താൾ:34A11415.pdf/41

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxix

ഈ കത്തിലൂടെ മാപ്പിളമാർ വധിക്കപ്പെട്ടതിൽ തനിക്കു പങ്കില്ലെന്ന് കമ്പനി
അധികാരികളെ വ്യംഗ്യമായി അറിയിക്കുകയാണ് പഴശ്ശി. മറെറാരു സംഭവംകൂടി
ഇവിടെ സൂചിപ്പിക്കാം. ഇതിനാധാരം പഴശ്ശിരേഖകളിൽ കാണുന്ന ഒരു ഹർജിയാണ്.
കൊ.വ 972 തുലാം 28.

കൊ.വ. 970-ൽ 'ഇഷ്ടിമീൻ സായ്പു' വെങ്ങാട്ടു വന്നതിനു ശേഷം
രാജ്യത്തെ വരുമാനം എത്രയെന്നറിയാതെ കുറുമ്പ്രനാട്ടു രാജാവ് 'കരാർനാമം'
(Written agreement) വാങ്ങി. ജനങ്ങൾ തങ്ങളുടെ സങ്കടങ്ങൾ പഴശ്ശിരാജാവിനെ
അറിയിച്ചപ്പോൾ കരാർ കുറുമ്പ്രനാട്ടുരാജാവിനെഴുതിക്കൊടുത്തിരിക്കുന്നതിനാൽ
നികുതി പിരിക്കാനേ തനിക്ക് അവകാശമുള്ളൂ എന്ന് പഴശ്ശിരാജാവ് അറിയിച്ചു.
പഴവീട്ടിൽചന്തുവഴിയാണു നികുതി നല്കേണ്ടതെന്നും അറിയിപ്പുണ്ടായി.
ചന്തുവിന്റെ പിരിവ് അമിതവും അനീതിപരവുമായിരുന്നു. ആ വർഷം (970)
മുളകിന്റെ കണക്ക് എഴുതിപ്പോയതിനുശേഷം ചന്തു നിർബ്ബന്ധപ്പിരിവു നടത്തി.
അത് കുറുമ്പ്രനാട്ടു രാജാവിന്റെ കല്പനയനുസരിച്ചായിരുന്നു. ജനങ്ങൾ
അവശേഷിച്ച മുളകു മുഴുവൻ കൊടുത്തു. ബാക്കി തുകയ്ക്ക് വസ്തുക്കളും
ആഭരണങ്ങളും വിറ്റ് കണക്കുതീർത്തു. ഇങ്ങനെയൊക്കെ നശിപ്പിച്ചതുകൊണ്ട്
നികുതി കൊടുക്കാൻ മുതലില്ലാതെ പലരും നാടുവിട്ടുപോയി. മുളകുവള്ളി
കുഴിച്ചിടാത്തതുകൊണ്ടും കുഴിച്ചിട്ടവ നോക്കാത്തതുകൊണ്ടുംഅവ പലയിടത്തും
നശിച്ചുകിടക്കുന്നു എന്നും സങ്കടഹർജിയിൽ പറയുന്നു. വെങ്ങാട്ട് അങ്ങാടിക്കാരിൽ
രണ്ടു മാപ്പിളമാർ മുളകു മോഷ്ടിച്ചു എന്നാരോപിച്ച് ചന്തു അവരെ പിടിച്ചുകെട്ടി
പഴശ്ശിരാജാവിന്റെ മുൻപിൽ കൊണ്ടുവന്നു. പഴശ്ശിയാകട്ടെ 'കമ്പനിയുടെ
കല്പനപോലെ ചെയ്യുക' എന്നു പറഞ്ഞ് മണത്തണയിലേയ്ക്കുപോയി.
സംഭവത്തെക്കുറിച്ച് ആരോടും അന്വേഷിക്കാതെ രണ്ടു മാപ്പിളമാരെയും ചന്തു
'കൊത്തിക്കൊന്ന്' കഴുമരത്തിൽ ഏറ്റിയതായി ഹർജിയിൽ വായിക്കുന്നു.

കമ്പനിയുടെ വടക്കേ അധികാരി ക്രിസ്റ്റഫർ പിലിക്ക് കോട്ടയത്തെ
പ്രധാനികളും തറവാട്ടുപ്രമുഖരും കൂടി എഴുതിയ ഹർജിയാണിത്. പഴശ്ശിയുടെ
കല്പനയനുസരിച്ചാണ് മാപ്പിളമാരെ വധിച്ചതെന്നു ചന്തു കമ്പനിയെ
അറിയിച്ചതായി ഡോ. കെ.കെ.എൻ. കുറുപ്പ്1 എഴുതിക്കാണുന്നു.

പഴശ്ശികോവിലകം കൊള്ള

പഴശ്ശികോവിലകത്തു നടന്ന കൊള്ളയെ കുറിച്ചുള്ള വിവരങ്ങൾ പഴശ്ശിരേ
ഖകളിൽ സുലഭമാണ്. കൊ.വ. 971 മേടം 11-ന് രാത്രിയിലാണ് പഴശ്ശികോവിലകം
കൊള്ളചെയ്യപ്പെട്ടതെന്ന് മേൽ വിശദീകരിച്ച ഹർജിയിൽ (കൊ.വ. 972 തുലാം 28)
കാണുന്നു. ഇതേ സംബന്ധിച്ചുള്ള ആദ്യപരാമർശം കാണുന്നത് കൊ.വ. 971
കർക്കിടകം 26-ന് ക്രിസ്റ്റഫർ പിലി കുറുമ്പ്രനാട്ടു വീരവർമ്മയ്ക്ക് എഴുതിയ
കത്തിലും. കോവിലകം കൊള്ളയെക്കുറിച്ച് പരാമർശമുള്ള രേഖകളുടെ
ക്രമനമ്പരുകൾ ഇവിടെ ചേർക്കുന്നു.

9, 10, 20, 29, 32, 37,56, 57,58, 82, 102,113,117, 190, 191


1. പഴശ്ശിസമരങ്ങൾ 1980 പു. 38

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/41&oldid=201286" എന്ന താളിൽനിന്ന് ശേഖരിച്ചത്