താൾ:33A11415.pdf/171

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

നളചരിതസാരശോധന 99

നാണിച്ചും, ദൈവത്തോടും ഭാര്യയോടും പ്രജകളോടും ക്ഷമ
ചോദിക്കേണ്ടതായിരുന്നു. എങ്കിലും നിങ്ങളുടെ കാവ്യങ്ങളിൽ ഒക്കയും,
മഹത്തുക്കൾക്കു കുറ്റം കാണുന്നില്ല. സകലവും ദൈവയോഗത്താൽ
അത്രെ സംഭവിക്കുന്നു, എന്നു വെറുതെ കഥിക്കുന്നു.

നായർ. പുഷ്കരന്റെ പാപമൊ? അവൻ കലിയുടെ പാവയായതു അല്ലാതെ,
എന്തു?

ഗുരു. അവന്നു കുറയകാലത്തേക്കു ജയം വന്നതു, കലിയുടെ സഹായത്താൽ
തന്നെ.

തോറ്റുതുടങ്ങിവിരവോടു പുഷ്കരൻ
കാറ്റു ശമിച്ചാൽ പറക്കുമൊ പഞ്ഞികൾ (4 പാദം.)

എങ്കിലും അവന്റെ ദോഷം, കേവലം കലികാരണമായിട്ടു, ഉണ്ടായതല്ല. മനുഷ്യർ
എത്ര നിസ്സാരരായാലും, പഞ്ഞികൾ പോലെ അല്ല. അവനിൽ അല്ലൊ
കലി പ്രവേശിയാഞ്ഞു; പിശാചു ഇപ്പോഴും എല്ലാ മനുഷ്യരോടും
ചെയ്യുന്ന പ്രകാരം, ദുർബ്ബോധം പലതും പറഞ്ഞു തോന്നിച്ചതെ ഉള്ളു.
സമ്മതിച്ചതൊ, പുഷ്ക്കരന്റെ ക്രിയം. അവൻ ചതിയിൽ കുടുങ്ങി, എന്നു
പറഞ്ഞു കൂടാ. കലി വന്നു, ഞാൻ കലി തന്നെ എന്നും, നിങ്ങൾക്കു
ബന്ധുവാകുന്നു എന്നും നളരാജാവു മഹാ ശഠൻ എന്നും,
ചൂതിന്നു വിളിക്കേണം നീ ചെന്നു മടിയാതെ
കൈതവം പലതുണ്ടാം അന്നേരം നരോത്തമ
തോല്ക്കയില്ലെടൊ ഭവാൻ എന്നുടെ സഹായത്താൽ
ഓർക്ക നീ കലിയുടെ കൌശലം മനോഹരം (3 പാദം.)

എന്നും, എത്രയും സ്പഷ്ടമായി പറഞ്ഞുവല്ലൊ. അതു വഞ്ചന എന്നല്ല പരീക്ഷ
അത്രെ. കൈതവം, ലോഭം, മുതലായ പാപകർമ്മം എനിക്കു വേണ്ടാ,
എന്നു പുഷ്കരൻ വെച്ചാൽ, കലിക്ക എന്തു കഴിവു?

നായർ. ശൈത്താൻ മനുഷ്യരെ ഇപ്രകാരം ചതിക്കുന്നുവൊ? സംഭാഷണം തന്നെ
തുടങ്ങുമൊ?

ഗുരു. അതെ ദുർജ്ജനങ്ങളുടെ വായി കൊണ്ടെങ്കിലും, നമ്മുടെ ഹൃദയത്തിൽ
താൻ ഓരൊ മോഹങ്ങളെ തോന്നിച്ചു കൊണ്ടെങ്കിലും, അവൻ ഇങ്ങെന്ന
ദുർഭാവങ്ങളെ മനസ്സിൽ വരുത്തുന്നതു. അവൻ വിശേഷാൽ നമ്മുടെ
ഗർവ്വത്തിന്നു ഇര കാട്ടി പരീക്ഷിക്കുന്നു. താനും അതി ഗർവിഷ്ടൻ
ആകുന്നുവല്ലൊ. ഇങ്ങിനെ (4 പാദം.)
ഭൃത്യനായിരിക്കുന്ന നിന്നുടെ അവസ്ഥകൾ
എത്രയും കഷ്ടം കഷ്ടം പുഷ്കര എന്തിങ്ങിനെ
ദാസഭാവത്തെക്കാട്ടിൽ നല്ലതു മൃതി തന്നെ
ഹാസഭാജനമായാൽ എന്തെടൊ സുഖം പിന്നെ

"https://ml.wikisource.org/w/index.php?title=താൾ:33A11415.pdf/171&oldid=199867" എന്ന താളിൽനിന്ന് ശേഖരിച്ചത്