താൾ:33A11415.pdf/546

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

474 ക്രിസ്തസഭാചരിത്രം

അപ്രകാരം ആചരിച്ചപ്പോൾ, മന്ത്രിയായശേഷം ലോകം വെറുത്തു, സീനായി
മലയിലെ മഠം പുക്കുപാർക്കുന്ന നീലൻ എന്ന യോഹനാന്റെ ശിഷ്യൻ
സ്തംഭവാസികളെ1 ആക്ഷേപിച്ചു "തന്നെത്താൻ ഉയർത്തുന്നവൻ
താഴ്ത്തപ്പെടും; ശരീരം ഉയരവെ ഇരിക്കും കാലത്ത് ആത്മാവ് താഴെ ഉള്ളതു
തിരയാതെ ഇരിപ്പാൻ സൂക്ഷിക്കെണം; മുമ്പെ നീ പുരുഷന്മാരോടു വളരെ
പത്ഥ്യം പറഞ്ഞു. ഇപ്പോൾ നിന്നെ വാഴ്ത്തുന്ന സ്ത്രീകളോടു അധികം
സംഭാഷിച്ചു കാണുന്നു" എന്നും, "ഭക്തിവർദ്ധന നിമിത്തം ഗർവ്വിച്ചിട്ടു, പലരും
ദുർഭൂതങ്ങളുടെ കൈവശമായി പോയി" എന്നും "പള്ളികളിൽ ചിത്രങ്ങളെ
ചമെക്കുന്നത് ഏറ്റവും നിസ്സാരം; പള്ളിയിൽ വചനം കേൾക്കണം അതിന്നു
വായും ചെവിയും പ്രധാനം:കണ്ണുകളെ എന്തുകൊണ്ടെങ്കിലും ആകർഷിക്കരുത്"
എന്നും അവൻ സന്യാസികൾക്ക ഉപദേശിച്ചു.

അന്ത്യൊക്യയിലെ വിദ്വാന്മാർ സൂക്ഷ്മബുദ്ധികളായി വേദത്തിലെ
അക്ഷരാർത്ഥത്തെ വളരെ മാനിച്ചു വിവേചിക്കുന്നത്കൊണ്ടു. ഏക ക്രിസ്തനിൽ
ദിവ്യം മാനുഷം ഇങ്ങനെ 2 സ്വഭാവങ്ങൾ ചേർന്നു വന്ന പ്രകാരത്തെ
വിചാരിക്കുമ്പോൾ, എത്രയും സങ്കടമുള്ള വാദം ഉണ്ടായി (429).
സുറിയാണികളുടെ പ്രധാന വ്യാഖ്യാനിയായ തെയോദാർ യേശു എന്ന
മനുഷ്യൻ പലതും അറിയാത്തവനും, ചെറുപ്പം മുതൽ വളരുന്നവനും, ഭയപ്പെട്ടു
പരീക്ഷകളോടു പൊരുതു ജയിക്കുന്നവനും ആക കൊണ്ടു, ദേവത്വവും
മാനുഷത്വവും നന്നെ വക തിരിച്ചറിഞ്ഞു കൊളെളണം എന്നു പഠിപ്പിച്ച പ്രകാരം
അവന്റെ ശിഷ്യനായ നൊസ്തൊര്യൻ എന്ന സന്യാസി തപസ്സും പ്രസംഗവും
കൊണ്ടു ശ്രുതിപ്പെട്ടു. കൊംസ്തന്തീനപുരിയിൽ പത്രിയർക്കാവായാറെ, (428)
പലർക്കും അസൂയ ജനിച്ചതു വിചാരിയാതെ, മറിയ ദേവമാതാവല്ല,
ക്രിസ്തമാതാവത്രെ; അവൾ ദൈവത്തെ അല്ല, ദേവാലയത്തെ പ്രസവിച്ചത് എന്നു
പറഞ്ഞതിനാൽ, വാദസക്തന്മാരായ2 പലരെയും ഇളക്കി. അവൻ ഓരൊരൊ
പള്ളികളിൽ ഇതും അതുംവണ്ണം പ്രസംഗിച്ചുപോന്ന ശേഷം, അലക്ഷന്ത്ര്യയിലെ
പത്രിയർക്കാവായ കുരില്ലൻ മിസ്ര സന്യാസികളോടു "നമ്മുടെ വിശ്വാസത്തിനു
അപകടം അണയുന്നു; ഇവൻ "ദൈവം കഷ്ടപ്പെട്ടു മരിച്ചു എന്ന ഉപദേശത്തെ
തള്ളുന്നു, ക്രിസ്തനെ ദൈവം ആവസിക്കുന്ന മനുഷ്യനാക്കി താഴ്ത്തുന്നു" എന്നു
ചൊല്ലി, പലേടത്തും വൈരം ജ്വലിപ്പിച്ചു. മിസ്രക്കാർ പണ്ടുതന്നെ
ഉപമാർത്ഥത്തെ3 രസിച്ചു, ശ്ലോകത്തിന്നു പറ്റുന്ന ഗൌരവവാക്കുകളെ പിടിച്ചു
കൊള്ളുന്നവർ ആകയാൽ, സുറിയാണികളോടു നിത്യം ഉരസൽ ഉണ്ടു.

1. തുൺഏറിയോരെ 2. തർക്കപ്രിയരായ 3. നടന്ന ഏതു കാര്യം ഉപദേശം മുതലായ ദൈവവചനങ്ങളെ
ഉപമപൊലെ വിചാരിച്ചു, സൂചിപ്പിച്ച വസ്തുത വിട്ടു, ഗൂഢമായ അർത്ഥം വലിച്ചെടുക്ക
ചെയ്യുന്നതു. ഈ ഒട്ടൽപൊരുളെ കാണിക്കേണ്ടതിന്നു ഒട്ടെടം അനുവാദം ഉണ്ടു
എന്നാലും മേൽ പറഞ്ഞ സഭയിലും മറ്റും ഇതു വരുത്തംപോലെ പരന്നു.
സ്വസ്ഥോപദേശത്തെ ഏറക്കുറയ ഇടമില്ലാതാക്കിയതു ഓർത്തു, ഈ കുടുക്കിൽ
വീഴാതെ ചരതിച്ചുകൊളേളണം.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/546&oldid=200457" എന്ന താളിൽനിന്ന് ശേഖരിച്ചത്