താൾ:33A11415.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

178 സഞ്ചാരിയുടെ പ്രയാണം

അലറുന്ന സിംഹംപോലെ എങ്ങും സഞ്ചരിക്കുന്നവൻ വന്നു, നിങ്ങളെ കണ്ടാൽ
വിഴുങ്ങിക്കളയും! എന്നു തിണ്ണം വിളിച്ചാറെ, അവർ ഉണർന്നു അവനെ നോക്കി.
ഞാൻ ഭയസംഗതി ഒന്നും കാണുന്നില്ല എന്നു ബുദ്ധിഹീനൻ ചൊന്നശേഷം,
മടിയൻ: ഇനിയും അസാരം ഉറങ്ങട്ടെ! എന്നും, ഗർവ്വി: താന്താന്റെ ഇടത്തു
താന്താൻ എന്നും പറഞ്ഞാറെ, മൂവ്വരും തലചായിച്ചു ഉറങ്ങിക്കളഞ്ഞു.അപ്പോൾ
ക്രിസ്തിയൻ യാത്രയായി ഈ മഹാ അനർത്ഥക്കാരെ ഞാൻ ഉണർത്തി,
ബുദ്ധിയുംചൊല്ലി ചങ്ങല പോട്ടിപ്പാൻ സഹായിക്കാം എന്നു മുതിർന്നു
പറഞ്ഞിട്ടും എന്റെ ദയയെ അവർ നിരസിച്ചുവല്ലോ എന്നു വിചാരിച്ചു ദുഃഖിച്ചു
നടന്നു. പിന്നെ വഴിയുടെ ഇടത്തോട്ടു നോക്കിയപ്പോൾ ആചാരവാനും
കപടഭക്തനും മതിൽ കയറി ചാടി അകത്തു കടന്നു വരുന്നതുകണ്ടു, അവരോടു
അല്ലയോ സഖിമാരേ! നിങ്ങൾ എവിടെനിന്നു വരുന്നു? എവിടെക്ക് യാത്ര?

ആചാരവാൻ: മായാമഹിമരാജ്യത്തിൽ നാം ജനിച്ചു സ്തുതിപ്പാനായിട്ടു
ചിയോൻ മലയിലേക്ക് യാത്രയാകുന്നു

ക്രിസ്തി: നിങ്ങൾ നേർവ്വഴിയായി വാതിൽക്കൽ കൂടി അകത്തു
വരാഞ്ഞതെന്തു? വാതിലൂടെ കടക്കാതെ വേറു വഴിയായി കരേറുന്നവൻ
കള്ളനും കവർച്ചക്കാരനും ആകുന്നു, (യൊ. 10, 1) എന്നു നിങ്ങൾ
അറിയുന്നില്ലയൊ?

എന്നത് കേട്ടു അവർ ആ വാതിലൂടെ ചെല്ലുവാൻ വളരെ ദൂരം എന്നു
നമ്മുടെ നാട്ടുകാർ എല്ലാവരും വിചാരിച്ചു മതിൽ വഴിയായി അകത്തു
വരുമാറാകകൊണ്ടു ഞങ്ങളും അപ്രകാരം വന്നു എന്നു പറഞ്ഞു.

ക്രിസ്തി: എന്നാൽ നാം കുടിയിരിപ്പാൻ പോകുന്ന പട്ടണത്തിലെ
കർത്താവിന്റെ കൽപ്പന വിരോധിക്കുന്നതു കുറ്റമല്ലൊ, എന്നത് കേട്ടു അവർ
അതൊന്നും നീ വിചാരിക്കേണ്ടാ ആയിരം വർഷം മുമ്പെ നടപ്പായ ആചാരം
നമുക്കുണ്ടു. സാക്ഷിക്കാരെയും ആവശ്യംപോലെ നിർത്താം എന്നു പറഞ്ഞു.

ക്രിസ്തി: എങ്കിലും നിങ്ങളുടെ നടപ്പു ന്യായത്തിന്നു മതിയൊ?

അപ്പോൾ, അവർ ഈ ആചാരം ആയിരം സംവത്സരം മുമ്പെ
നടപ്പായ്വന്നതാകകൊണ്ടു നേരുള്ള ന്യായാധിപതി അതിനെ പ്രമാണിക്കും
സംശയമില്ല. അതുകൂടാതെ ഞങ്ങൾ എങ്ങിനെ എങ്കിലും വഴിക്കൽ ഉണ്ടല്ലൊ
ഇടുക്കു വാതിൽക്കൽ കൂടി പ്രവേശിച്ച നീയും മതിൽ കയറി വന്ന ഞങ്ങളും
ഒരുപോലെ വഴിയിൽതന്നെ, പിന്നെ വ്യത്യാസം എന്തു? എന്നു ചോദിച്ചു.

ക്രിസ്തി: ഞാൻ രാജകൽപ്പനപോലെ നടക്കുന്നു; നിങ്ങൾ തന്നിഷ്ടക്കാരും
രാജാവിന്റെ വിധിയാൽ കള്ളന്മാരുമാകകൊണ്ടു, യാത്രാസമാപ്തിയിൽ
നേരുള്ളവരായി വരുമൊ? അല്ല അവന്റെ കൽപ്പനപോലെ അകത്തു
വരായ്കകൊണ്ടു കൃപ കൂടാതെ പുറത്തു പോകേണ്ടി വരും.

അപ്പോൾ, അവർ നിന്റെ അവസ്ഥയെ നീ നല്ലവണ്ണം നോക്കിക്കൊൾക!

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/250&oldid=199948" എന്ന താളിൽനിന്ന് ശേഖരിച്ചത്