താൾ:34A11415.pdf/42

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xl

മേൽ കാണിച്ചിട്ടുള്ള രേഖകളിൽ നിന്നു കൊള്ളയെക്കുറിച്ചു കൂടുതൽ വിവരങ്ങൾ
ലഭിക്കുന്നുണ്ട്. 971 മേടം 11-ന് കമ്പനിപ്പട്ടാളം പഴശ്ശികോവിലകത്തു കടന്ന്
പഴശ്ശിരാജാവിന്റെ മുതലുകൾ (ആയുധങ്ങളും പണവും ഉൾപ്പെടെ)
എടുത്തുകൊണ്ടുപോയി. ലഫ്. ജയിംസ് ഗോർഡന്റെ നേതൃത്വത്തിലായിരുന്നു
നീക്കമെന്നും പഴശ്ശി നാലുദിവസം മുമ്പേ മണത്തണയിലേയ്ക്കു പോയിരുന്നു
എന്നും മുമ്പ് സൂചിപ്പിച്ചിരുന്നുവല്ലൊ. അവിടെയും കമ്പനിപ്പട്ടാളം വരുന്നുവെന്ന്
അറിയിച്ചതു പഴവീട്ടിൽ ചന്തുവാണ്. അതനുസരിച്ച് 'ചൊരത്തുമ്മലേയ്ക്കു' പോയി.
പിന്നീട് ഗർണ്ണൽഡോം സായ്പ് നഷ്ടപ്പെട്ട വസ്തുവകകൾ തിരികെ നല്കാം
എന്നെഴുതിയിരുന്നു. എന്നാൽ 'പഴശ്ശീന്ന പൊയ മുതൽ തെകച്ച എത്തിയതുമില്ല."
എന്നു മാത്രമല്ല, "ഏതാൻ മൊതല വന്നത മൂന്നാം പക്കൽ തന്നെ വെച്ചിരിക്കുന്നു."
പഴശ്ശിരാജാവു തലശ്ശേരിക്കു വരണമെന്നും വരുന്നില്ലെങ്കിൽ പഴശ്ശികോവിലകത്തു
"വന്നപ്രകാരം വരുമെന്നും" ചന്തു താക്കീതു നല്കി. കോവിലകത്തുനിന്നു
കവർന്നെടുത്ത വസ്തുക്കളും പണവും തിരികെക്കൊടുത്തതായി ഒരു രേഖയിലും
കാണുന്നില്ല. കൊ.വ. 972 തുലാം 10-ലെ കത്ത് പഴശ്ശികോവിലകം കൊള്ളയെ
ക്കുറിച്ചുള്ള വിശദവിവരണങ്ങൾ അടങ്ങുന്നതാണ്.

പഴശ്ശിയും പഴവീട്ടിൽ ചന്തുവും

പഴശ്ശിരാജാവിന്റെ പ്രധാന പിരിവുകാരൻ (തഹസീൽദാർ) ആയിരുന്നു
പഴവീട്ടിൽ ചന്തു. ചന്തുവിനെ പ്രവൃത്തികാരനാക്കിയതു പഴശ്ശിയാണ്. എന്നാൽ
അയാൾ ക്രമേണ ഇംഗ്ലീഷുകാരോടു ചേർന്ന് പഴശ്ശിയെ വഞ്ചിച്ചു. ഇതോടെ
ഇംഗ്ലീഷുകാരോടുപോലും തോന്നാത്തതരത്തിലുള്ള കോപം പഴശ്ശിക്ക്
ചന്തുവിനോടുണ്ടായതായി പഴശ്ശിരേഖകൾ വ്യക്തമാക്കുന്നു. ഇവ്വിധത്തിൽ
നോക്കുമ്പോൾ ഇവർക്കൊപ്പം നില്ക്കുന്ന മറ്റൊരു ഭരണാധികാരിയാണ്
കുറുമ്പ്രനാട്ടു വീരവർമ്മരാജാവ്. ചന്തുവിന്റെ കുടിലതയും വീരവർമ്മരാജാവിന്റെ
കാപട്യവും പഴശ്ശിയുടെ സമരത്തിനു വീര്യം പകർന്നു എന്നു ചിന്തിക്കാവുന്നതാണ്.
ചന്തുവിനെക്കുറിച്ച് പഴശ്ശി എഴുതുന്നു:

'പഴവീട്ടിൽ ചന്തുന നാം തന്നെ പ്രവൃത്തി ആക്കിവെച്ചതും അവൻ നമുക്ക
വിപരീതമായിവരികയും ചെയ്തു.' കൊ.വ. 972 തുലാം 7

"നമുക്ക കുമ്പഞ്ഞിദ്വെഷം ഉണ്ടാക്കുന്നതും അവൻ തന്നെ. അങ്ങനെ
ഉള്ളവൻ കുമ്പഞ്ഞിക്ക വിശ്വാസമായിയും വന്നു.' കൊ.വ. 972 തുലാം 7

'മുമ്പെ പഴവീട്ടിൽ ചന്തുനപ്രപ്തി ആക്കിയതു ഞാൻ തന്നെ. അന്ന ഇപ്രകാരം
ചതിക്കുമെന്ന ബൊധിച്ചില്ല' കൊ.വ. 972 തുലാം 7
പഴശ്ശിയെക്കുറിച്ച് വീരവർമ്മ എഴുതുന്നു;

'.....അത ചെയ്ക ഇല്ലന്നു നിശ്ചെയിച്ചാൽ പഴശ്ശിരാജാവിന ബുദ്ധിപാകം
വരെണ്ടുന്നതിനും കുമ്പഞ്ഞി കല്പന അനുസരിപ്പാൻ ബൊധിക്കെണ്ടുന്നതിനും
കല്പിക്കെണ്ടുന്ന വിവരം നമ്മുടെ ബുദ്ധികൊണ്ട വിചാരിച്ചാൽ ഉണ്ടാകുന്ന വഴികൾ
എഴുതി സായ്പു അവർകൾക്ക ബൊധിപ്പിക്കയും ആം. നമ്മുടെ ബുദ്ധികൊണ്ട
പൊരാതെ വരുന്നതിനു സായ്പു അവർകൾ തന്നെ തെകച്ചി നടത്തിക്കയും
വെണമെല്ലൊ.' കൊ.വ 972 ധനു7

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/42&oldid=201288" എന്ന താളിൽനിന്ന് ശേഖരിച്ചത്