താൾ:34A11415.pdf/24

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxii

ബൗമാൻ, ഡോ കാൾ ഹൈൻസ് ഗ്രൂസ്നർ എന്നീ ഇൻഡോളജിസ്റ്റുകളുടെ
സാന്നിധ്യത്തിൽ കൈയെഴുത്തുകളുടെ നൂറുവർഷത്തോളം പഴക്കമുള്ള കെട്ടുകൾ
പൊട്ടിച്ചപ്പോൾ ആദ്യം ശ്രദ്ധയിൽപെട്ടതു തലശ്ശേരി രേഖകളുടെ വാല്യങ്ങളാണ്.
ആദ്യം തന്നെ, എങ്ങനെയെന്ന് അറിഞ്ഞുകൂടാ, പഴശ്ശിരാജയുടെ കത്തുകൾ എന്റെ
കൺമുമ്പിൽ വന്നുപെട്ടു. ഗവേഷണ പഠനത്തിന്റെ ഭാഗമായി പതിനാറാം
നൂറ്റാണ്ടുമുതലുള്ള മലയാള ഗദ്യവുമായി സാമാന്യപരിചയം നേടിയിരുന്നതു
കൊണ്ടാവാം കൈയെഴുത്തു ഗ്രന്ഥങ്ങളിലൂടെ പെട്ടെന്നു കണ്ണുപായിച്ചു അതിന്റെ
മൂല്യം തിട്ടപ്പെടുത്താൻ എനിക്കു കഴിഞ്ഞു. സർവകലാശാലക്കാരുടെ അതിഥിയായി
ഏതാനും ദിവസം അവിടെ താമസിച്ചു കാറ്റ്‌ലോഗു തയ്യാറാക്കാൻ വേണ്ടപ്രാഥമിക
വിവരങ്ങൾ നൽകി മടങ്ങുമ്പോൾ ബാഗിലുണ്ടായിരുന്നതു കുറേയേറെ ഫോട്ടോ
കോപ്പികളാണ്. അവയിൽ നല്ലൊരു ഭാഗം തലശ്ശേരി രേഖകളുടെ മാതൃകകളും.
നാട്ടിൽ മടങ്ങിയെത്തിയപ്പോൾ വിദ്യാഭ്യാസ സാംസ്കാരിക പ്രവർത്തകർ നൽകിയ
നല്ലപ്രതികരണങ്ങൾ കൂടുതൽ പഠനങ്ങൾ നടത്താൻ ഉത്സാഹം നൽകി. അന്നത്തെ
വിദ്യാഭ്യാസമന്ത്രി ടി.എം.ജേക്കബ്, സാഹിത്യ അക്കാദമി അധ്യക്ഷൻ പ്രഫ. എസ്
ഗുപ്തൻ നായർ, ഡി സി കിഴക്കേമുറി, വൈസ് ചാൻസിലർ ഹബീബ് മുഹമ്മദ്,
എസ്ബിയിലെ സഹപ്രവർത്തകർ, വിശിഷ്യ അന്നത്തെ പ്രിൻസിപ്പൽ ഡോ ജോസഫ്
മാരുർ, ചങ്ങനാശ്ശേരിയിലെ സഹപൗരന്മാർ എന്നിവരെ പ്രത്യേകം ഓർമിക്കുന്നു.

ഇൻഡോളജിസ്റ്റുകളായ ഡോ ഫ്രൻസ്, ഡോ ബൗമാൻ, ഡോ ഗ്രൂസ്നർ
എന്നിവരുമായുള്ള കത്തിടപാടുകളിലൂടെയാണു ഡോ ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥ
പരമ്പര (HGS) എന്ന സ്വപ്നം തെളിഞ്ഞുവന്നത്. ട്യൂബിങ്ങൻ
സർവകലാശാലയുടെ നിർബന്ധപൂർവമായ അഭ്യർത്ഥന പരിഗണിച്ച് പ്രായം,
ഗവേഷണ യോഗ്യത തുടങ്ങിയ കാര്യങ്ങളിൽ ഇളവുകൾ അനുവദിച്ച് 1990-91ൽ
പ്രശസ്തമായ അലക്സാണ്ടർ ഫൊൺ ഹുംബോൾട്ട് ഫൗണ്ടേഷൻ ഒരു ഫെലോഷിപ്പു
നൽകി എന്നെ ട്യബിങ്ങൻ സർവകലാശാലയിലേക്കു ക്ഷണിച്ചു.
സ്വിറ്റ്സർലണ്ടിലെ ബാസൽ മിഷൻ ആർക്കെവ്സിലും മറ്റു ചില യൂറോപ്യൻ
സർവകലാശാലാ ലൈബ്രറികളിലും സാമാന്യം വിശദമായ പഠനം നടത്താൻ
പിന്നീട് അവസരം കിട്ടി. ഈ ഘട്ടത്തിൽ വളരെയേറെ രേഖകൾ ശേഖരിക്കാൻ
കഴിഞ്ഞു. ഹുംബോൾട്ട് ഫൗണ്ടേഷനും ട്യൂബിങ്ങൻ സർവകലാശാലയും ഉദാരമായ
സഹായം നൽകി. ഗുണ്ടർട്ടിന്റെ രചനകളെല്ലാം തേടിപ്പിടിക്കുക, അവയുടെ
വിശദമായ പട്ടിക തയ്യാറാക്കുക, പൂർണ്ണമായോ ഭാഗികമായോ
പുനഃപ്രകാശിപ്പിക്കുക, ഓരോ വാല്യത്തിനും പുതുതായി കണ്ടെത്തിയ
ഉപാദാനങ്ങൾ ഉൾക്കൊള്ളിച്ചു ആമുഖ പഠനങ്ങൾ തയ്യാറാക്കുക
എന്നിവയായിരുന്നു ആഘട്ടത്തിലെ ലക്ഷ്യങ്ങൾ. ഗുണ്ടർട്ട്ഗ്രന്ഥപരമ്പരയിൽ അന്ന്
ഞങ്ങൾ വിഭാവന ചെയ്ത എട്ടു പുസ്തകവും പ്രകാശിപ്പിച്ചു കഴിഞ്ഞു. മലയാളം,
ജർമ്മൻ, ഇംഗ്ലീഷ് എന്നീ ഭാഷകളിലുള്ള പ്രസിദ്ധീകരണങ്ങൾ സാധ്യമാക്കിയതിൽ
ഡിസി ബുക്സ് പോലെയുള്ള പ്രസാധനാലയങ്ങളുടെയും എസ് ബി കോളജ്,
ട്യൂബിങ്ങൻ സർവകലാശാല, ഷില്ലർ സ്മാരക ജർമ്മൻ സാഹിത്യ ആർക്കൈവ്സ്
തുടങ്ങിയ അക്കാദമിക് സ്ഥാപനങ്ങളുടെയും സ്റ്റുട്ഗാർട്ടിലെ അന്തർദേശീയ

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/24&oldid=201255" എന്ന താളിൽനിന്ന് ശേഖരിച്ചത്