താൾ:33A11415.pdf/216

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

144 സന്മരണവിദ്യ

ഏതുപ്രകാരം മരിക്കും എന്നാർക്കറിയാം? ഒരു പക്ഷി അമ്പുകൊണ്ടു
ചാകുമ്പോൾ, ശേഷം പക്ഷികൾ ബദ്ധപ്പെട്ടു പറന്നുപോകുമല്ലൊ; മനുഷ്യർ
ദിവസേന പല പ്രകാരങ്ങളിൽ മരിക്കുന്നതു, ഞാൻ കാൺകയാൽ, എൻ
ആത്മാവേ, ബദ്ധപ്പെട്ടു, പാപത്തെ വിട്ടു, സത്യത്തിലേക്കും, പിശാചിന്റെ
അധികാരത്തിൽ കിടക്കുന്ന ഇഹലോകത്തിൽനിന്നു സർവ്വരക്ഷിതാവായ
യേശുക്രിസ്തന്റെ ശരണത്തിലേക്കും പറന്നു ഓടേണമേ! എൻ ദൈവമേ, ഞാൻ
മാനസാന്തരപ്പെട്ടിട്ടല്ലാതെ മരിക്കരുതേ! സന്മരണത്തെ തന്നെ നൽകേണമേ!
ആമെൻ.

2.മാനസാന്തരം

നമ്മുടെ മരണവും, ദുർഗ്ഗതിയും ദൈവത്തിന്നു ഇഷ്ടമല്ല. നാം
മാനസാന്തരപ്പെട്ടു. ജീവിക്കേണമെന്നത്രെ, അവന്റെ വാഞ്ഛിതം. നാളത്തെ
ദിവസം നമുക്കുള്ളതല്ല; ഇന്നത്തതേയുള്ളു; അതുകൊണ്ടു ദൈവമേ,
തിരുകടാക്ഷം ഹേതുവായിട്ടു, ഞാൻ ഇന്നുതന്നെ മാനസാന്തരപ്പെടേണമേ!

മാനസാന്തരത്തിൽ മൂന്നു പ്രധാനം.

1. തന്റെ ദോഷം അറിഞ്ഞു ദുഃഖിക്കയും,

2. പാപദുഃഖത്തെ തീർത്തു, യേശുക്രിസ്തനിൽ വിശ്വസിച്ചു
സന്തോഷിക്കയും,

3. അന്നു തൊട്ടു പുതിയ മനുഷ്യനായി ദൈവത്തെ അനുസരിച്ചും,
മനുഷ്യരെ സേവിച്ചുംകൊണ്ടു നടക്കയും ആം.

1. തന്റെ ദോഷത്തെ അറിഞ്ഞു ദുഃഖിക്കുന്നതു ചിലർക്കു അല്പം
രസമായി തോന്നുന്നു; എങ്കിലും, അതു കൂടാതെയുള്ള ദൈവവിശ്വാസം
വെറുതെ അത്രെ. എൻ കർത്താവേ, നീ എന്റെ ഹൃദയം അറിഞ്ഞിരിക്കുന്നു.
അതിൽ മരണഭീതി നിറഞ്ഞിരിക്കുന്നു; തിരുമുഖത്തോടു ചേർന്നു നില്പാൻ
എനിക്കു ധൈര്യമില്ല, നിന്റെ കൽപ്പനകളെ വിചാരിച്ചാൽ, ഞാൻ എന്തു
പറയേണ്ടു? നീ മാത്രം ദൈവമായിരിക്കുന്നു; ഞാനോ പണം, ധനം, വയറു
മനുഷ്യസഹായം, വലിയോരുടെ കടാക്ഷം തുടങ്ങിയുള്ളവ എനിക്കു
ദേവകളാക്കി വെച്ചിരിക്കുന്നു. നിണക്ക് പ്രതിമയും വിഗ്രഹവും ഉണ്ടാക്കരുതു;
ഞാനോ വിഗ്രഹാരാധന വളരെ ചെയ്തിരിക്കുന്നു. കള്ളജ്ഞാനം എന്നെ
വഞ്ചിക്കയാൽ ഞാൻ പലപ്പോഴും ദൈവം ഇന്നവൻ അല്ല, ഇന്നവനത്രെ എന്നു
വെറുതെ നിരൂപിച്ചു, എൻ അന്തർഗ്ഗതങ്ങളെ സത്യം എന്നു വെച്ചു, ആരാധിച്ചു
വരുന്നു. നീ വളരെ സ്നേഹം കാണിച്ചിട്ടും, നിന്നെ സ്നേഹിപ്പാൻ മനസ്സു
വരുന്നില്ല. നിന്റെ പുത്രനായ യേശുവെ അയച്ചു, സകല ദിവ്യഗുണങ്ങളെ
അവനിൽ പ്രകാശിപ്പിച്ചിട്ടും, ഈ നിന്റെ ജീവനുള്ള ബിംബത്തിൽ എനിക്കു
രസമില്ല. നിന്റെ നാമത്തെ ഞാൻ എത്ര വട്ടം ശങ്ക കൂടാതെ ഉച്ചരിച്ചിരിക്കുന്നു.

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/216&oldid=199914" എന്ന താളിൽനിന്ന് ശേഖരിച്ചത്