താൾ:34A11415.pdf/13

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മുഖവുര

സ്കറിയാ സക്കറിയ

ജർമ്മനിയിലെ ട്യൂബിങ്ങൻ സർവ്വകലാശാലാ ലൈബ്രറിയിൽ
സൂക്ഷിച്ചിരിക്കുന്ന തലശ്ശേരി രേഖകളിലെ നാലാം വാല്യവും പന്ത്രണ്ടാം വാല്യവും
ചേർത്ത് പഴശ്ശി രേഖകൾ എന്ന ശീർഷകത്തിൽ ഇവിടെ പ്രസിദ്ധീകരിക്കുന്നു.
ഡോ. ഹെർമൻ ഗുണ്ടർട്ട് ഗ്രന്ഥശേഖരത്തിന്റെ ഭാഗമാണ് ഈ രേഖാ സമുച്ചയം.
ഗുണ്ടർട്ട് ചരമശതാബ്ദദിയോടനുബന്ധിച്ച് ഇതു പ്രകാശിപ്പിക്കാൻ കഴിയുന്നതിൽ
കൃതാർത്ഥതയുണ്ട്. കേരള ചരിത്രപഠനത്തിനും മലയാള ഭാഷാ ചരിത്രത്തിനും
പ്രയോജനപ്പെടുന്ന മൗലിക ഉപാദാനങ്ങളാണ് തലശ്ശേരി രേഖകൾ. ഉത്തര
കേരളത്തിൽ ആധിപത്യമുറപ്പിക്കാൻ ബ്രിട്ടീഷുകാർ കൈക്കൊണ്ട നടപടികളും
അവർ ചുവടുറപ്പിച്ചതോടെ സാമൂഹികവ്യവഹാരത്തിലുണ്ടായ മാറ്റങ്ങളും മൗലിക
രേഖകളായി ഇവിടെ പ്രത്യക്ഷപ്പെടുന്നു.

1796 മേയ്ക്ക് പതിനഞ്ചു മുതൽ 1800 ജൂൺ 26 വരെയുള്ള രേഖകൾ തലശ്ശേരി
രേഖകളിലെ ആദ്യത്തെ പത്തു വാല്യമായി ബയൻറുചെയ്തു സൂക്ഷിച്ചിരിക്കുന്നു.
അടുത്ത രണ്ടുവാല്യം വിവിധ കാലങ്ങളിലുള്ള രേഖകളാണ്. വീരകേരളവർമ്മ
പഴശ്ശി രാജയും ബ്രിട്ടീഷുകാരും തമ്മിലുണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലം
വെളിവാക്കുന്ന നാലാം വാല്യവും പന്ത്രണ്ടാം വാല്യവും പ്രത്യേക പരിഗണന
അർഹിക്കുന്നുണ്ട്. പഴശ്ശിരാജയും സമകാലികരായ ഉത്തരകേരള രാജാക്കന്മാരും
അനേകം നാട്ടു പ്രമാണിമാരും ഇവിടെ മുഖം മൂടികളില്ലാതെ പ്രത്യക്ഷപ്പെടുന്നു.
പഴശ്ശിയുടെ ഒരു കത്തുപോലും അവശേഷിച്ചിട്ടില്ലല്ലോ എന്ന ദുഃഖം ഇനി വേണ്ട.
പഴശ്ശിരാജയുടെ രണ്ടു ഡസൻ കത്തുകൾ ഈ സമാഹാരത്തിലുണ്ട്*
വിദേശികളുടെ മുമ്പിൽ ഇണങ്ങിയും പിണങ്ങിയും ചതിച്ചും സ്തുതിച്ചും പോരാടിയും
നാടിന്റെ ഗതിവിഗതികളെനിയന്ത്രിച്ചവരെ അതിശയോക്തിയുടെ പരിവേഷമില്ലാതെ
നേരിട്ടു പരിചയപ്പെടാൻ ഉതകുന്നവയാണ് ഇവിടെയുള്ള രേഖകൾ, വെറും രാഷ്ട്ര
ചരിത്രം മാത്രമല്ല ഇതിലുള്ളത്. സാമൂഹിക സാമ്പത്തിക ജീവിതത്തിന്റെ ഗതകാല
മുഖങ്ങൾ ഇവിടെ പ്രത്യക്ഷപ്പെടുന്നു. രേഖകളാണ് ഇവിടെയുള്ളത്; ബ്രിട്ടീഷുകാർ
തയ്യാറാക്കിയ അക്കാലത്തെ റിപ്പോർട്ടുകളിൽ കാണുന്ന സ്വാഭിപ്രായത്തിന്റെ
പുളിപ്പ് ഇനി അനുഭവിക്കേണ്ട എന്നു സാരം. അത്തരം റിപ്പോർട്ടുകൾ ഉപയോഗിച്ചു
മാത്രം ഗവേഷണം ചെയ്തവരുടെ ചില നിഗമനങ്ങൾ ഇളകിപ്പോയേക്കാം.


* പഴശിരാജ എഴുതിയ കത്തുകളുടെ ക്രമനമ്പരുകൾ: 20, 36, 37, 39, 45, 46, 47, 48, 53, 56, 52, 63, 90, 96, 106,
113, 117, 126, 139, 149, 150, 151, 173, 216. പഴശ്ശിരാജയ്ക്ക് എഴുതിയ കത്തുകൾ: 11, 25, 35, 50, 58, 66, 86, 91,
102, 111, 115 ഇതിനു പുറമെ മറ്റു പലകത്തുകളിലും പഴശ്ശിരാജയെക്കുറിച്ചു വ്യക്തമായ പരാമർശങ്ങ
ളുണ്ട്.

"https://ml.wikisource.org/w/index.php?title=താൾ:34A11415.pdf/13&oldid=201233" എന്ന താളിൽനിന്ന് ശേഖരിച്ചത്