താൾ:34A11415.pdf/26

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxiv

ചേർത്തിട്ടുള്ളൂ. അതിനാൽ ഇപ്പോൾ പ്രസിദ്ധീകരിക്കുന്നതു പുതിയ പുസ്തകമായി
പരിഗണിക്കാവുന്നതാണ്. മാത്രമല്ല. ആമുഖഭാഗത്തുകാണുന്ന ലേഖനങ്ങൾ
ഇപ്പോഴാണ് ചേർക്കുന്നത്.

ട്യൂബിങ്ങൻ സർവകലാശാലയിലെ ഇൻഡോളജി വകുപ്പ് അധ്യക്ഷൻ പ്രഫ
ഡോ സ്റ്റീറ്റൻ ക്രോൺ സ്ററുട്ഗാർട്ടിലെ ഗുണ്ടർട്ടു സമ്മേളനത്തിൽ ചെയ്ത
പ്രഭാഷണം ഇവിടെ ചേർത്തിട്ടുണ്ട്. തലശ്ശേരി രേഖകൾ നമുക്കുവേണ്ടി ശേഖരിച്ചു
സൂക്ഷിച്ച ഗുണ്ടർട്ടിനോടുള്ള ആദരം വർധിപ്പിക്കാൻ ഉപകരിക്കുന്ന മറ്റൊരു
ലേഖനംകൂടി ഈ ഗ്രന്ഥത്തിലുണ്ട്. ഗുണ്ടർട്ട് അന്ത്യകാലം ചെലവഴിച്ച കാൽവിലെ
മേയർ ഡോ.ഹെർബർട്ട്കാൾ നടത്തിയ പ്രഭാഷണത്തിന്റെ ഭാഗമാണിത്. തലശ്ശേരി
രേഖകളുടെ ഫോട്ടോ പകർപ്പുകൾ നവീന സാങ്കേതിക വിദ്യകൾ ഉപയോഗിച്ചു
തയ്യാറാക്കാൻ നിർദ്ദേശമുണ്ടയപ്പോൾ സാമ്പത്തിക ഭാരം നിമിത്തം ആ പദ്ധതി
ഉപേക്ഷിക്കാൻ തുടങ്ങിയതായിരുന്നു. ഇക്കാര്യത്തിൽ പെട്ടെന്നു സഹായഹസ്തം
നൽകിയത് കാൽവിലെ മേയറാണ്. (അങ്ങനെ ലഭിച്ച വിലപ്പെട്ട ഫോട്ടോ പകർപ്പുകൾ
ഭദ്രമായി ഇന്ത്യയിലെത്തിക്കാൻ തന്നെ പതിനായിരത്തോളം രൂപ ഈ ലേഖകനു
ചെലവഴിക്കേണ്ടിവന്നു. എന്നിട്ടോ തിരുവനന്തപുരത്തു വന്നെത്തിയപ്പോൾ പേജു
കണക്കാക്കി ഇറക്കുമതി ചുങ്കം ചുമത്തി കസ്റ്റംസ് അധികൃതർ തലശ്ശേരി രേ
ഖകളുടെ പ്രകാശനം പ്രോത്സാഹിപ്പിക്കയും ചെയ്തു!)

പഴശ്ശി രേഖകളുടെ എഡിറ്ററായ ജോസഫ് സ്കറിയയുടെ ലേഖനം
കൃതിയുടെ ഉള്ളടക്കത്തിലേക്ക് സുഗമമായ വഴിയൊരുക്കിയിരിക്കുന്നു.
കേരളസർവകലാശാലയിൽ എന്റെ ഗവേഷണ മാർഗ്ഗദർശിയായിരുന്ന ഡോ എ.പി.
ആൻഡ്രൂസുകുട്ടിയുടെ ചെറിയ കുറിപ്പ് പഴശ്ശിരേഖകൾ എങ്ങനെ ഭാഷാപഠനത്തിന്
ഉപയോഗിക്കാം എന്നതിനെക്കുറിച്ചാണ്. ഇവയെല്ലാം ചേർത്തു പഴശ്ശിരേഖകൾ
പ്രസിദ്ധീകരിക്കാൻ കഴിഞ്ഞതിൽ ചാരിതാർത്ഥ്യമുണ്ട്. എങ്കിലും ഈ ഗ്രന്ഥം
അപൂർണ്ണമാണ്. തലശ്ശേരി രേഖകളിലെ ബാക്കി വാല്യങ്ങൾ കൂടി
അച്ചടിയിലെത്തിക്കണം. എന്നിട്ടു വേണം ആയിരക്കണക്കിനു സ്ഥലവ്യക്തിനാമങ്ങൾ
ഉൾക്കൊള്ളുന്ന സൂചിക തയ്യാറാക്കാൻ. അപ്പോൾ മാത്രമേ തലശ്ശേരി രേഖകളുടെ
യഥാർത്ഥമൂല്യം വെളിവാകൂ.

ഇപ്പോൾ എന്റെ സമീപത്തിരുന്ന് പ്രഗല്ഭനായ ഒരു സുഹൃത്തു
ചോദിക്കുന്നു-ഇങ്ങനെയെല്ലാം പണിപ്പെട്ടു നിങ്ങൾ ഒരുക്കുന്ന പഴശ്ശിരേഖകൾ
ആർക്കുവേണം? ഉള്ളതു പറയട്ടെ,അങ്ങനെ ഒരു പ്രത്യേക വ്യക്തിയെയോ
വർഗ്ഗത്തെയോ, സമൂഹത്തിന്റെ അടിയന്തിരാവശ്യങ്ങളോ, കൺമുമ്പിൽ
കണ്ടുകൊണ്ടല്ല ഞങ്ങൾ ഇതു പ്രസിദ്ധീകരിക്കുന്നത്. മാനവിക വിജ്ഞാനങ്ങളിൽ
വിശിഷ്യ ചരിത്രത്തിലും ഭാഷയിലും താല്പര്യമുള്ള കുറെ വിജ്ഞാനദാഹികൾ
എവിടെയും എക്കാലത്തും ഉണ്ടാകും. ഇന്നല്ലെങ്കിൽ, നാളെ, അതുമല്ലെങ്കിൽ
തലമുറകൾക്കപ്പുറം. താല്പര്യപൂർവം മലയാളിയുടെ രാഷ്ട്രീയ സാംസ്കാരിക
ഭാഷാപാരമ്പര്യങ്ങൾ തേടിയിറങ്ങുന്നവർക്കുവഴികാട്ടിയായിരിക്കും, പഴശ്ശിരേഖകൾ.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/26&oldid=201258" എന്ന താളിൽനിന്ന് ശേഖരിച്ചത്