താൾ:33A11415.pdf/263

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 191

ക്രിസ്തി: നിന്നെ സേവിപ്പാൻ സത്യം ചെയ്തത് ചെറുപ്പത്തിൽ അത്രെ,
ഞാൻ ഇപ്പോൾ സേവിച്ചുവരുന്ന രാജാവ് എന്നെ രക്ഷിപ്പാനും നിന്റെ
സേവയാൽ വന്ന പാപം ക്ഷമിപ്പാനും പ്രാപ്തൻ എന്നു ഞാൻ വിശ്വസിക്കുന്നു.
ഹാ സംഹാരകനായ അപ്പൊല്യനെ! നിന്റെതല്ല അവന്റെ വേല, കൂലി,
വേലക്കാർ, അധികാരം, സംസർഗ്ഗം, രാജ്യം എന്നിവറ്റെ അത്രെ ഞാൻ
സ്നേഹിച്ചുവരുന്നു. ഇനി ഒരു വാക്കും വേണ്ടാ! ഞാൻ അവന്റെ അടിയാനായി
അവനെതന്നെ സേവിക്കും നിശ്ചയം.

അപ്പൊ: ഇത്ര ഉഷ്ണിച്ചു പറയുന്നത് എന്തു? നിണക്ക കുറയ സുബുദ്ധി
വരട്ടേ, എന്നാൽ ഈ വഴിയിൽ വരുന്ന കഷ്ടങ്ങൾ വിചാരിച്ചറിയേണ്ടതിന്നു
സംഗതി ഉണ്ടാകും. ആ രാജാവിന്റെ പ്രജകൾ എന്നെയും എന്റെ വഴികളെയും
വിരോധിക്കകൊണ്ടു, അവർക്കു മിക്കവാറും അപമൃത്യു ഉണ്ടല്ലോ എത്ര ആൾ
അപമാനത്തോടെ കുലനിലത്തു വെച്ചു മരിച്ചു. പിന്നെ അവന്റെ സേവയെ നീ
അധികമായി സ്നേഹിക്കുന്നു എന്നു പറഞ്ഞുവല്ലോ! ഹാ നിണക്ക എന്തു
ബുദ്ധി! തനിക്കുള്ളവരെ ശത്രുക്കളുടെ കൈയ്യിൽനിന്നു രക്ഷിപ്പാൻ വേണ്ടി
അവൻ ഒരു നാളും തന്റെ സ്ഥലത്തുനിന്നു വന്നിട്ടില്ല, എങ്കിലും എന്റെ
വിശ്വസ്തരെ ഞാൻ ഏറിയൊരു ഉപായപരാക്രമങ്ങളെകൊണ്ടു അവന്റെ
സേവകന്മാരുടെ കൈയ്യിൽനിന്നു രക്ഷിച്ചു വരുന്നു എന്ന ലോകത്തിൽ എങ്ങും
പ്രസിദ്ധമാകുന്നു; നിന്നെയും രക്ഷിക്കും.

ക്രിസ്തി: അവരുടെ സ്നേഹത്തെയും അവസാനത്തോളമുള്ള
വിശ്വാസത്തെയും പരീക്ഷിപ്പാനായി എന്റെ കർത്താവു അവരെ ചിലപ്പോൾ
വേഗം രക്ഷിക്കാത്തതു സത്യം. അവർക്ക അതിനാൽ ഒരു സങ്കടവും ഇല്ല.
തല്ക്കാലരക്ഷെക്കായിട്ടല്ല നിത്യജീവനായിട്ടത്രെ അവർ കാത്തിരിക്കുന്നു. നീ
പറഞ്ഞ പ്രകാരം അപമൃത്യു വന്നാലും അപമാനം അല്ല സന്തോഷം അത്രെ
തോന്നുന്നു, രാജാവ് ദൈവദൂതന്മാരോടുകൂടി മഹത്വത്തിൽ വരുമ്പോൾ
അവർക്കും മഹത്വം സിദ്ധിക്കും നിശ്ചയം.

അപ്പൊ: അവൻ മറ്റവർക്കു മഹത്വം കൊടുത്താലും നിന്റെ സേവ
അതിന്നു പാത്രം എന്നു എങ്ങിനെ നിരൂപിക്കുന്നു?

ക്രിസ്തി: എന്റെ സേവയിൽ നീ കുറവു കണ്ടുവോ?

അപ്പൊ: കണ്ടു; നീ അഴിനിലയിൽ വീണു വലഞ്ഞുപോയി, രാജാവ്
ചുമടു ചുമലിൽനിന്നു നീക്കുവോളത്തിന്നു കാത്തിരിപ്പാൻ മനസ്സില്ലാഞ്ഞിട്ടു
ആയതിന്നു നീക്കം വരുത്തുവാൻ വഴി തെറ്റി നടന്നു, നീ ദോഷമായി ഉറങ്ങി
ചീട്ടും കളഞ്ഞു, സിംഹഭയത്താൽ മടങ്ങി കളവാൻ ഏകദേശം ഭാവിച്ചുവല്ലോ!
യാത്രയിൽ കണ്ടും കേട്ടുമുള്ള കാര്യങ്ങളെകൊണ്ടു സംസാരിക്കുന്തോറും എല്ലാ
വാക്കിനാലും പ്രവൃത്തിയാലും മാനം വരെണം എന്നു നിന്റെ ഉള്ളിൽ ഒരു
ദുരാശ ഉണ്ടു, എന്നിങ്ങിനെ ഓരോന്നു കണ്ടു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/263&oldid=199963" എന്ന താളിൽനിന്ന് ശേഖരിച്ചത്