താൾ:33A11415.pdf/217

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

സന്മരണവിദ്യ 145

എന്റെ കാലത്തെ പ്രപഞ്ചപ്രവൃത്തികളിലും സുഖദുഃഖങ്ങളിലും
ചെലവഴിക്കുന്നതല്ലാതെ,നിന്നെ ധ്യാനിച്ചു സ്തുതിച്ചു. നിവൃത്തികൊണ്ടാടുവാൻ,
ഇടതോന്നീട്ടില്ല. അപ്രകാരം നിന്നെയും,നീ വെച്ച മാതാപിതാക്കന്മാർ, അരചർ,
അധികാരികൾ മുതലായ മുമ്പെട്ടവരെയും, ഞാൻ നല്ലവണ്ണം ബഹുമാനിച്ചില്ല.
ഇങ്ങിനെ നിന്നോടു വളരെ പിഴച്ചിട്ടു,ചുറ്റുമുള്ള മനുഷ്യരോടു ഞാൻ എന്തൊരു
ഗുണം കാട്ടിയിരിക്കുന്നു? ചിലരോടു കോപിച്ചതല്ലാതെ, അവർക്കു
പലവിധത്തിൽ ദുഃഖവും, നാശവും, മരണവുംകൂട വിചാരിച്ചിരിക്കുന്നു.
സ്നേഹമില്ലാത്തവനാകകൊണ്ടു ഞാനും കുല ചെയ്തവനെപോലെ ആകുന്നു.
മനസ്സു, വാക്കു, ക്രിയ ഈ മൂന്നിനാലും എത്ര അശുദ്ധികളെയും
വ്യഭിചാരങ്ങളെയും ചെയ്തു നടന്നിരിക്കുന്നു. നീ കല്പിച്ച പ്രകാരം വേല
ചെയ്വാൻ ഞാൻ എത്രവട്ടം മടിയുള്ളവനാകകൊണ്ടു, മറ്റവരെ ചതിച്ചും
ഓരോന്നു മോഷ്ടിച്ചും കൊണ്ടിരുന്നു. ഭയവും ഹേതുവായിട്ടു ഞാൻ
കള്ളസാക്ഷിയായി ഇല്ലാത്തതു പറഞ്ഞും, അസത്യം അഭ്യസിച്ചുമിരിക്കുന്നു.
ഇങ്ങിനെ ചെയ്തുപോയതിനെ ഞാൻ എങ്ങിനെ മാറ്റേണ്ടു? ക്രിയകളെ
മാറ്റിയാലും, ഉള്ളിൽനിന്നു നിത്യം പൊങ്ങി വരുന്ന മോഹത്തെ എങ്ങിനെ
മാറ്റും? അയ്യോ, കർത്താവേ! ഈ കെട്ടിൽ ഞാൻ കുടുങ്ങിയിരിക്കുന്നു.
പിശാചിന്നും പാപത്തിന്നും ദാസനായിതീർന്നു; ഞാൻ ഗുണങ്ങളെ ഓരോതരം
വിചാരിച്ചാലും, അവ നടത്തുവാൻ പ്രാപ്തിയില്ലാതെ കാണുന്നു. കാൽ തുടങ്ങി
തലയോളം പാപവ്യാധി പിടിച്ചിരിക്കുന്നു. എന്റെ അകത്തു ഗുണം ഒന്നും
വസിക്കുന്നില്ല നിർണ്ണയം. എങ്കിലും എൻദോഷം എല്ലാം ഞാൻ അറിയുന്നവനല്ല
പലദുഷ്ക്രിയകളും മറന്നുപോയി, പലതും എനിക്കുമറവായിരിക്കുന്നു. അന്ധത
ഉണ്ടാകകൊണ്ടു, ദോഷങ്ങൾ ചിലതു ഞാൻ ഗുണങ്ങൾ എന്നു
നിനെച്ചിട്ടുണ്ടായിരിക്കും. പിന്നെ മരിച്ചിട്ടു തിരുമുമ്പിൽ എത്തുമ്പോഴെക്കു
കുറവു കൂടാതെ എന്റെ ആകായ്മ ഒക്കയും പരസ്യമായി കാണുംനേരം, അയ്യോ
ഞാൻ എന്തു ചെയ്യേണ്ടു! എവിടെ പോകേണ്ടു നീ ന്യായപ്രകാരം വിസ്തരിച്ചു
വിധിക്കുന്നെങ്കിൽ, എനിക്കു നിത്യമരണമേ ഉള്ളു. ഹാ, എൻ ആത്മാവേ,
ഉണങ്ങിയ മരമേ, നീ അഗ്നിക്കത്രെ പാത്രം! കെട്ടുപോയ പുത്രനേ, നീ
പരിശുദ്ധപിതാവിന്നു യോഗ്യനല്ല; നായി, പന്നി, പുഴു മുതലായതിന്റെ
സംസർഗ്ഗത്തിന്നത്രേ കൊള്ളു! ദുഷ്ടദാസനേ, നീ ഏതു പണിക്കും
ആകാത്തവൻ, വിശ്വാസമില്ലാത്ത വിചാരിപ്പുകാരനേ, യജമാനൻ നിന്റെ
കൈക്കൽ ഏല്പിച്ചതെല്ലാംനീഎങ്ങിനെഇല്ലാതാക്കിയിരിക്കുന്നു? നിസ്സാരമായ
ഹൃദയമേ, ഞാൻ നിന്നെ ദുഷിച്ചു പറകയും ദ്വേഷിക്കയും ചെയ്യേണ്ടു!
പരിശുദ്ധദൈവമേ, ഞാൻ മനുഷ്യനെന്ന നാമത്തിന്നു പാത്രമല്ല. നീ സൃഷ്ടിച്ച
ഭൂമി എന്നെ ഇത്രനേരം പൊറുക്കുന്നതു ആശ്ചര്യംതന്നെ. എങ്കിലും, എൻ
ദൈവമേ, ഞാൻ ഒന്നു പറയാം: ഈ ദോഷത്തിന്നെല്ലാം ഞാൻ കാരണമല്ലല്ലൊ:

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/217&oldid=199915" എന്ന താളിൽനിന്ന് ശേഖരിച്ചത്