താൾ:33A11415.pdf/510

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

438 ഗർമ്മന്ന്യ രാജ്യത്തിലെ ക്രിസ്തസഭാ നവീകരണം

കണ്ടും കൈക്കൊണ്ടും സുഖിച്ചു, ക്രിയകളാലല്ല കരുണയാൽ വരുന്ന രക്ഷയിൽ
ഉറെച്ചൂന്നി നില്ക്കയും ചെയ്തു.

1507 ആമതിൽ (2 മെയി.) മെത്രാൻ വന്നു, ലുഥർക്ക ആചാര്യപട്ടം
കൊടുത്തു, അപ്പം ദെവശരീരമാക്കി മാറ്റുവാനും, മരിച്ചവർക്കും ജീവികൾക്കും
വെണ്ടി സഫല ബലികളെ കഴിപ്പാനും, അധികാരം നിന്മെൽ വെക്കുന്നുണ്ടു
എന്നിങ്ങനെ പറഞ്ഞത ഒക്കയും ലുഥർ വളരെ ഭക്തിയൊടെ കെട്ടു, വിസ്മയിച്ചു
സന്തൊഷിച്ചു. പിന്നെ ഉണ്ടായ സദ്യയിൽ അഛ്ശനെയും കണ്ടു ആയവൻ
പലരും സന്ന്യാസത്തെ പുകഴ്ത്തുന്നതു കെട്ടിട്ടു, മകനെ ഉറ്റുനോക്കി
“മാതാപിതാക്കന്മാരെ” ബഹുമാനിക്കെണം, എന്നു വെദത്തിൽ കണ്ടിട്ടില്ലയൊ?
എന്നു ചൊദിച്ചു, നാണം ജനിപ്പിക്കയും ചെയ്തു. അന്നു മുതൽ സുവിശെഷത്തെ
പള്ളികളിൽ പ്രസംഗിപ്പാൻ ഇട ഉണ്ടായി. എന്നാറെ സ്തൌപിച്ച
സഹസക്കൊയ്മയാകുന്ന ഫ്രീദരിക്കൊടു ലുഥരുടെ ഗുണാധിക്യം
അറിയിച്ചതിനാൽ, വിത്തമ്പർക്കിൽ സ്ഥാപിച്ച വിദ്യാലയത്തിൽ പണ്ഡിതരായി
പഠിപ്പിക്കെണം എന്ന വിളി വന്നതു, ലുഥർ അനുസരിച്ചു യാത്രയാകയും ചെയ്തു.

4. വിത്തമ്പർക്കിലെ പണ്ഡിതർ.

ലുഥർ പുതിയ വിദ്യാലയത്തിൽ എത്തിയ ഉടനെ (1509) തനിക്ക
ഇഷ്ടമായ വെദത്തെ അല്ല, തർക്ക മീമാംസാശാസ്ത്രങ്ങളെ പഠിപ്പിക്കെണ്ടി
വന്നു. എങ്കിലും എബ്രയ യവന ഭാഷകളെയും നന്നായി ശീലിച്ചു
കൊള്ളുകയാൽ, വെഗത്തിൽ വെദത്തെ വ്യാഖ്യാനിപ്പാൻ കല്പനയായി.
അപ്പൊൾ രൊമർക്കുള്ള ലെഖനത്തിൽ ഒന്നു കണ്ടു. അതെന്തു? നീതിമാൻ
വിശ്വാസത്താലെ ജീവിക്കും? എന്നതിൽ താൻ ലയിച്ചു പൊയി,
കെൾക്കുന്നവർക്കു ഭ്രമം ഉണ്ടാക്കി, പണ്ഡിതന്മാരും ൟ പുതിയ
വിശ്വാസൊപദെശം ഗ്രഹിപ്പാൻ ചെന്നിരിക്കും. അനന്തരം സ്തൌപിച്ച
നിർബ്ബന്ധിച്ചതിനാൽ പൊളിഞ്ഞ ചെറു പള്ളിയിൽ പ്രസംഗിപ്പാൻ തുടങ്ങി.
മുമ്പെകെൾക്കാത്ത വെദവാക്കുകളെ കുട്ടിയുടെ വായിൽ നിന്ന എന്ന പൊലെ
പൊഴികയാൽ, ആ പള്ളി പുരുഷാരത്തിന്നു പൊരാതെ വന്നു പട്ടണ
പ്രമാണികൾ വലിയ പള്ളിയിൽ പ്രസംഗിപ്പാൻ അപെക്ഷിച്ചു, കൊയ്മ താനും
അവനെ കെൾപാൻ വിത്തമ്പർക്കിൽ ചെന്നു, കീർത്തി പരക്കയും ചെയ്തു.

അങ്ങിനെ ഇരിക്കുമ്പൊൾ ചില മഠെശ്വരന്മാർക്ക ആചാരം ചൊല്ലി
ഇടച്ചൽ ഉണ്ടായാറെ, “പാപ്പാവിന്റെ വിധി വെണം” എന്നു വെച്ചു, ലുഥരെ
രൊമെക്ക നിയൊഗിച്ചയച്ചു. ആയവൻ സർവ്വ ഗുണങ്ങൾക്കു ഉറവാകുന്ന
പട്ടണത്തെ കാണ്മാൻ ദൈവവശാൽ ഇട വന്നു എന്നു ആനന്ദിച്ചു പുറപ്പെട്ടു
ആല്പ മലകളെ കടന്ന ഉടനെ ഇതല്യ സന്ന്യാസികളുടെ ഐശ്വര്യഭൊഗങ്ങളെ
കണ്ടു ദുഃഖിച്ചു, കൂട ക്കൂട ശാസിച്ചാറെ, അവരുടെ കുടുക്കുകളിൽ നിന്നു

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/510&oldid=200379" എന്ന താളിൽനിന്ന് ശേഖരിച്ചത്