താൾ:33A11415.pdf/255

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സഞ്ചാരിയുടെ പ്രയാണം 183

യാത്രയാകുന്നൊരു സഞ്ചാരി ഇതാ! രാത്രിയാകകൊണ്ടു ഇന്നു ഇവിടെ തന്നെ
പാർപ്പാനായി അപേക്ഷിക്കയാൽ, ഞാൻ നിന്നെ വിളിച്ചു കാര്യമെല്ലാം
അന്വേഷിച്ചറിഞ്ഞാൽ ഭവനമര്യാദകളെ വിചാരിച്ചു നിണക്ക ബോധിച്ച പ്രകാരം
ചെയ്യാം എന്നു പറഞ്ഞു.

അപ്പോൾ വിവേകിനി സഞ്ചാരിയെ നോക്കി: നീ എവിടെനിന്നു വരുന്നു?
യാത്ര എവിടേക്ക്? ഈ വഴിക്കലെ വന്നതെങ്ങിനെ? പ്രയാണത്തിൽ എന്തെല്ലാം
കണ്ടു? എന്നോരൊന്നു ചോദിച്ചാറെ, അതിന്നു തക്ക ഉത്തരം അവൻ പറഞ്ഞത്
കേട്ടു, പേരും അന്വേഷിച്ചശേഷം, അവൻ ക്രിസ്തിയൻ തന്നെ എന്റെ പേർ.
സഞ്ചാരികൾക്ക ആശ്വാസത്തിന്നായി ചിയോനിലെ കർത്താവ് ഈ ഭവനം
എടുപ്പിച്ചു എന്നറികകൊണ്ടു, എനിക്കും രാത്രിയിൽ ഇവിടം പാർപ്പാൻ ഏറ്റവും
ആവശ്യം തന്നെ എന്നു പറഞ്ഞാറെ, അവൾ പ്രസാദിച്ചു കണ്ണുനീർ വാർത്തു,
ഞാൻ മറ്റും ചില ആളുകളെ വിളിക്കട്ടെ എന്നു ചൊല്ലി, വാതിൽക്കൽ ചെന്നു
ഭക്തി, സുബുദ്ധി, പ്രീതി എന്നീ മൂന്നുപേരെ വിളിച്ചു. അവരും പുറത്തുവന്നു
ക്രിസ്തിയനെ കണ്ടു ഓരൊന്നു ചോദിച്ചു, അവനെ അകത്തുകടത്തി. അപ്പോൾ
ഗൃഹവാസികൾ പലരും വന്നു അല്ലയോ ദൈവാനുഗ്രഹമുള്ളവനേ! അകത്തു
വരിക, വരിക! ഈ വക സഞ്ചാരികൾക്കവേണ്ടി ചിയോനിലെ കർത്താവ് ഈ
ഭവനത്തെ ഉണ്ടാക്കിച്ചിരിക്കുന്നു എന്നു കേട്ടാറെ, അവൻ കുമ്പിട്ടു അകത്തു
പ്രവേശിച്ചു കുത്തിരുന്നു. അപ്പോൾ അവർ അവന്നു ദാഹത്തിന്നു കുടിപ്പാൻ
കൊടുത്തു ഭക്ഷണമാകുവോളം സംസാരിപ്പാൻ നിശ്ചയിച്ചു. ഉടനെ ഭക്തി,
സുബുദ്ധി, പ്രീതി എന്നീ മൂവർ സംഭാഷണം തുടങ്ങി.

ഭക്തി: ഹേ ക്രിസ്തിയ! ഈ രാത്രിയിൽ ഇവിടെ സുഖേന പാർപ്പാൻവേണ്ടി
ഞങ്ങൾ ദയ വിചാരിച്ചു നിന്നെ അകത്തു ചേർത്തുവല്ലോ, ഇപ്പോൾ ഞങ്ങളും
ഉപകാരത്തിന്നായി നിന്റെ സഞ്ചാരവിശേഷങ്ങളെ ഒട്ടേടം കേട്ടാൽ കൊള്ളാം
എന്നു പറഞ്ഞു.

ക്രിസ്തി: പറയാമല്ലൊ, നിങ്ങൾക്ക കേൾപ്പാൻ മനസ്സെങ്കിൽ എനിക്ക
സന്തോഷം തന്നെ.

ഭക്തി: നീ സഞ്ചാരിയായി വരുവാൻ സംഗതി എന്തുണ്ടായിരുന്നു?

ക്രിസ്തി: പാർക്കുന്ന സ്ഥലത്തു താമസിച്ചാൽ വലിയ നാശം വരും
നിശ്ചയം എന്നു ചെവിയിൽ ഒരു ഭയശബ്ദം കേട്ടതിനാൽ ഞാൻ പേടിച്ചു
ജന്മഭൂമിയെ വിട്ടു ഓടിപ്പോന്നു.

ഭക്തി: അപ്പോൾ, ഈ വഴിയായിതന്നെ വരുവാൻ എന്തു കാരണം?

ക്രിസ്തി: അതു ദേവകല്പനയാൽ ഉണ്ടായി; ഞാൻ നാശഭയത്തിൽ
വലഞ്ഞു എവിടേക്ക് പോകേണ്ടു എന്നറിയാതെ ഭ്രമിച്ചും വിറച്ചും കരഞ്ഞപ്പോൾ,
സുവിശേഷി വന്നു എന്റെ കണ്ണിന്നു മറഞ്ഞിരുന്ന ഇടുക്കു വാതിലിനെ
കാണിച്ചു എന്നെ ഈ ഭവനവഴിക്കലെ അയച്ചു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/255&oldid=199954" എന്ന താളിൽനിന്ന് ശേഖരിച്ചത്