമാ
ജ്വരവും ഭക്ഷണശീലങ്ങളും രാഷ്ട്രീയ നേതാവിനെക്കുറിച്ചുള്ള സങ്കല്പങ്ങളും
വീടിനെക്കുറിച്ചുള്ള ധാരണയുമെല്ലാം ഫോക്‌ലോറിന്റെ വിശാലമേഖലയിൽ ഇടം
തേടിയെത്തുന്നു. സാംസ്കാരിക പ്രതിഭാസങ്ങൾഎന്ന നിലയിൽ ഇവ അപഗ്രഥി
ക്കാൻ ഫോക്‌ലോറിസ്റ്റിനു കഴിയണം. സമൂഹങ്ങൾക്കും ഉപസമൂഹങ്ങൾക്കും
ഉണ്മനൽകുന്ന ശക്തികളെക്കുറിച്ചുപഠിക്കുന്ന മറ്റു വിജ്ഞാനശാഖകളുമായി
സഹകരിച്ചു മാത്രമേ ഇവിടെ നാട്ടറിവിനെക്കുറിച്ചുള്ള പഠനം പുരോഗമിക്കൂ.
ഇത്രത്തോളമാകുമ്പോൾ ഫോക്‌ലോർ പഠനം വെറുമൊരു കൗതുകം എന്നതിനപ്പുറം
വർത്തമാനകാലജീവിതത്തെ ബാധിക്കുന്ന ബഹുതല സ്പർശിയായ ജ്ഞാനമായി
വളരുന്നു. ഇന്നത്തെ നിലയിൽ, പ്രചാരണപ്രവർത്തനങ്ങൾക്ക് മോടി കൂട്ടാനുള്ള
പഴഞ്ചരക്കുകൾ മാത്രമാണ് ഫോക്‌ലോറായി വിവക്ഷിക്കപ്പെടുക. ചരിത്രത്തിലേക്കു
കടന്നു നിൽക്കുന്ന നാട്ടറിവിന്റെ വൈകാരികശക്തി വിവേചിച്ചറിഞ്ഞ ചില രാഷ്ട്രീയ
നേതാക്കൾ പ്രചാരണതന്ത്രങ്ങൾക്കുള്ള ഉപകരണങ്ങളായി ഫോക് കലാരൂപങ്ങൾ
ഉപയോഗിച്ചിട്ടുണ്ട്. ഫാസിസ്റ്റുകൾ, ഫോക്‌ലോറുപയോഗിച്ചു എന്നു പറയാം.
ഇന്ന് ഉപഭോഗ സംസ്കാരം ആർത്തി വളർത്താൻ പരസ്യങ്ങളിൽ ഫോക്‌ലോർ
ഉപയോഗിക്കുന്നു. ഇതെല്ലാം ഫോക്‌ലോർ ഇന്നും സജീവമായ വ്യവഹാരമാണെന്നു
നമ്മെ ഓർമിപ്പിക്കുന്നു. ഫോക്‌ലോറിന്റെ വ്യാപ്തിയെക്കുറിച്ചുള്ള പുത്തൻ
ധാരണകൾ, ആ മണ്ഡലത്തിനു സമകാലിക സമൂഹത്തിൽ പ്രസക്തിയും പ്രാധാന്യവും
വർദ്ധിപ്പിക്കുന്നതാണ്.

നാട്ടുപൊരുൾതേടി നടത്തിയ സാഹസിക തീർത്ഥാടനത്തിന്റെ ഭാഗമായി
ട്ടാവണം പഴഞ്ചൊല്ലുകളും വടക്കൻ പാട്ടുകളും മാപ്പിളപ്പാട്ടുകളും ഐതിഹ്യങ്ങളും
ഗുണ്ടർട്ട് ശേഖരിച്ചത്. അവയിലൂടെ പ്രകാശിതമാകുന്ന അറിവ്, അതിലായിരുന്നു
അദ്ദേഹത്തിന്റെ ശ്രദ്ധ. കാച്ചിക്കുറുക്കിയ ചൊല്ലുകൾ, പഴഞ്ചൊല്ലുകൾ, ശേഖരിച്ച
വതരിപ്പിക്കുന്നതിൽ അദ്ദേഹം പ്രകടിപ്പിച്ച ശ്രദ്ധ ഇവിടെ അനുസ്മരിക്കുക. ഒരുപടി
കൂടി കടന്ന്, പഴഞ്ചൊൽ മാലയിൽ, പഴഞ്ചൊല്ലുകൾ ക്രൈസ്തവമതപ്രചാരണത്തിന്
ഉപയോഗിക്കാൻ കൂടി മിഷണറിയായ ഗുണ്ടർട്ട്ശ്രദ്ധിച്ചു. അപ്പോഴും പഴഞ്ചൊല്ലുകൾ
വളച്ചൊടിച്ചില്ല എന്നതു അദ്ദേഹത്തിന്റെ അക്കാദമിക് മാന്യതയായി പരിഗണിക്കാം.

തച്ചോളിപ്പാട്ടുകൾ എന്ന ശീർഷകത്തിൽ ഇവിടെ പ്രസിദ്ധീകരിക്കുന്ന
സമാഹാരത്തിലുള്ളതു കഥാഗാനങ്ങളാണ്. നാടോടിക്കഥകളുടെ അപ്രഗ്രഥനത്തിന്
വി.ജെ.പ്രോപ്പ് നിർദ്ദേശിച്ച മാതൃക (Vladimir Propp, Morphology of the Folk tale,
1968) എങ്ങനെ വടക്കൻ പാട്ടുകളിലെ കഥാഘടന വിശദീകരിക്കാൻ ഉപകരിക്കും
എന്നു ഡോ. എം ആർ. രാഘവവാരിയർ (പാട്ടുകഥാപ്രരൂപങ്ങൾ, വടക്കൻ
പാട്ടുകളിലെ കഥാഘടന, മലയാള വിമർശം, ലക്കം 11, ജൂലായ് 90-ജൂൺ 91)
വിവരിച്ചുട്ടുണ്ട്. ഘടനാവാദത്തിൽ ഉറപ്പിച്ചിട്ടുള്ള ഈ സമീപനത്തിലൂടെ
പാട്ടുകഥയുടെ ഘടനയിൽ നിന്നു സാംസ്കാരിക ഘടനയിലേക്കും പിന്നെ മൂല്യ

"https://ml.wikisource.org/w/index.php?title=താൾ:34A11416.pdf/16&oldid=200534" എന്ന താളിൽനിന്ന് ശേഖരിച്ചത്